കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും അപകടത്തില്‍ മരിച്ചതിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് നടന് ദുല്‍ഖര്‍ സല്മാന്. ഈ ചെറുപ്പക്കാരായ ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ച അഞ്ജന സല്യൂട്ട് എന്ന തന്റെ പുറത്തിറങ്ങാന്‍പോകുന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും അന്‍സി ഒരു പരസ്യ ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതി.
അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകാന്‍ തന്റെ പ്രാര്ഥനയുണ്ടെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
കൊച്ചിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെ വൈറ്റിലയില്‍ വെച്ചാണ് അപകടം നടന്നത്. ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മുന്‍ മിസ് കേരള അന്‍സി കബീറും(25) റണ്ണറപ്പ് അഞ്ജന ഷാജനുമാണ്(26) മരിച്ചത്. തിരുവനന്തപുരം ആലംകോട് സ്വദേശിയാണ് അന്‍സി അഞ്ജന തൃശ്ശൂര്‍ സ്വദേശിയാണ്. 2019 മിസ് കേരള മത്സരത്തിലെ വിജയികളായിരുന്നു ഇവര്‍.
നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Actor Dulquer Salman shares grief over death of former Miss Kerala and runner-up in accident