കൊച്ചി: സിനിമയില്‍ കാര്യമായ രീതിയില്‍ സ്വാധീനം ചെലുത്താന്‍ പറ്റാത്തതിന് കാരണം വ്യക്തമാക്കുകയാണ് കെ.ബി. ഗണേഷ് കുമാര്‍. കുറച്ച് വര്‍ഷം മുമ്പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗണേഷിന്റെ തുറന്നുപറച്ചില്‍.
തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സിനിമയില്‍ കാര്യമായ സ്ഥാനം നേടിയപ്പോള്‍ അവരോട് തനിക്ക് അസൂയ തോന്നിയിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് മാറിയെന്നും ഗണേഷ് പറഞ്ഞു.
‘എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ അതുപോലെ ആകാന്‍ കഴിഞ്ഞില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്.
മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇവരെപ്പോലെയൊക്കെ സിനിമകള്‍ ചെയ്ത് ബി.എം.ഡബ്ല്യൂ വണ്ടിയെടുക്കുക എന്നൊക്കെയായിരുന്നു എന്റെ ചിന്ത.
ഭൗതികമായിരുന്നു എന്റെ വിശ്വാസങ്ങള്‍. പിന്നീട് ഒരു പ്രത്യേക ഘട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. അപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് വിധിക്കപ്പെട്ടത് ഇതാണ്.
ചില്ലറ സീരിയല്‍ ഒക്കെ അഭിനയിച്ച്, സഹവേഷങ്ങളൊക്കെ ചെയ്ത്, ഒരു സ്വഭാവ നടനായി നില്‍ക്കാം. അതുകൊണ്ട് തൃപ്തിപ്പെടാമെന്ന് വിചാരിച്ചു,’ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
തുടക്കത്തില്‍ തന്റെ സിനിമാപ്രവേശത്തെ കുടുംബത്തില്‍ അച്ഛനുള്‍പ്പെടെയുള്ള ആരും അംഗീകരിച്ചിരുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
1985ല്‍ പുറത്തിറങ്ങിയ കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാര്‍ ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. ഇതുവരെയായി ഏകദേശം 125ല്‍ പരം സിനിമകളിലും 35 ല്‍ പരം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.