ഞാന്‍ സ്ഥിരം ഒരേ അഭിനയമാണ്, ഒരേ പോലത്തെ റോളാണ്, ഒരേ പോലത്തെ സിനിമയാണ് എന്നൊക്കെ കേള്‍ക്കാറുണ്ട്: ആര് എന്നെ കുറിച്ച് എന്ത് പറഞ്ഞാലും വായിക്കാറുണ്ട്: ദുല്‍ഖര്‍
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടില്‍ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസുകാരനായെത്തി വീണ്ടും ഒരു ഹിറ്റ് ആരാധകര്‍ക്ക് നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍. കുറുപ്പ് എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ ദുല്‍ഖറിന്റെ സല്യൂട്ടും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സുധാകരക്കുറുപ്പില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ് സല്യൂട്ടില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്.
കരിയറില്‍ തികച്ചും വ്യത്യസ്തമായ വേഷങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുകയാണ് ദുല്‍ഖര്‍. അത്തരത്തില്‍ ഉള്ള തെരഞ്ഞെടുപ്പ് ബോധപൂര്‍വമാണെന്നും വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോണ്‍ഷ്യസ് ആവാറുണ്ടെന്നും താരം പറയുന്നു. എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
ലവര്‍ ബോയ് ആയി, കള്ളന്‍ കളിച്ചു, ഇപ്പോള്‍ ഇതാ പൊലീസ് കളിക്കുന്നു വളരെ വ്യത്യസ്തമായ റോളുകള്‍ ഇപ്പോള്‍ ദുല്‍ഖറിന് വരുന്നുണ്ട്. വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എന്തെങ്കിലും രീതിയില്‍ കോണ്‍ഷ്യസ് ആകാറുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.
‘ആര് എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ വായിക്കും. ഞാന്‍ അതൊക്കെ തിരഞ്ഞുപിടിച്ച് വായിക്കാറാണ്. അതെനിക്ക് ഇഷ്ടവുമാണ്. ഞാന്‍ സ്ഥിരം ഒരേ അഭിനയമാണ് അല്ലെങ്കില്‍ എപ്പോഴും ഒരേ പോലത്തെ റോളാണ്, ഒരേ പോലത്തെ സിനിമയാണ് എന്നൊക്കെ ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട്.
നിനക്ക് അങ്ങനെത്തെ റോള്‍ ചെയ്യാന്‍ പറ്റില്ലെന്ന് ഒരാള്‍ പറയുകയാണെങ്കില്‍ നമ്മള്‍ അത് ചെയ്തു കാണിക്കാന്‍ നോക്കും. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഞാന്‍ അന്വേഷിക്കും. പിന്നെ ഇടക്കൊക്കെ നമ്മള്‍ ഓഡിയന്‍സിനെ സര്‍പ്രൈസ് ചെയ്യിക്കണമല്ലോ.
റൊമാന്റിക് ഹീറോ ഫേസ് എനിക്ക് നേരത്തെ ഉണ്ട്. അതേസമയം 2014 ല്‍ ഇറങ്ങിയ ‘ഞാന്‍’ പോലുള്ള സിനിമയൊക്കെ എന്നെ സംബന്ധിച്ച് ചാലഞ്ചിങ് ആയിരുന്നു. ഞാന്‍ ഇങ്ങനെ ചെയ്താല്‍ ഓഡിയന്‍സിന് ഇഷ്ടപ്പെടും, എന്നാല്‍ അത് നോക്കാം എന്ന് ചിന്തിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല അത് വളരെ എളുപ്പവുമാണ്.
എന്തൊക്കെ പറഞ്ഞാലും ഫാമിലിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം വിട്ട് നമ്മള്‍ ഒരു സ്ഥലത്ത് പോയി ഒരു ജോലി ചെയ്യുകയാണല്ലോ. അപ്പോള്‍ അതില്‍ ഒരു കാര്യം വേണ്ടേ. വെറുതെ പോയി എന്തെങ്കിലും ചെയ്ത് വരുന്നതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
മാത്രമല്ല ചാലഞ്ച് ചെയ്യുന്ന റോള്‍ അല്ലെങ്കില്‍ എന്നെ അത് മോട്ടിവേറ്റ് ചെയ്യുകയുമില്ല. ജോലി ചെയ്യാന്‍ തന്നെ നമുക്കൊരു മോട്ടിവേഷന്‍ വേണം, ദുല്‍ഖര്‍ പറയുന്നു.
സല്യൂട്ടില്‍ ഒരിക്കലും ക്ലീഷേ ആയിട്ട് വരാന്‍ പാടില്ലെന്ന് തീരുമാനിച്ച എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടെന്നും അതിന്റെ ക്രെഡിറ്റ് റോഷന്‍ ആന്‍ഡ്രൂസിനാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
ഇതുവരെ കണ്ട ഒരു എക്‌സ്പ്രഷനും വേണ്ടെന്ന് റോഷന്‍ പറയുമായിരുന്നു. ചില കാര്യങ്ങള്‍ നമ്മള്‍ അറിയാതെ ചെയ്തുപോകും. കാരണം അഭിനയിക്കുന്ന ചില ഘട്ടങ്ങളില്‍ ബോഡി നമ്മുടെ കണ്‍ട്രോളില്‍ ആയിരിക്കില്ല. അങ്ങനെ അറിയാതെ ചില ജസ്റ്റര്‍ വരുമ്പോള്‍ അത് മാറ്റണമെന്ന് പറയും. എന്നെ സംബന്ധിച്ച് അത് ഒരു പഠനമാണ്.
ഒരു കഥാപാത്രം ചെയ്യുമ്പോഴും ഞാന്‍ എന്ന വ്യക്തിയേയും എന്റെ ശരീരഭാഷയേയും എങ്ങനെ മാറ്റിനിര്‍ത്താന്‍ പറ്റുമെന്ന് ആലോചിക്കാറുണ്ട്. ഇനിയങ്ങോട്ട് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതും അത്തരം മാറ്റങ്ങളാണ്. കൊവിഡിന് ശേഷമുള്ള എന്റെ സിനിമകളില്‍ ആ മാറ്റങ്ങള്‍ കാണാം, ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Actor Dulquer Salmaan About His Acting and Roles