| Wednesday, 16th June 2021, 10:35 pm

മൂക്കില്‍ മൂന്ന് സ്റ്റിച്ചുണ്ട്, അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് ഭേദമായി വരികയാണെന്ന് നടന്‍ ഫഹദ് ഫാസില്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്.

‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫഹദിന് അപകടം സംഭവിച്ചത്.

മുഖം നിലത്തിടിക്കുന്നതിന് മുന്‍പ് കൈ കുത്തിയതിനാല്‍ വലിയ അപകടമുണ്ടായില്ലെന്നും പൊതുവെ ഇത്തരം വീഴ്ചകളില്‍ കൈ കുത്താന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും ഫഹദ് പറഞ്ഞു.

‘ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖംവന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ്, കൈകള്‍ താഴെ കുത്തിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. സാധാരണ ഇത്രയും ഉയരത്തില്‍ നിന്നും വീഴുമ്പോള്‍, വീഴുന്നതിന്റെ ‘ട്രോമ’ കാരണം തന്നെ ആളുകള്‍ക്ക് കൈകുത്താന്‍ സാധിക്കില്ല. ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു,’ ഫഹദ് പറഞ്ഞു.

വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടിംഗ് നടന്നത്.

നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയന്‍കുഞ്ഞ്’. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനം പ്രമേയമാക്കുന്ന ചിത്രമെന്നാണ് ‘മലയന്‍കുഞ്ഞി’നെക്കുറിച്ച് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന വിവരം.

സംവിധായകന്‍ മഹേഷ് നാരായണന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും അദ്ദേഹം തന്നെയാണ്.

സംവിധായകന്‍ ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്റെ അരങ്ങേറ്റചിത്രമായ ‘കൈയെത്തും ദൂരത്തി’ന്റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Fahad Faasil Malayankunju Faasil Mahesh Narayanan

We use cookies to give you the best possible experience. Learn more