| Thursday, 10th June 2021, 4:10 pm

'നോക്കിയും കണ്ടും നിന്നാല്‍ ഇവിടെ നില്‍ക്കാം'; തന്നോടും ദുല്‍ഖറിനോടുമായി മമ്മൂക്ക പറഞ്ഞതിനെ കുറിച്ച് ഫഹദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അവസരങ്ങളെ കുറിച്ചും നടന്മാരായ മോഹന്‍ലാലിനേയും മമ്മൂക്കയേയും കുറിച്ചും വാചാലനായി നടന്‍ ഫഹദ് ഫാസില്‍. മമ്മൂക്കയേയും മോഹന്‍ലാലിനേയും കണ്ട് തനിക്കിപ്പോഴും കൊതിതീര്‍ന്നിട്ടില്ലെന്നും ഇനിയും അവര്‍ക്ക് ഏറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഉണ്ടെന്നുമായിരുന്നു ഫഹദ് പറഞ്ഞത്.

ഹിന്ദിയില്‍ അമിതാഭ് ബച്ചനെ പോലുള്ള നടന്മാരൊക്കെ ഹീറോയിസം വിട്ട് കുറച്ചുകൂടി മീനിങ്ങ്ഫുള്‍ ആയിട്ടുള്ള റോളുകളിലേക്ക് മാറി. മലയാളത്തില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അത്തരം റോളുകളില്‍ കാണാന്‍ സമയമായി എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, സത്യസന്ധമായി പറഞ്ഞാല്‍ ഇതുവരെ തനിക്ക് അവരെ കണ്ട് കൊതി തീര്‍ന്നിട്ടില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി.

‘ലാലേട്ടനും മമ്മൂക്കയ്ക്കും ഈ അവസ്ഥയില്‍ തന്നെ ഇനിയും ഏറെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഉള്ളതായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരു ഫാനെന്ന നിലയ്ക്ക് അവരെ ഇങ്ങനെ കണ്ട് എനിക്ക് മടുത്തിട്ടില്ല. ഇനിയും നിരവധി കഥാപാത്രങ്ങള്‍ ഇത്തരത്തിലുള്ളത് അവര്‍ക്ക് ചെയ്യാനുണ്ടെന്ന് ഉറപ്പാണ്.

പേഴ്‌സണലി എനിക്ക് മമ്മൂക്കയുടെ സ്റ്റാര്‍ഡം എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്ന സിനിമകള്‍ ഇഷ്ടമാണ്. ന്യൂദല്‍ഹി പോലുള്ള സിനിമകള്‍ എക്കാലത്തേയും ഫേവറെറ്റുകളാണ്. പിന്നെ മമ്മൂക്കയെ ബിഗ് ബിയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതി. ഞാന്‍ അതിന്റെയൊക്കെ ഭയങ്കര ഫാനാണ്,’ഫഹദ് പറഞ്ഞു.

അവരൊക്കെ ആ വഴിക്ക് പോയാലേ നിങ്ങള്‍ക്ക് നല്ല റോളുകള്‍ കിട്ടൂ എന്ന് വെച്ചിട്ടാണോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു ഫഹദിന്റെ മറുപടി.

മമ്മൂക്ക തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഞാനും ദുല്‍ഖറും കൂടി ഇരിക്കുമ്പോഴായിരുന്നു അത്. എല്ലാവര്‍ക്കും ഇവിടെ സ്‌പേസ് ഉണ്ട്. നീയൊക്കെ നോക്കിയും കണ്ടും നിന്നാല്‍ ഇവിടെ നില്‍ക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അതാണ് അതിന്റെ സത്യവും. ഇവിടെ എല്ലാവര്‍ക്കും സ്‌പേസ് ഉണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്, ഫഹദ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actor Fahad Faasil About Mammootty and Mohanlal

We use cookies to give you the best possible experience. Learn more