| Friday, 29th November 2019, 10:19 pm

'മഹാ നടന്മാരേക്കാള്‍ വലിയ ആളുകളാണോ ഇവരൊക്കെ, അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്നും പുറത്ത് പോകും'; ഷെയ്ന്‍ നിഗത്തിനെതിരെ ഗണേഷ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേശ് കുമാര്‍. ഷെയ്ന്‍ തലമൊട്ടയടിച്ചത് തോന്നിവാസമാണെന്നും അമ്മ ഇതിനെ പിന്തുണക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഷൂട്ടിംഗ് സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയവര്‍ സിനിമയില്‍ നിന്നും പുറത്തു പോയിട്ടുണ്ടെന്നും അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്നും പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേശ് കുമാര്‍ പറഞ്ഞു

സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘സെറ്റില്‍ ലഹരി മരുന്നിന്റെ ഉപയോഗം വളരെ കൂടുതാണ്. അത് യാഥാര്‍ത്യമാണ്. പൊലീസും ഏക്സൈസും ഒരു ഷാഡോ പൊലീസ് സംവിധാനം ഉണ്ടാക്കിയാല്‍ മതി.’, ഗണേഷ് കുമാര്‍ പറഞ്ഞു.

‘അച്ചടക്കത്തോടെ പോകുന്നുണ്ടെങ്കില്‍ മാത്രമേ അമ്മക്ക് പിന്തുണക്കാന്‍ കഴിയുകയുള്ളൂ. നിര്‍മാതാവിന് നഷ്ടമുണ്ടാക്കുക, ഒരു സംവിധായകന്റെ കണ്ണീരുണ്ട് അപ്പുറത്ത്. ജീവിതത്തില്‍ ആദ്യമായി ഒരു പടം സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയ ഒരു ചെറുപ്പക്കാരന് വേദനയുണ്ട്. മൊട്ടയടിച്ചത് ശരിക്കും തോന്നിവാസമാണ്. ‘

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘നമ്മളൊക്കെ സിനിമയ്ക്ക് വേണ്ടി താടി വെക്കാറുണ്ട്. അത് ആ സിനിമ കഴിയുന്നത് വരെ വെക്കും. ഇവിടുത്തെ മഹാ നടന്മാര്‍ വരെ ചെയ്യുന്നില്ലേ. അവരെക്കാളും വലിയ ആളുകളാണോ ഇവരൊക്കെ. മദ്യമൊക്കെ പണ്ട് ആള്‍ക്കാര്‍ കഴിക്കാറുണ്ട്. അതൊക്കെ ഷൂട്ടിംഗ് സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കാനല്ല. ഉണ്ടാക്കിയിട്ടുള്ളവര്‍ സിനിമയില്‍ നിന്നും ഔട്ടായിപ്പോയിട്ടുമുണ്ട്. ഒരു കാര്യം മനസ്സിലാക്കണം. പകരക്കാര്‍ ഒരുപാട് പേരുണ്ട്. അഹങ്കരിച്ചാല്‍ ഔട്ടായിപ്പോവും.’, ഗണേഷ് കുമാര്‍ പറഞ്ഞു.

ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു. ലൊക്കേഷനിലെ അധിപന്‍ നിര്‍മാതാവാണെന്നും നിര്‍മാതാവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

അതേസമയം, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്നു സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നു. ആരോപണത്തെ കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു..

We use cookies to give you the best possible experience. Learn more