| Friday, 3rd February 2023, 8:41 am

ആ സൂപ്പര്‍ ഹിറ്റ് സിനിമ സംവിധാനം ചെയ്തത് ഫാസില്‍ മാത്രമായിരുന്നില്ല, വേറെയും സംവിധായകരുണ്ട്: ഗണേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നാണ് മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. സിനിമ റിലീസ് ചെയ്തിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. നടന്‍ ഗണേഷ് സിനിമയിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഫാസില്‍ മാത്രമല്ല പ്രിയദര്‍ശന്‍ ഉള്‍പ്പടെ അഞ്ച് സംവിധായകരാണ് മണിച്ചിത്രത്താഴ് സംവിധാനം ചെയ്തതെന്ന് പറയുകയാണ് ഗണേഷ്.

പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദീഖ്-ലാല്‍, ഫാസില്‍ തുടങ്ങി അഞ്ചുപേരാണ് മണിച്ചിത്രത്താഴ് സംവിധാനം ചെയ്തതെന്നും അതൊരു അത്ഭുതമാണെന്നും അതിന് മുമ്പോ ശേഷമോ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളാ നിയമസഭ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബുക് ഫെസ്റ്റിവെലില്‍ സംസാരിക്കുകയായിരുന്നു ഗണേഷ്.

‘ഞാന്‍ അത്ഭുതമായ തിരക്കഥ കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിലാണ്. ഒന്ന് ഫാസിലിന്റെ മണിച്ചിത്രത്താഴിലാണ്. ഇപ്പോള്‍ ആ സിനിമ ചെയ്തിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞു. അഞ്ച് സംവിധായകരാണ് ആ സിനിമ സംവിധാനം ചെയ്തത്. പാച്ചിക്ക സംവിധാനം ചെയ്തിട്ടുണ്ട്, ഒരു സ്ഥലത്ത് പ്രിയദര്‍ശന്‍, ഒരിടത്ത് സിബി മലയില്‍, ഒരിടത്ത് സിദ്ദീഖ്-ലാല്‍. ഈ അഞ്ചു പേരുടെയും കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

‘ദാസപ്പാ നീ എന്നെ ഒന്നു നോക്കിയേ’ എന്നുപറയുന്ന സീന്‍ സിബി മലയിലാണ് ഷൂട്ട് ചെയ്തത്. നാഗവല്ലിയെ കണ്ട് ഞാന്‍ അലറി വിളിച്ച് കരയുന്ന സീന്‍ സിദ്ദീഖ്-ലാലാണ് ചെയ്തത്. സിനിമയിലെ കുറേ ഭാഗങ്ങള്‍ പ്രിയദര്‍ശന്‍ എടുത്തിട്ടുണ്ട്. അങ്ങനെ അഞ്ചു പേരോടൊപ്പവും ഞാന്‍ അതില്‍ വര്‍ക്ക് ചെയ്തു.

ഒരു സ്‌ക്രിപ്റ്റിനെ ഒരു പരിസരത്തുള്ള ലൊക്കേഷനുകളില്‍ വെച്ച് വിവിധ സംവിധായകര്‍ ഒരുക്കി, ആ സിനിമ സൂപ്പര്‍ ഹിറ്റ് ആവുക എന്ന് പറയുന്നത് ഒരു അത്ഭുതമാണ്. അതിന് മുമ്പും ശേഷവും അങ്ങനെ ഒരു അത്ഭുതം ഉണ്ടായിട്ടില്ല.

മൂന്ന് ക്യാമറാമാന്മാരുണ്ടായിരുന്നു ആ സിനിമക്ക്. ആദ്യം പാച്ചിക്ക സംവിധായകനും ക്യാമറാമാനും എങ്ങനെ വേണമെന്ന് പറഞ്ഞുകൊടുക്കും. അതു കേട്ട് മനസിലാക്കിയിട്ട് അവര്‍ ചെയ്യും. അഞ്ച് പേരാണ് ആ സിനിമ ചെയ്തതെന്ന് നമുക്കൊരിക്കലും തിരിച്ചറിയാന്‍ കഴിയില്ല,’ ഗണേഷ് കുമാര്‍ പറഞ്ഞു.

content highlight: actor ganesh kumar talks about manichithrathazhu movie

Latest Stories

We use cookies to give you the best possible experience. Learn more