Movie Day
ആളുകള്‍ക്ക് എന്നോടുള്ള ഇഷ്ടം ഇല്ലാതാകുമോ, ഇന്‍ഡസ്ട്രിയിലുള്ള സ്ഥാനം നഷ്ടമാകുമോ എന്നൊക്കെയുള്ള ഭയമുണ്ട്: ദുല്‍ഖര്‍
ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള കഥാപാത്രങ്ങളും സിനിമകളും തന്നിലേക്ക് എത്തിച്ചേരുന്നത് ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആളുകള്‍ക്ക് കണക്ടാവുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ഒരു അനുഗ്രഹമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. കിങ് ഓഫ് കൊത്തയുടെ ഭാഗമായി ടി.വി 9ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
നല്ല കഥാപാത്രങ്ങള്‍ തനിക്ക് നഷ്ടമാകുമോയെന്ന ഭയം ഇപ്പോഴും ഉണ്ടെന്നും മികച്ച ഒരു കഥാപാത്രവും നഷ്ടമാകരുതെന്ന ആഗ്രഹം തനിക്കുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ ഇന്‍ഡസ്ട്രിയില്‍ തനിക്കുള്ള സ്ഥാനം നഷ്ടമാകുമോ എന്ന ഭയവും പ്രേക്ഷകരില്‍ നിന്നു കിട്ടുന്ന സ്‌നേഹം നഷ്ടമാകുമോ എന്ന ഭയവുമൊക്കെ ഇപ്പോഴും തനിക്ക് ഉണ്ടെന്നാണ് അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുന്നത്.
‘ എല്ലാം ഒരു അനുഗ്രഹമാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ആളുകള്‍ക്ക് കണക്ടാവുന്നു. അത്തരം കഥാപാത്രങ്ങളും സിനിമകളും കിട്ടുന്നത് എന്റെ ഭാഗ്യമാണ്.
തുടക്കക്കാരന്‍ എന്ന നിലയില്‍ മറ്റ് ഭാഷകളില്‍ എന്നെ വെച്ച് സിനിമ ചെയ്യുക എന്നത് വലിയ റിസ്‌കാണ്. തെലുങ്കിലൊന്നും എനിക്ക് മാര്‍ക്കറ്റ് ഇല്ലാതിരുന്ന സമയത്താണ് അവര്‍ എന്നെ വിളിക്കുന്നത്. പിന്നെ ഒരു അവസരം കിട്ടുകയാണെങ്കില്‍ നമ്മള്‍ അതില്‍ 100 ശതമാനം കൊടുക്കാന്‍ ശ്രമിക്കുക എന്നതാണ്.
ഞാന്‍ സത്യസന്ധനായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ആളാണ്. ഫേക്ക് ആവാന്‍ കഴിയില്ല. ഇതാണ് ഞാന്‍. അത് എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമറിയാം. സിനിമയില്‍ എത്തുന്നതിന് മുന്‍പേ ഞാന്‍ ഇങ്ങനെ തന്നെയാണ്. അത് എന്റെ പ്രേക്ഷകര്‍ക്കും അറിയാമെന്നാണ് ഞാന്‍ കരുതുന്നത്.
അവര്‍ക്ക് എന്നെ അറിയുമെന്നതായിരിക്കാം എന്റെ പല കഥാപാത്രങ്ങളും അവര്‍ക്ക് കണക്ടാവുന്നത്. അവര്‍ എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ അവര്‍ക്ക് എന്നെ തൊടാന്‍ കഴിയുമെന്ന ഒരു തോന്നലാണ്. അതാണ് എനിക്ക് മനസിലായത്. അതൊരു ജെനുവിനായ കണക്ഷനാണ്. എല്ലാ ഭാഷയിലും അങ്ങനെയാണ്. അതൊരു മ്യൂചല്‍ എനര്‍ജിയാണ്.
പ്രേക്ഷകരോട് സത്യസന്ധരാവാന്‍ ശ്രമിക്കുക. എന്റെ ജോലിയിലും പ്രവൃത്തികളിലും ഓരോ ദിവസവും ഞാന്‍ സന്തോഷവാനാണ്. ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയ ഒരു വ്യക്തിയല്ല ഞാന്‍. ഇങ്ങനെ ഒരു കരിയര്‍ എനിക്കുണ്ടാകുമെന്ന് കരുതിയതല്ല. ഇത്രയും ഭാഷകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിട്ടില്ല.
ഇപ്പോഴും ഒരു അവസരം കിട്ടുമ്പോള്‍ എനിക്ക് സന്തോഷവും അതിശയവുമാണ്. ഞാന്‍ ഭയങ്കര ഭാഗ്യവാനാണെന്ന് എനിക്ക് തോന്നും. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എനിക്ക് ഇങ്ങനെ ഒരു അവസരം തന്ന എല്ലാവരോടുമുള്ള നന്ദിയും സ്‌നേഹവും ഞാന്‍ പ്രകടിപ്പിക്കാറുണ്ട്.
നമ്മള്‍ എല്ലാത്തിലും അത്തരത്തില്‍ വിലകല്‍പ്പിക്കേണ്ടതുണ്ട്. കാരണം ഇതൊക്കെ നഷ്ടമാകുമോ എന്ന ഭയം എനിക്കുണ്ട്. മികച്ച ഒരു കഥാപാത്രവും എനിക്ക് നഷ്ടമാകരുതെന്ന് ആഗ്രഹമുണ്ട്.
ഈ ഇന്‍ഡസ്ട്രിയില്‍ എനിക്കുള്ള സ്ഥാനം നഷ്ടമാകുമോ എന്ന ഭയം എനിക്കുണ്ട്. പ്രേക്ഷകരില്‍ നിന്നും എനിക്ക് കിട്ടുന്ന സ്‌നേഹം നഷ്ടമാകുമോ എന്ന ഭയമുണ്ട്. അതുകൊണ്ട് തന്നെ ആരേയും ബഹുമാനിക്കാതെയും ആരുടേയും മുന്നോട്ടുവഴിയില്‍ പ്രശ്‌നമുണ്ടാക്കാതെയും മുന്നോട്ടുപോകണമെന്നുണ്ട്,’ ദുല്‍ഖര്‍ പറയുന്നു.
മലയാളം സിനിമാ ഇന്‍ഡസ്ട്രിയെ കുറിച്ചും ദുല്‍ഖര്‍ അഭിമുഖത്തില്‍ സംസാരിച്ചു. മലയാളം ഇന്‍ഡസ്ട്രിക്ക് തങ്ങളുടേതായ ഒരു ഐഡന്റിറ്റിയുണ്ടെന്നും മലയാളത്തില്‍ നിന്നാണ് കൂടുതല്‍ റിയലസ്റ്റിക് സ്റ്റോറികള്‍ വരുന്നതെന്നും താരം പറഞ്ഞു.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24-നാണ് തിയേറ്ററുകളിലെത്തുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
Content Highlight: Actor Dulquer Salman about his fears and fans affection