നിന്റെയൊന്നും സഹായം എനിക്ക് വേണ്ടെന്നാണ് എന്റെ ആ ചോദ്യത്തോടുള്ള വാപ്പച്ചിയുടെ മറുപടി: ദുല്‍ഖര്‍
Malayalam Cinema
നിന്റെയൊന്നും സഹായം എനിക്ക് വേണ്ടെന്നാണ് എന്റെ ആ ചോദ്യത്തോടുള്ള വാപ്പച്ചിയുടെ മറുപടി: ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd June 2021, 3:38 pm

മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അവരെപ്പോലെ തന്നെ അത്തരമൊരു ചിത്രത്തിനായി ഏറെ നാളായി താനും കാത്തിരിപ്പിലാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അത്തരത്തിലൊരു സിനിമ താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉടനൊന്നും അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നും ദുല്‍ഖര്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ഞാന്‍ ഇടയ്ക്ക് വാപ്പച്ചിയോട് പോയി ചോദിക്കാറുണ്ട്. വാപ്പച്ചിയുടെ ഏതെങ്കിലും ഒരു സിനിമയില്‍ ഞാന്‍ ചുമ്മാ ഒന്ന് വന്ന് പോയ്ക്കോട്ടെ എന്ന്’ ‘എനിക്ക് നിന്റെയൊന്നും സഹായം വേണ്ട’ എന്നായിരിക്കും വാപ്പച്ചിയുടെ മറുപടി, ദുല്‍ഖര്‍ പറയുന്നു.

എന്തെങ്കിലും എഴുതുന്ന ശീലം ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന പോസ്റ്റുകള്‍ മാത്രമേ ഇപ്പോള്‍ എഴുതാറുള്ളൂ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. അത് ഞാന്‍ സ്വന്തമായിട്ട് തന്നെ ചെയ്യുന്നതാണ്. മറ്റാരേയും ഞാനതിന് സമ്മതിക്കില്ല. എഴുതാന്‍ ഇഷ്ടമാണ്. ഒരു പേനയും കടലാസുമെടുത്ത് വെച്ച് മൂഡ് തോന്നുമ്പോള്‍ എഴുതുന്ന രീതിയൊന്നുമല്ല. എഴുതേണ്ട ആവശ്യം വരുമ്പോള്‍ ഞാന്‍ തന്നെ എഴുതും. എന്റെയാ എഴുത്തുകള്‍ കണ്ട് പലരും ചോദിക്കാറുണ്ട്’ എഴുതിക്കൂടെ’ എന്ന്, ദുല്‍ഖര്‍ പറയുന്നു.

എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ സ്വന്തം കഥയിലേ സിനിമ ചെയ്യൂവെന്ന് ദുല്‍ഖര്‍ പണ്ടൊരിക്കല്‍ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് സംവിധാനമൊക്കെ ഉടനേ നടക്കുമോ എന്ന് തനിക്കറിയില്ലെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമകളായാലും അന്യഭാഷാ സിനിമകളായാലും നിര്‍മാണമായാലും വിതരണമായാലുമൊക്കെ എല്ലാം ചെയ്യുമ്പോള്‍ ഭംഗിയായിരിക്കണമെന്ന ആഗ്രഹമുണ്ടെനിക്ക്. എപ്പോഴെങ്കിലും ഞാനും ഒരു സിനിമ സംവിധാനം ചെയ്തെന്നു വരാം, ദുല്‍ഖര്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actor Dulquer Salmaan About father Mammootty