Advertisement
Malayalam Cinema
പണ്ട് ഫീമെയില്‍ വോയ്‌സായിരുന്നു; പാറപ്പുറത്ത് ചിരട്ടയിട്ടുരയ്ക്കുന്ന ശബ്ദമെന്നാണ് ചിലര്‍ ഇപ്പോള്‍ പറയാറ്: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 12, 06:46 am
Wednesday, 12th May 2021, 12:16 pm

ബാഹുബലിയുടെ മലയാളം ഡബ്ബിങ്ങില്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ പല്‍വാല്‍ ദേവന് ശബ്ദം കൊടുത്തതിലൂടെ വലിയ അഭിനന്ദനമാണ് ഷോബി തിലകന് ലഭിച്ചത്. വര്‍ഷങ്ങളായി ഡബ്ബിങ് രംഗത്തെ നിറസാന്നിധ്യമായ ഷോബി അഭിനയ രംഗത്തും ഇന്ന് സജീവമാണ്. പിതാവ് തിലകന്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് വേണ്ടിയും അന്ന് ഷോബി ശബ്ദം നല്‍കിയിരുന്നു.

ഇന്ന് തന്നെ ചിലര്‍ കളിയാക്കി വിളിക്കുന്നത് കറുമുറു എന്നാണെന്നും ചിലര്‍ പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദമാണെന്ന് പറയാറുണ്ടെന്നും ഷോബി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പണ്ട് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ഫീമെയില്‍ വോയ്‌സായിരുന്നെന്നും അന്ന് താന്‍ പാടിയ പാട്ടുകളില്‍ അധികവും ഫീമെയില്‍ വോയ്‌സിലായിരുന്നെന്നും ഷോബി പറയുന്നു.

അന്നൊക്കെ പാട്ട് പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സാധിച്ചിട്ടില്ല. സ്‌കൂളില്‍ പഠിച്ച സമയത്ത് പാടുമായിരുന്നു. പക്ഷേ അന്നെനിക്ക് ഫീമെയില്‍ വോയ്‌സായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ പാട്ട് പാടിയത് ഫീമെയില്‍ വോയ്‌സിലായിരുന്നു.
അന്നെന്റെ ശബ്ദം മാറിയിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദമല്ലേ. അങ്ങനെ ചിലര്‍ പറയും. ചില റെക്കോഡിസ്റ്റുകള്‍ കറുമുറു എന്നാണ് വിളിക്കുന്നത്. പരുക്കന്‍ ശബ്ദമായതുകൊണ്ടാണത്. റെക്കോഡിസ്റ്റുകള്‍ വിളിക്കുന്നത് കേട്ട് ഇപ്പോള്‍ ഡബ്ബിങ് ആര്‍ടിസ്റ്റുകളും കറുമുറു എന്നാണ് വിളിക്കുന്നത്. പാറപ്പുറത്ത് ചിരയിട്ട് ഉരയ്ക്കുന്ന പോലെയൊന്നെക്കെ ചിലര്‍ പറയാറുണ്ട്.

അച്ഛന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന് പലരും പറയാറുണ്ട്. ചെറുപ്പം തൊട്ടേ അച്ഛന്റെ മോഡുലേഷന്‍ കേട്ട് വളര്‍ന്നതുകൊണ്ടാണ് അങ്ങനെയൊരു സാമ്യം തോന്നിയത്. പിന്നെ അച്ഛന്റെ ശബ്ദവും ചെറുതായി കിട്ടിയിട്ടുണ്ട്. അതു തന്നെയാണ് അതിന്റെ അട്രാക്ഷന്‍.

അച്ഛന്‍ അസുഖമായി കിടക്കുന്ന സമയത്ത് അച്ഛന് വേണ്ടി ഡബ്ബ് ചെയ്തിരുന്നു. പെയ്‌തൊഴിയാതെ എന്ന സീരിയലിന് വേണ്ടിയായിരുന്നു. ഡബ്ബിങ്ങിന് ശേഷം ആ സീരിയല്‍ ഞാനും അച്ഛനും ഒന്നിച്ചിരുന്ന് കണ്ടു. നീ എന്തിനാണ് ആവശ്യമില്ലാത്തിടത്ത് മൂളല്‍ ഇടുന്നതെന്ന് എന്നോട് ചോദിച്ചു.

അച്ഛന്‍ ഡബ് ചെയ്യുമ്പോള്‍ മൂളല്‍ ഇടലില്ലെന്നും അത് വേണ്ടെന്നും സംവിധായകനോട് പറഞ്ഞിരുന്നു. അദ്ദേഹം അത് കട്ട് ചെയ്ത് മാറ്റാമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ അവര്‍ അങ്ങനെയൊക്കെ പറയും, നമ്മള്‍ ആവശ്യമുള്ളതുമാത്രമേ കൊടുക്കാന്‍ പാടുള്ളൂ എന്നായിരുന്നു മറുപടി.

അന്ന് അച്ഛന്റെ ശബ്ദത്തോട് എന്റെ ശബ്ദം വരണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കൊക്കെയായിരുന്നു അതുകൊണ്ട് തന്നെ ഡബ്ബ് ചെയ്തിരുന്നത്, ഷോബി തിലകന്‍ പറഞ്ഞു.

അച്ഛനെ നല്ല പേടിയായിരുന്നല്ലേ എന്ന ചോദ്യത്തിന് മലയാള സിനിമ ഇന്‍ഡസ്ട്രിക്ക് മൊത്തം അച്ഛനെ പേടിയാ. പിന്നെ എനിക്ക് പേടിയില്ലാതിരിക്കുമോ എന്നായിരുന്നു ഷോബിയുടെ മറുപടി.

വീട്ടിലും സമൂഹത്തിലും സിനിമയിലുമെല്ലാം അച്ഛന്‍ ഒരുപലെയാണ്. മോനേ ചക്കരെ പഞ്ചാരെ എന്നൊന്നും അച്ഛന്‍ വിളിച്ചിട്ടില്ല. അച്ഛാ എന്നേ ഞങ്ങളും അച്ഛനെ വിളിച്ചിട്ടുള്ളൂ. ഇന്ന് എന്റെ മക്കള്‍ എന്നെ എടാ അച്ഛാ, അളിയാ, എടാ ഷോബി എന്നൊക്കെ വിളിക്കാറുണ്ട്. അത് ഞങ്ങള്‍ ഇടപഴകുന്ന രീതിയാണ്.

അച്ഛന്‍ ചെയ്ത കഥാപാത്രങ്ങളൊക്കെ കണ്ടുള്ള ബഹുമാനം. അത്ഭുതത്തോടെയാണ് അച്ഛനെ അന്നും ഇന്നും നോക്കിക്കണ്ടത്. ഈ പ്രായത്തിനിടയ്ക്ക് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതെല്ലാം അച്ഛനില്‍ നിന്നു കിട്ടിയതാണ്. അവസരങ്ങള്‍ ഞാന്‍ തന്നെ കണ്ടുപിടിച്ചതാണ്. പക്ഷേ എന്നുള്ളിലെ കഴിവ് അച്ഛനില്‍ നിന്ന് വന്നതാണ്, ഷോബി തിലകന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Dubbing Artist Shobi Thilakan about His career and remember Thilakan