|

'അത് എന്നെ കുഴപ്പത്തിലാക്കും, വെളിപ്പെടുത്താനാകില്ല'; സ്വന്തമായി എത്ര കാറുകളുണ്ടെന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞ് മാറി ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ വലിയ വാഹന പ്രേമിയാണ്. ഒട്ടേറെ ആഢംബര വാഹനങ്ങള്‍ സ്വന്തമായിട്ടുണ്ടെന്നതും അദ്ദേഹം വെളിപ്പെടുത്തിയതാണ്. ഓരോ പുതിയ വാഹനം വാങ്ങിക്കുമ്പോഴും ദുല്‍ഖര്‍ തന്റെ ആരാധകര്‍ക്കായി അവ പരസ്യപ്പെടുത്താറുണ്ട്. എന്നാല്‍ തനിക്ക് എത്ര കാറുകളുണ്ടെന്നത് വെളിപ്പെടുത്താനാകില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

എത്ര കാര്‍ ഉണ്ടെന്ന് ടോപ് ഗിയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അത് വെളിപ്പെടുത്താനാകില്ല എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അത് ചിലപ്പോള്‍ തന്നെ കുഴപ്പത്തിലാക്കിയേക്കാമെന്നും തനിക്ക് ഒരുപാട് യൂസ്ഡ് കാറുകള്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തി.

തന്റെ പ്രിയപ്പെട്ട ഡ്രൈവിങ് റൂട്ട് കാലിഫോര്‍ണിയയിലെ റൂട്ട് 1 ആണെന്നും സാന്‍ ഫ്രാന്‍സിസ്‌കോ മുതല്‍ ലോസ് ഏഞ്ചല്‍സ് വരെ ഡ്രൈവ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘റോഡ് വളരെ മനോഹരമാണ്. ആ യാത്ര എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കൂടെ വാപ്പച്ചിയും എല്ലാവരും ഉണ്ടായിരുന്നു. പക്ഷെ അവരെല്ലാം ഉറങ്ങിപ്പോയി. ഡ്രൈവ് ചെയ്യുമ്പോഴുള്ള പാട്ടുകള്‍ എന്നെ സ്വാധീനിക്കാറുണ്ട്. വേഗതയിലുള്ള പാട്ടാണെങ്കില്‍ സ്പീഡ് കൂട്ടിയാണ് ഞാന്‍ ഓടിക്കുക,” ദുല്‍ഖര്‍ പറഞ്ഞു. ടോപ് ഗിയര്‍ ഇന്ത്യയുടെ കവര്‍ ചിത്രമായി അടുത്തിടെ ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കിംഗ് ഓഫ് കൊത്തയാണ് റിലീസ് ചെയ്യാനുള്ള ദുല്‍ഖറിന്റെ പുതിയ ചിത്രം. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആര്‍. ബല്‍കി സംവിധാനം ചെയ്ത ചുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്.

content highlight: actor dulquer salmaan about cars

Video Stories