ബോബി-സഞ്ജയ് തിരക്കഥയിലൊരുങ്ങുന്ന സല്യൂട്ട് എന്ന ചിത്രത്തില്‍ ഒരു മുഴുനീള പൊലീസ് വേഷത്തില്‍ എത്തുകയാണ് മലയാളത്തിന്റെ സ്വന്തം താരമായ ദുല്‍ഖര്‍ സല്‍മാന്‍.
സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസുകാരനായി വെള്ളിത്തരയിലെത്തുമ്പോള്‍ അത് ദുല്‍ഖറിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകുമെന്നാണ് കരുതപ്പെടുന്നത്.
കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതുകൊണ്ടാണ് സല്യൂട്ടിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചതെന്നും മലയാളത്തില്‍ ഇതിന് മുന്‍പ് വന്ന വാപ്പച്ചി ഉള്‍പ്പെടെയുള്ളവര്‍ ചെയ്ത പൊലീസ് കഥാപാത്രവുമായി ഈ സിനിമയിലെ തന്റെ കഥാപാത്രത്തിന് സാമ്യം തോന്നാന്‍ സാധ്യതയില്ലെന്നും ദുല്‍ഖര്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ സിനിമ കാണുമ്പോഴേ അത് മനസിലാകൂ. പൊലീസ് വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന തീരുമാനമൊന്നും ഇല്ലായിരുന്നു. എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പൊലീസ് വേഷമല്ലേ ചെയ്യാന്‍ പറ്റൂ,’ ദുല്‍ഖര്‍ പറയുന്നു.
കുറുപ്പ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും ദുല്‍ഖര്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. കുറുപ്പ് ഉറപ്പായും തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കുന്ന സിനിമയായതുകൊണ്ട് അത് ഏറ്റവും ഭംഗിയാക്കാനുള്ള എല്ലാ എഫര്‍ട്ടും തങ്ങള്‍ എടുത്തിട്ടുണ്ടെന്നും അത് ഭംഗിയായി തന്നെ വരട്ടെയെന്നും ദുല്‍ഖര്‍ പറയുന്നു.
ദുല്‍ഖറിന് മാസ് സിനിമകളോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഇഷ്ടക്കേടുകളൊന്നും ഇല്ലെന്നും മാസ് സിനിമയില്‍ എന്തെങ്കിലും കഥയും കൂടി വേണമെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി. അല്ലാതെ വെറുതെ മാസ് മാത്രം കാണിച്ച് കാര്യമില്ലെന്നും ദുല്‍ഖര്‍ പറയുന്നു.