|

'എല്ലാ പടത്തിലും ഒരേ അഭിനയം തന്നെ'; ആ വിമര്‍ശനങ്ങളാണ് ചുപ് പോലുള്ള സിനിമകള്‍ ചെയ്യാന്‍ എന്നെ പ്രാപ്തനാക്കിയത്: ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചില വേഷങ്ങള്‍ മാത്രമാണ് തനിക്ക് ചെയ്യാന്‍ പറ്റുക എന്ന് പറഞ്ഞ് പലരും പണ്ട് വിമര്‍ശിച്ചപ്പോള്‍ ഒരുപാട് വേദനയുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാനിപ്പോള്‍. പുതിയ സിനിമ ചുപിനെക്കുറിച്ച് ഗോള്‍ഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ വേദനിപ്പിച്ച നെഗറ്റീവ് കമന്റ്‌സിനെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്.

വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ എനിക്ക് എപ്പോഴും നെഗറ്റീവ് ഉണ്ടാവാറുണ്ട്. ഭയങ്കര ബുദ്ധിമുട്ട് ഉള്ള കാര്യമാണത്. ഒരു ചെറിയ ഭാഗമായാലും വിമര്‍ശിക്കുന്നതും വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്നതും കാണുമ്പോള്‍ എനിക്ക് വല്ലാതെ നെഗറ്റീവ് തോന്നും.

പറയുന്നത് ഉള്ള കാര്യം തന്നെയാകും. എന്ത് കാരണം കൊണ്ട് പറയുന്നതായാലും ബുദ്ധിമുട്ടാണ്. അന്നും ഇന്നും ഞാന്‍ കമന്റ്‌സ് വായിക്കും. അത് വായിക്കുന്നത് കൊണ്ടാണ് ഞാന്‍ ചുപ് പോലും ചെയ്തത്.

വിമര്‍ശകര്‍ തന്നെയാണ് അതിന് പിന്നില്‍. എനിക്ക് ഇതുപോലുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റില്ല, ചില വേഷങ്ങള്‍ മാത്രമാണ് ചെയ്യാന്‍ പറ്റുക. ചില കഥാപാത്രങ്ങള്‍ മാത്രമാണ് ഞാന്‍ സെലക്ട് ചെയ്യാറുള്ളൂ, എല്ലാ സിനിമയിലും ഇത് തന്നെയല്ലെ തുടങ്ങിയ പല വിമര്‍ശനങ്ങളും കാണുമ്പോള്‍ ഞാന്‍ വിചാരിക്കും എന്നാല്‍ അടുത്ത സിനിമയില്‍ മാറ്റി പിടിക്കാമെന്ന്.

അങ്ങനെ ഞാന്‍ വേറെ മാറ്റി ചെയ്യും. അപ്പോള്‍ നമുക്ക് ഒരു വാശി കിട്ടും. നേരിട്ട് ആരെങ്കിലും ഇതുപോലെ വിമര്‍ശിച്ചാല്‍ അതിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ ഞാന്‍ ബുദ്ധിമുട്ടാറുണ്ട്.

പക്ഷേ ഇത്തരം നെഗറ്റീവ് കമന്റ്‌സില്‍ നിന്നും എനിക്ക് ഒരു എനര്‍ജിയും ഡ്രൈവ് കിട്ടാറുണ്ട്. എന്തിനാണ് ഇത്തരം കമന്റ്‌സ് എന്നത് ഊഹിക്കാവുന്നതാണ്. ഞാന്‍ ഭയങ്കര സെന്‍സിറ്റീവായിട്ടുള്ള വ്യക്തിയാണ് ചെറുപ്പം മുതലേ.

അത് പക്ഷേ എന്റെ മുഖത്ത് ഉണ്ടായിരിക്കും എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്ക് അറിയില്ല. എന്ന് വെച്ച് അതിന് ഞാന്‍ ആരെയും വിളിച്ച് ചീത്ത പറയുകയോന്നുമില്ല.

വാപ്പച്ചി അങ്ങനെയല്ല. പണ്ട് മുതലേ മനസിലുള്ളതെല്ലാം തുറന്ന് പറയും. അത് ചെറുപ്പം മുതലേ കണ്ടത് കൊണ്ട് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രതികരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

വലിയ റിയാക്ഷന്‍സ് ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല. സങ്കടം ഉണ്ടാകും വിഷമം ഉണ്ടാകും. എന്നാലും കമന്റ്‌സ് എല്ലാം ഞാന്‍ വായിക്കും. ചുപിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എല്ലാം ഞാന്‍ ശ്രദ്ധിക്കും.

ഒരു സമയത്ത് ആളുകള്‍ കമന്റ് ഇട്ടത് ഇന്ന് ഞാന്‍ എടുത്ത് നോക്കും. മറന്ന് പോകുന്നതിന് ചിലത് സ്‌ക്രീന്‍ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്. അത് പിന്നേം വായിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതെനിക്ക് വീണ്ടും മുന്നോട്ടേക്ക് പോവാനുള്ള ഒരു ഡ്രൈവ് തരും. വലിയ എനര്‍ജിയാണെനിക്ക് അതൊക്കെ,” ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: actor Dulquer Salmaan said that Criticism is enabled me to do films like Chup

Video Stories