'നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നത്'; അമാല്‍ എന്നോട് ചോദിക്കാറുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
Movie Day
'നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നത്'; അമാല്‍ എന്നോട് ചോദിക്കാറുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th March 2022, 4:04 pm

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബേസുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.കുഞ്ഞിക്കയെന്നും ഡി.ക്യുവെന്നും ജിന്നെന്നുമൊക്കെയാണ് താരത്തെ ആരാധകര്‍ വിളിക്കാറ്.

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അനായാസമായ അഭിനയം കാഴ്ചവെച്ച ദുല്‍ഖര്‍ പിന്നീട് ചെയ്ത ഓരോ കഥാപാത്രത്തേയും മികവുറ്റതാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ കുറുപ്പ് ഒരു പാന്‍ ഇന്ത്യന്‍ താരമായി ദുല്‍ഖറിനെ മാറ്റുകയും ചെയ്തു.

ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വിവാഹശേഷം കുടുംബങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതകളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഒരു കുടുംബസ്ഥന്റെ വേഷമാണ് ദുല്‍ഖറിന്.

താന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമാണ് ഹേ സിനാമികയിലേതെന്നും ജീവിതത്തില്‍ തനിക്ക് കുടുബസ്ഥനായിരിക്കാനാണിഷ്ടമെന്നും പറയുകയാണ് ദുല്‍ഖര്‍.

കുഞ്ഞിനെയും നോക്കി വീട്ടിലിരിക്കാമെന്ന് അമാലിനോട് പറയാറുണ്ടെന്നും കൂടുതല്‍ സമയം കുഞ്ഞുമായി ചിലവഴിക്കുന്നത് അമാലായതിനാല്‍ തനിക്ക് അസൂയ തോന്നാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. കലൈഞ്ജര്‍ ടി.വിയ്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ സിനിമയിലെ കുടുംബസ്ഥന്റെ വേഷം ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്തതാണ്. എനിക്ക് മകളുണ്ടായതിനുശേഷം അമാലിനോട് എപ്പോഴും ഞാന്‍ പറയാറുണ്ട്, നീ ജോലിയ്ക്ക് പോയ്‌ക്കോ, ഞാന്‍ ഇവിടെയിരുന്ന് കുഞ്ഞിനെ നോക്കിക്കോളാമെന്ന്. മാത്രമല്ല, കുഞ്ഞിന്റെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നത് അമാലിനായതുക്കൊണ്ട് എനിക്ക് എപ്പോഴും അവളോട് അസൂയ തോന്നാറുമുണ്ട്’, ദുല്‍ഖര്‍ പറയുന്നു.

ഒഴിവ് സമയങ്ങളില്‍ തനിക്ക് വെറുതെയിരിക്കാനാണിഷ്ടമെന്നും ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും താരം പറഞ്ഞു.

‘വര്‍ക്കില്ലാത്ത സമയങ്ങളില്‍ ഞാന്‍ മടിപിടിച്ചിരിക്കും. ടി.വി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് എനിക്കിഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ എനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. എന്നെ വിളിക്കണ്ട, ഞാന്‍ വരില്ലെന്നാണ് പറയാറുള്ളത്. അമാല്‍ എന്നോട് ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ ഞാന്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാല്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന്’, ദുല്‍ഖര്‍ പറയുന്നു.

എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താന്‍ മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. താനും മോഷ്ടിച്ചിട്ടുണ്ടെന്ന് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. ഒരു കാറിന്റെ പൊട്ടിയ നമ്പര്‍ പ്ലേറ്റ്. അതിപ്പോഴും ചുമരില്‍ വച്ചിട്ടുണ്ട്’, ദുല്‍ഖര്‍ പറഞ്ഞു.

താന്‍ മോഷ്ടിച്ചത് സംഗീതം തന്നെയാണെന്നും സന്തോഷ് നാരായണന്റ ട്യൂണാണ് മോഷ്ടിച്ചതെന്നുമായിരുന്നു ഗോവിന്ദിന്റെ മറുപടി.

ദുല്‍ഖര്‍ സല്‍മാന്‍, കാജല്‍ അഗര്‍വാള്‍, അദിതി റാവു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഹേ സിനാമിക’ യുടെ തിരക്കഥ എഴുതിയത് മദന്‍ കര്‍ക്കിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം പ്രീത ജയറാമന്‍. തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസായത്.

Content Highlight: Actor Dulquer Salmaan About His family and Wife Amal