കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ജോര്‍ജ് കോര. 2015ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലും 2017ല്‍ റിലീസായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
ഇതിനുപുറമെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, തോല്‍വി എഫ്.സി, തിരികെ, ജാനകി ജാനേ തുടങ്ങിയ സിനിമകളിലും ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍കൂടിയായിരുന്നു ജോര്‍ജ് കോര. ഒപ്പം തിരികെ, തോല്‍വി എഫ്.സി എന്നീ സിനിമകള്‍ സംവിധാനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു.
ഇപ്പോള്‍ ജാനകി ജാനേ എന്ന സിനിമയില്‍ നവ്യ നായരോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ജോര്‍ജ് കോര. ചിത്രത്തിൽ ഒരു സീനിൽ കല്യാണവീട്ടിൽ വെച്ച് കറന്റ് പോകുമ്പോൾ ഭർത്താവാണെന്ന് കരുതി നവ്യ ജോര്‍ജ് കോര അവതരിപ്പിച്ച കഥാപാത്രത്തെ കെട്ടിപിടിക്കുന്ന സീനുണ്ട്.
എന്നാൽ ആ സീൻ ചെയ്യുമ്പോൾ രണ്ടുപേർക്കും നല്ല ചമ്മൽ ഉണ്ടായിരുന്നു എന്നാണ് ജോർജ് കോര പറയുന്നത്. നവ്യ നായരെ പരിചയപ്പെട്ട അനുഭവവും അദ്ദേഹം പറയുന്നു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ് കോര.
‘ആ പടത്തിൽ ഒരു സീനുണ്ട്. ഒരു കല്യാണ വീട്ടിൽ കറന്റ് പോവുമ്പോൾ നവ്യ ചേച്ചി പെട്ടെന്ന് കെട്ടിപിടിക്കുന്നതാണ് സീൻ. സിനിമയിൽ ഭർത്താവാണെന്ന് തെറ്റിദ്ധരിച്ചാണ് എന്നെ കെട്ടിപിടിക്കുന്നത്.
ആ സിനിമയിൽ ഞാനും നവ്യ ചേച്ചിയും ഒരുമിച്ചുള്ള ആകെയുള്ള ഒരു സീൻ ഇതാണ്. എന്റെ കരിയറിൽ ആദ്യമായിട്ടാണ് നവ്യ നായരെ ഞാൻ കാണുന്നത് തന്നെ. എനിക്കാണെങ്കിൽ നല്ല ചമ്മൽ ഉണ്ടായിരുന്നു.
ഞാൻ നോക്കുമ്പോൾ ചേച്ചി ദൂരെ നിന്ന് വരുന്നുണ്ട്. നവ്യ ചേച്ചി കാരവാനിൽ നിന്നിറങ്ങി ഒരു ഭാഗത്ത് ഇരിക്കുകയായിരുന്നു. പെട്ടന്ന് ഒരാൾ വന്ന് എന്നോട് നവ്യ ചേച്ചി വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.
അപ്പോഴാണ് എനിക്ക് മനസിലാവുന്നത് എന്നേക്കാൾ കൂടുതൽ ചമ്മൽ നവ്യ ചേച്ചിക്ക് ആണെന്ന്. ചേച്ചി ഒന്ന് കംഫേര്‍ട്ടബിളാകാന്‍ വേണ്ടി നമ്മളെ വിളിക്കുകയാണ്. എനിക്ക് നവ്യ ചേച്ചിയുടെ ഏറ്റവും വലിയ ക്വാളിറ്റിയായി തോന്നിയ കാര്യം അതാണ്.
ഞങ്ങൾ പുതിയ താരങ്ങൾ ആണെന്ന ഒരു വേർതിരിവും ഇല്ലാതെ കൂടെ അഭിനയിക്കുന്ന ആളെ കംഫേര്‍ട്ടബിൾ ആക്കിയ ശേഷം ഒന്നിച്ച് അഭിനയിക്കാമെന്ന ആറ്റിട്യൂഡാണ് നവ്യ ചേച്ചിക്ക്. അത് കണ്ട് പഠിക്കണം. പിന്നെ ആ കെട്ടിപിടിത്തം സീൻ ഒരു 25 ടേക്ക് പോയത് കൊണ്ട് ഞങ്ങൾ രണ്ട് പേരും വളരെ കംഫേര്‍ട്ടബിൾ ആയിരുന്നു(ചിരി),’ ജോർജ് കോര പറയുന്നു.
Content Highlight: Actor George Kora Talk About Navya Nair And Janaki Jaane Movie