ചക്കരേ എവിടെയാ; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ദുല്‍ഖര്‍
Movie Day
ചക്കരേ എവിടെയാ; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd February 2022, 12:33 pm

കൊച്ചി: കെ.പി.എ.സി ലളിതയെ അനുസ്മരിക്കുകയാണ് മലയാള സിനിമാലോകം. കെ.പി.എ.സി ലളിത തങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്ന് വിവരിക്കുകയാണ് പലരും. ഒരിക്കലും ഈ വിയോഗം തങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും ലളിതച്ചേച്ചിക്ക് മരണമില്ലെന്നുമാണ് പലരും പറയുന്നത്.

കെ.പി.എ.സി ലളിത തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്ന് കുറിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സ്‌ക്രീനിലെ തന്റെ ഏറ്റവും മികച്ച ജോടിയായിരുന്നു ലളിത ചേച്ചിയെന്നും തനിക്ക് ഏറ്റവും സ്‌നേഹം തോന്നിയ സഹ്പ്രവര്‍ത്തക കൂടിയായിരുന്നു അവരെന്നും ദുല്‍ഖര്‍ പറയുന്നു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കെ.പി.എ.സി ലളിതയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ദുല്‍ഖറിന്റെ കുറിപ്പ്.

‘സ്‌ക്രീനിലെ എന്റെ ഏറ്റവും മികച്ച ജോടി. എനിക്ക് ഏറ്റവും സ്‌നേഹം തോന്നിയ സഹപ്രവര്‍ത്തക. ഒരു അഭിനേത്രിയെന്ന നിലയില്‍ അവര്‍ ഒരു മാന്ത്രികയായിരുന്നു, തന്നിലെ പ്രതിഭയെ ഒരു പുഞ്ചിരിയുടെ ലാഘവത്തോടെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന താരം.

എഴുതിവെച്ച വാക്കുകളെ മറികടന്ന് ആ രംഗത്തെ മറ്റൊരു തലത്തില്‍ അഭിനയിച്ചുഫലിപ്പിക്കാന്‍ കഴിയുമോയെന്ന് പോലും തോന്നിപ്പോകും.

ഈ ചിത്രങ്ങള്‍ ഞങ്ങള്‍ അവസാനം ഒരുമിച്ചുള്ളപ്പോള്‍ എടുത്തതാണ്. അവരെ വിടാന്‍ എനിക്ക് തോന്നിയില്ല. കെട്ടിപ്പിടിച്ച് ഉമ്മ തരാന്‍ ആവശ്യപ്പെട്ടു.

പരസ്പരം കലഹിക്കുന്ന അമ്മയും മകനുമായി ഒരു സിനിമ ചെയ്യണമെന്ന് അവര്‍ നിരന്തരം പറയുമായിരുന്നു. അതിന് ഞങ്ങള്‍ക്ക് സമയം ലഭിക്കുമെന്ന് കരുതി. ഞങ്ങള്‍ പരസ്പരം അയക്കുന്ന ഓരോ സന്ദേശവും ആരംഭിക്കുന്നത് ഇങ്ങനെയായിരുന്നു.
ചക്കരേ എവിടെയാ ??,’ ദുല്‍ഖര്‍ കുറിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു കെ.പി.എ.സി ലളിതയുടെ മരണം. അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74 വയസായിരുന്നു.

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.