12ാമത്തെ വയസില്‍ മലയാളസിനിമയില്‍ അരങ്ങേറി ചുരുങ്ങിയ കാലം കൊണ്ട് ബാലതാരമായി ശ്രദ്ധനേടി, ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലൂടെ തിളങ്ങുന്ന നടനാണ് ഗണപതി.
‘വിനോദയാത്ര’യിലെ പാലും പഴവും പാട്ടുപാടുന്ന ഗണപതിയായും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റിലെ പോളിയായും ബാലതാരമെന്ന നിലയില്‍ പ്രേക്ഷകമനസില്‍ ഇടം നേടിയ ഗണപതി, പിന്നീട് ഹണീബി, ചങ്ക്‌സ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി എന്നീ സിനിമകളിലൂടെ ക്യാരക്ടര്‍ റോളുകളിലും തിളങ്ങി.
ഗണപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ബേസില്‍ ജോസഫ് നായകനാകുന്ന ജാന്‍ എ മന്‍. തന്റെ സഹോദരന്‍ ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗണപതിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സഹോദരനൊപ്പം ചിത്രത്തിന്റെ തിരക്കഥാരചനയിലും ഗണപതി പങ്കാളിയാണ്.
ബാലതാരമായി അരങ്ങേറിയതുകൊണ്ടുണ്ടായ ‘ബുദ്ധിമുട്ടി’നെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ താരം. താന്‍ വലുതായെന്നും ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നുണ്ടെന്നും പലര്‍ക്കും അംഗീകരിക്കാനാവാറില്ല എന്നാണ് നടന്‍ പറയുന്നത്.
ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍, മാസ്റ്റര്‍ ഗണപതി എന്ന പേരില്‍ നിന്ന് മാറണം, തിരിച്ചറിയപ്പെടുന്ന വേറെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിട്ടില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
ചെറുപ്പത്തില്‍ ചെയ്ത വേഷങ്ങള്‍, പ്രത്യേകിച്ചും വിനോദയാത്രയിലെ ‘പാലും പഴവും’ എന്ന പാട്ട് പാടിയ രംഗമൊക്കെ ആളുകള്‍ ഓര്‍ത്തുവെയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ‘മാസ്റ്റര്‍’ എന്ന സ്‌റ്റേജില്‍ നിന്നും താന്‍ മാറിയത് പലപ്പോഴും ആളുകള്‍ അംഗീകരിക്കുന്നില്ലെന്നുമാണ് താരം പറയുന്നത്.
”സന്തോഷമുള്ള കാര്യമാണത്. ഒരു ക്യാരക്ടര്‍ ലഭിച്ച്, അത് ആള്‍ക്കാരെ വളരെയധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്തു. അതിലപ്പുറമുള്ള ഒരു കഥാപാത്രം എനിക്ക് ഇതുവരെ കൊടുക്കാന്‍ സാധിച്ചിട്ടില്ല.
‘പാലും പഴവും’ ആണ് ഇപ്പോഴും ആളുകളുടെ മനസില്‍. അടുത്തത് എന്ത് എന്നൊരു ചോദ്യമുണ്ട്. അതിനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത്.
എല്ലാവര്‍ക്കും മാസ്റ്റര്‍ ഗണപതിയാണ്. പ്രായമായി എന്ന് പറയുമ്പോള്‍, ഞാന്‍ വളര്‍ന്നു എന്ന് പറയുമ്പോള്‍ അംഗീകരിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. ചൈല്‍ഡ് ആക്ടര്‍ എന്ന സ്‌റ്റേജില്‍ നിന്ന് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റിലേയ്ക്കുള്ള മാറ്റത്തിന് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.
ഇപ്പോള്‍ പിന്നെ വലിയ കുഴപ്പമില്ല. ചൈല്‍ഡ് ആക്ടര്‍ എന്ന ടാഗ് ബ്രേക്ക് ചെയ്യാന്‍ വേണ്ടി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിന് വേണ്ടിയുള്ള ഒരു ശ്രമം കൂടിയാണ് ജാന്‍ എ മന്‍,” ഗണപതി പറഞ്ഞു.
ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ജാന്‍ എ മനില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ജാന്‍ എ മന്‍ നിര്‍മിച്ചിരിക്കുന്നത്.