| Tuesday, 25th January 2022, 11:43 am

ആ കടുത്ത തീരുമാനം ഞങ്ങള്‍ എടുത്തിരിക്കുകയാണ്; 'ഉപചാരപൂര്‍വം ഗുണ്ടജയന്റെ' റിലീസിനെ കുറിച്ച് ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് മാറ്റിവച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.

ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ആണ് റിലീസ് മാറ്റിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നിലവിലെ സാഹചര്യം പരിഗണിച്ച് ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് മാറ്റാന്‍ നിര്‍ബന്ധിതരായെന്നും ചിത്രം എത്രയും പെട്ടെന്ന് പ്രേക്ഷകരിലേക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘നിലവിലെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഉപചാരപൂര്‍വം ഗുണ്ടജയന്റെ റിലീസ് മാറ്റിവെക്കാനുള്ള കടുത്ത തീരുമാനമെടുത്തിരിക്കുകയാണ്. ഈ സിനിമ സ്‌നേഹത്തിന്റെ കൂടി അധ്വാനമാണ്, ചിത്രം കഴിയുന്നതും വേഗം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.

ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. ‘നമ്മുടെ ഗുണ്ടജയന്റെ വീട്ടിലെ അടിപൊളി കല്യാണം കൂടി പൊട്ടിച്ചിരിച്ച് തിരികെ മടങ്ങാന്‍ തിയേറ്ററുകളിലേക്ക് പോരേ. 2022 ജനുവരി 28 മുതല്‍. പിന്നെ ഗുണ്ടജയന്‍ എന്റെ കൂട്ടുകാരനായതു കൊണ്ട് പറയുവല്ല കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ..!’, എന്നായിരുന്നു റിലീസ് അറിയിച്ച് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ തിയേറ്ററിലെത്തില്ലെന്ന നിഗമനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റീലീസ് മാറ്റാന്‍ നിര്‍ബന്ധിതരായത്.

അരുണ്‍ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ഗുണ്ടജയന്‍ നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Actor Dulquer Salmaan about Upacharapoorvam gunda Jayan

We use cookies to give you the best possible experience. Learn more