| Thursday, 25th November 2021, 1:39 pm

ബേസിലിനെ ചുറ്റിപ്പറ്റി മാത്രമുള്ള സിനിമയല്ല ഇത്; റോക്ക്‌സ്റ്റാര്‍ ഗായകനല്ലാത്ത റോള്‍ സിദ്ധുവിന് ചെയ്യാനാകുമോ എന്ന് പേടിച്ചിരുന്നു:ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജാന്‍ എ മന്‍.

നടന്‍ ഗണപതിയും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഹോദരന്‍ കൂടിയായ സംവിധായകന്‍ ചിദംബരത്തിനൊപ്പം ചിത്രത്തിന്റെ രചനയിലും പങ്കാളിയാണ് താരം. ചിത്രത്തിന്റെ വിശേഷങ്ങള്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ ഗണപതി.

ഒരുപാട് പേര്‍ പ്രധാനപ്പെട്ട റോളുകളിലെത്തുന്ന ചിത്രമാണ് ഇതെന്നും എല്ലാവര്‍ക്കും സ്‌പേസ് ഉണ്ടെന്നും കേവലം ബേസില്‍ ജോസഫിന്റെ കഥാപാത്രത്തെ മാറ്റം ചുറ്റിപ്പറ്റി നടക്കുന്ന സിനിമയല്ല ഇതെന്നും ഗണപതി അഭിമുഖത്തില്‍ പറയുന്നു.

”ബേസിലിനെ ചുറ്റിപ്പറ്റി മാത്രമുള്ള സിനിമയല്ല ഇത്. ബേസിലേട്ടന് പുറമെ അര്‍ജുന്‍ ഉണ്ട്, ബാലു ഉണ്ട്, ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ ഒരു റോളാണ് ബാലു ഇതില്‍ ചെയ്തിരിക്കുന്നത്.

പിന്നെ സിദ്ധു. പുള്ളി പറഞ്ഞിട്ടുണ്ട്, എപ്പോഴും ഒരു പാട്ട് അല്ലെങ്കില്‍ റോക്ക്‌സ്റ്റാര്‍ പാട്ടുകാരന്‍ അങ്ങനത്തെ കഥാപാത്രങ്ങളാണ് ചെയ്തതെന്ന്. ഇത് തീര്‍ത്തും വ്യത്യസ്തമായ റോളാണ്. വിളിക്കുമ്പൊ എനിക്കും പേടിയുണ്ടായിരുന്നു.

ഇങ്ങനെയുള്ള ക്യാരക്ടറാണ്. വേറൊരു അപ്രോച്ചാണ് ശരിയാവുമോ എന്ന് ചോദിച്ചു. പറഞ്ഞപ്പോ പുള്ളി ഭയങ്കര എക്‌സൈറ്റഡ് ആയി. എന്നെ എല്ലാവരും ഒരു പാട്ടുകാരന്‍ റോളിലാണ് കാണുന്നത്. ഇങ്ങനത്തെ ഒരു വ്യത്യസ്തമായ റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്ന് പറഞ്ഞു.

ഓരോ ക്യാരക്ടേഴ്‌സിനും സ്‌പേസ് ഉണ്ട്. അതുകൊണ്ട് ഒരു പ്രത്യേക നടനെയോ കഥാപാത്രത്തെയോ ചുറ്റിപ്പറ്റി നടക്കുന്ന സിനിമയല്ല,” ഗണപതി പറഞ്ഞു.

12ാമത്തെ വയസിലാണ് ഗണപതി മലയാളസിനിമയില്‍ അരങ്ങേറിയത്. ‘വിനോദയാത്ര’, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ് തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങി പിന്നീട് ഹണീബി, ചങ്ക്സ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി എന്നീ സിനിമകളിലൂടെ ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധ നേടി.

വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ജാന്‍ എ മന്‍ നിര്‍മിച്ചിരിക്കുന്നത്. റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Ganapathi says the movie Jan E Man is not just about Basil Joseph’s character

We use cookies to give you the best possible experience. Learn more