Malayalam Cinema
അപ്പുവും മായയുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നത് അപ്പോഴാണ്; പ്രണവും വിസ്മയയുമായുള്ള സൗഹൃദത്തെ കുറിച്ച് ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 30, 09:19 am
Friday, 30th April 2021, 2:49 pm

പ്രണവ് മോഹന്‍ലാലും വിസ്മയയുമായുള്ള കുട്ടിക്കാലത്തെ കൂടിക്കാഴ്ചകളെ കുറിച്ചും അടുപ്പത്തെ കുറിച്ചും മനസുതുറക്കുകയാണ് മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. കുട്ടികളായിരുന്ന സമയത്ത് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ തങ്ങള്‍ ഒരുമിച്ച് കണ്ടിട്ടുള്ളൂവെന്നും എന്നാല്‍ പോലും ആ സൗഹൃദം ഇന്നും തുടരുന്നുവെന്നും ദുല്‍ഖര്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അപ്പുവിനേയും മായയേയും ഞാനൊരു ഗ്യാപ്പിന് ശേഷം കാണുന്നത് 1995 ല്‍ അമ്മയുടെ ആദ്യത്തെ ഷോയുടെ സമയത്താണ്. അപ്പുവും മായയുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നതും അപ്പോഴാണ്. അപ്പുവിന്റേയും മായയുടേയും കൂടെ അന്ന് ആറോ ഏഴോ കുട്ടികളുണ്ട്. അവരുടെ കസിന്‍സ്. മായ അന്ന് തീരെ കൊച്ചുകുട്ടിയായിരുന്നു. അന്നേ എനിക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു.

അപ്പുവിനേക്കാളും മായയേക്കാളും മൂത്തയാള്‍ ഞാനല്ലേ. അത്യാവശ്യം പ്രായവ്യത്യാസമുണ്ട്. ഞാനൊരു ഏഴിലോ എട്ടിലോ പഠിക്കുമ്പോള്‍ അവരൊക്കെ പ്രൈമറി ക്ലാസുകളിലായിരുന്നു. എന്റെ മോളോടൊപ്പമിരുന്ന് അവളുടെ കുട്ടിക്കളിയൊക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്. പണ്ടും ഞാന്‍ കുട്ടിക്കളി ആസ്വദിച്ചിരുന്നു. ഒരിക്കലും വലുതാവരുതേയെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് ഞാന്‍. അന്നും ഇന്നും കളിപ്പാട്ടങ്ങളൊക്കെ ഇഷ്ടപ്പെടുന്നയാളാണ്.

പിന്നീട് ഞാന്‍ കോളേജില്‍ പോയി. അപ്പുവിനേയും മായയേയും പിന്നീട് അധികം കാണാറില്ലായിരുന്നു. പക്ഷേ പണ്ടത്തെ അടുപ്പവും ഇഷ്ടവും ഇപ്പോഴുമുണ്ട്. മായയൊക്കെ ഇപ്പോഴും എന്ന ചാലുച്ചേട്ടാ എന്ന് വിളിക്കുന്നത് കുട്ടിക്കാലത്തെ അങ്ങനെ വിളിച്ച് ശീലിച്ചതുകൊണ്ടാണ്, ദുല്‍ഖര്‍ പറയുന്നു.

കല്യാണി പ്രിയദര്‍ശനുമായുള്ള അടുപ്പത്തെ കുറിച്ചും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘ കല്യാണിയെ എനിക്ക് മുന്‍പ് അറിയില്ലായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ പൂജയ്ക്കാണ് ഞങ്ങള്‍ തമ്മില്‍ ആദ്യം കാണുന്നത്. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാന്‍ ചെന്നൈയില്‍ പഠിക്കുമ്പോഴും പഠിച്ചുകഴിയുമ്പോഴുമൊക്കെ അവരൊക്കെ തീരെ ചെറിയ കുട്ടികളാണ്. ഏതെങ്കിലും ഫംങ്ഷനൊക്കെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ടാകും. പക്ഷേ ഞങ്ങള്‍ രണ്ടാള്‍ക്കും അതോര്‍മ്മയില്ല, ദുല്‍ഖര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Dulquer Salmaan About pranav Mohanlal and Vismaya Mohanlal