മലയാളികളുടെ പ്രിയതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കുറുപ്പ് എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി ദുല്‍ഖര്‍ മാറിക്കഴിഞ്ഞു. വളരെ പതുക്കെ തുടങ്ങിയ കരിയര്‍ സ്വപ്രയ്‌നത്താല്‍ കെട്ടിപ്പടുത്ത താരം കൂടിയാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കിലുമെല്ലാം സജീവമാണ് താരം. അഭിനയത്തിനൊപ്പം തന്നെ നിര്‍മാണത്തിലും ദുല്‍ഖര്‍ കൈയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു.
ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റെ ഒടുവില്‍ റിലീസായ ചിത്രം.
റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ എന്ന ചിത്രവും ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസാവുന്നത്.
തന്റെ അഭിനയത്തില്‍ ഇപ്പോഴും താന്‍ സംതൃപ്തനല്ലെന്ന് പറയുകയാണ് ദുല്‍ഖര്‍. ഒരു കഥാപാത്രം ചെയ്യാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തനിക്ക് സംശയമാണെന്നും താരം പറയുന്നു. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
ഞാന്‍ ഒരിക്കലും എന്നില്‍ തൃപ്തനല്ല. ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നെനിക്ക് തന്നെ സംശയമാണ്. എന്റെ അഭിനയം കാണുമ്പോള്‍ കൈ ചലനം തെറ്റാണെന്നും സ്പിന്‍ തെറ്റാണെന്നുമൊക്കെ എനിക്ക് തോന്നാറുണ്ട്. കുട്ടിക്കാലം മുതല്‍ എനിക്ക് എന്തെങ്കിലും ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടാകാറുണ്ട്. ആ തോന്നല്‍ എന്നെ ആശങ്കപ്പെടുത്താറുണ്ട്. അതുക്കൊണ്ട് ഞാന്‍ ഒരിക്കലും എന്നില്‍ സന്തുഷ്ടനുമല്ല, ദുല്‍ഖര്‍ പറയുന്നു.
തന്റെ പത്തുവര്‍ഷത്തെ കരിയറില്‍ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വര്‍ഷത്തില്‍ ഒരു സിനിമയൊക്കെ ചെയ്യാമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നതെന്നും താരം പറയുന്നു.
പൊതുസ്ഥലത്ത് വെച്ച് ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരിക്കുന്നത് സന്തോഷം തരുന്ന കാര്യമാണെന്നും അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു.
‘എപ്പോഴെങ്കിലും പബ്ലിക്കില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കാതിരുന്നാല്‍ വളരെ നല്ലത്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്നാട്ടില്‍ കുറച്ച് എളുപ്പമാണ്,’ദുല്‍ഖര്‍ പറയുന്നു.
ഹേ സിനാമികയുടെ ചിത്രീകരണ സമയത്തെ വിശേഷങ്ങളും താരം അഭിമുഖത്തില്‍ പങ്കുവെച്ചു. ബൃന്ദ മാസ്റ്ററുടെ കൂടെ പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നും സഹപ്രവര്‍ത്തകരെല്ലാം സ്വന്തം കുടുംബത്തെ പോലെയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Actor Dulquer Salmaan about his acting life