സെക്കന്റ് ഷോ മുതല്‍ ആരംഭിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതം പത്ത് വര്‍ത്തില്‍ എത്തി നില്‍ക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ആണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദുല്‍ഖറിന്റെ കരിയറിലെ ആദ്യത്തെ മുഴുനീള പൊലീസ് കഥാപാത്രം കൂടിയായിരുന്നു സല്യൂട്ടിലേത്.
ഒരുപാട് പേടിയോടെ സിനിമയിലേക്ക് വന്നയാളാണ് താനെന്ന് പറയുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലേക്ക് വരുമ്പോള്‍ ഇത്ര ദൂരം എത്തുമെന്നോ ഭാവിയെന്താകുമെന്നോ അറിയില്ലായിരുന്നുവെന്നും ദുല്‍ഖര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഞാനിത്രതന്നെ എത്തുമെന്ന് വിചാരിച്ചയാളല്ല. സത്യംപറഞ്ഞാല്‍, ഒരുപാട് പേടിയോടെയാണ് ഞാന്‍ സിനിമയില്‍ വന്നത്. ഭാവിയെന്താവുമെന്നറിയില്ല. ഇതൊരു കരിയറായി മാറ്റിയെടുക്കാന്‍ പറ്റുമോ എന്നത് എപ്പോഴും ആകാംക്ഷയുള്ള ചോദ്യമായിരുന്നു. കാരണം ഇതെനിക്ക് സ്വയം തെരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയല്ലല്ലോ. പ്രേക്ഷകര്‍ സ്വീകരിച്ചാലേ നമുക്ക് മുന്നോട്ടുപോവാന്‍ പറ്റൂ. അങ്ങനെയൊക്കെ ഒരുപാട് പേടിച്ച് പേടിച്ച് ചെറിയ ചുവടുവെപ്പുകളിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നത്.
പക്ഷേ, എന്തും സ്വയം തെരഞ്ഞെടുക്കാനുള്ളൊരു സ്വാതന്ത്ര്യം എനിക്കെപ്പോഴും കിട്ടിയിരുന്നു, നോ പറയാനാണെങ്കില്‍പ്പോലും. സീനിയറായ ഒരു ഫിലിം മേക്കറാണെങ്കിലും ഞാന്‍ നോ പറഞ്ഞാല്‍, അവര്‍ എന്നോട് ഒരു വിരോധവുമില്ലാതെ അത് മനസ്സിലാക്കുകയും എന്റെ മനസ്സില്‍ എന്തോരം സിനിമയുണ്ടെന്ന് തിരിച്ചറിയുകയുമൊക്കെ ചെയ്തിട്ടുണ്ട്.
അങ്ങനെ ഒരുപാട് ഭാഗ്യങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരോടെല്ലാം എനിക്കൊരുപാട് നന്ദിയുണ്ട്. ഇപ്പോഴും എന്തുതരം സിനിമചെയ്യണമെന്ന് ചോദിച്ചാല്‍ എനിക്ക് മറുപടിപറയാന്‍ അറിയില്ല. പക്ഷേ, ഒരു ആശയം കേള്‍ക്കുമ്പോള്‍ അത് ഒറിജിനല്‍ ഐഡിയ ആണെന്നും നല്ല സിനിമയാവുമെന്നൊക്കെ തോന്നിയാണ് ഞാന്‍ മുന്നോട്ടുസഞ്ചരിക്കുന്നത്.
തുടങ്ങിയ സമയത്ത് ഞാന്‍ വേറെ ഭാഷകളില്‍ അഭിനയിക്കുമെന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. പിന്നെ സിനിമ മാര്‍ക്കറ്റ് ഇങ്ങനെ മാറുമെന്നൊന്നും വിചാരിച്ചിട്ടുമില്ല. 2012-ലെ സിനിമാഭൂപടമല്ല ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്. എല്ലാം പ്രവചനാതീതമാണ്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ആഗ്രഹങ്ങള്‍ക്കുംമീതെ ചാടിയെത്തിയപോലെ തോന്നുന്നുണ്ട്, ദുല്‍ഖര്‍ പറഞ്ഞു.
ഒരു അഭിനേതാവെന്നനിലയില്‍ താങ്കളെ കാലം ഏതുരീതിയില്‍ രേഖപ്പെടുത്തണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് താന്‍ സത്യസന്ധനാണെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. അതുമാത്രമാണ് എന്റെ മോഹം. ഞാന്‍ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയാന്‍ പാടില്ല. ജോലിയോടും തെരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധനായി ജീവിക്കുന്നൊരാളാണ് ഞാന്‍. ഒന്നിലും ഒരിക്കലും കുറുക്കുവഴി തേടിയിട്ടില്ല. ഒന്നിന്റെയും സാമ്പത്തികവശം നോക്കിയിട്ടുമില്ല. എല്ലാം എന്നിലേക്ക് സ്വാഭാവികമായി വന്നുചേര്‍ന്നതാണ്, ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Actor Dulquer Salmaan About His Career