|

ആ 100 കോടിയും 150 കോടിയുമൊക്കെ ഒന്ന് വന്ന് നില്‍ക്കുമോ; ക്യാമറ സെറ്റ് ചെയ്തിട്ട് ജിംഷിക്ക വിളിക്കുക ഇങ്ങനെയാണ്: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്‌ലെന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

ജിംഷി ഖാലിദാണ് ആലപ്പുഴ ജിംഖാനയുടെ സിനിമാറ്റോഗ്രാഫര്‍. ജിംഷി ഖാലിദിനെ കുറിച്ചും അദ്ദേഹത്തിന്റെ ചില കളിയാക്കലുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ്് നടന്‍ ഗണപതി.

ജിംഷിക്ക ക്യാമറയൊക്കെ സെറ്റ് ചെയ്ത ശേഷം ആ 100 കോടിയും 150 കോടിയുമൊക്കെ ഒന്നിങ്ങ് വന്ന് നില്‍ക്ക്വോ എന്നാണ് ചോദിക്കുകയെന്ന് ഗണപതി പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും പ്രേമലുവിന്റേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ പറഞ്ഞ് തന്നേയും നസ്‌ലനേയും കളിയാക്കുന്നതിനെ കുറിച്ചായിരുന്നു ഗണപതി സംസാരിച്ചത്.

‘ ജിംഷിക്ക ക്യാമറയൊക്കെ സെറ്റ് ചെയ്തിട്ട്, ഷോട്ട് റെഡി വാ വാ, ആ നൂറ് കോടിയും നൂറ്റമ്പത് കോടിയുമൊക്കെ ഇങ്ങോട്ട് വര്വോ എന്ന് ചോദിക്കും. ആ 100 കോടിയും 200 കോടിയുമൊക്കെ വന്ന് നിക്കടേ.. എന്നാണ് പുള്ളി പറയുക,’ ഗണപതി പറഞ്ഞു.

ഇതോടെ ജിംഷിക്ക നന്നായി കളിയാക്കുമെന്നും തന്നെ ഹീറോ എന്ന് വിളിച്ചാണ് ട്രോളുകയെന്നുമായിരുന്നു നസ്‌ലെന്റെ മറുപടി.

‘ എന്നെ നന്നായി കളിയാക്കും. പുള്ളി തെലുഗു സിനിമയൊക്കെ ചെയ്തിട്ടുണ്ടല്ലോ, അവിടെ നായകന്മാരെ ഹീറോ എന്നാണ് വിളിക്കുക, ഹീറോ വന്ന് നില്‍ക്കൂ എന്നാണ് പറയുക. അപ്പോള്‍ ജിംഷിക്ക ഈ കഥ പറഞ്ഞ ശേഷം എന്നെ മൈക്കില്‍ വിളിക്കുക ഹീറോ എന്നാണ്. ഹീറോ വന്ന് നിക്കൂ എന്ന് പറയും’ നസ്‌ലെന്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയുടെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഇന്നലെ പുറത്തിറങ്ങിയിട്ടുണ്ട്. വിഷു റിലീസായി ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബോക്‌സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെറാണ് ആലപ്പുഴ ജിംഖാന.

Content Highlight: Actor Ganapathy and Naslen about Cinematographer Jimshi Khalid