നഴ്‌സുമാരേയും കൂട്ടി അമ്മ അമ്പലത്തിലൊക്കെ പോകും; അച്ഛന്റെ രോഗാവസ്ഥയെ കുറിച്ച് ബ്രീഫ് ചെയ്തു തന്ന ഡോക്ടറെ കുറിച്ച് പറഞ്ഞ കമന്റ് ഇതാണ്: വിനീത് ശ്രീനിവാസന്‍
Movie Day
നഴ്‌സുമാരേയും കൂട്ടി അമ്മ അമ്പലത്തിലൊക്കെ പോകും; അച്ഛന്റെ രോഗാവസ്ഥയെ കുറിച്ച് ബ്രീഫ് ചെയ്തു തന്ന ഡോക്ടറെ കുറിച്ച് പറഞ്ഞ കമന്റ് ഇതാണ്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th November 2022, 12:39 pm

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് നടന്‍ ശ്രീനിവാസന്‍. ആരോഗ്യകരമായ വിഷമതകളെ തുടര്‍ന്ന് കുറച്ചുനാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ നടന്ന നിര്‍മാതാവ് വൈശാഖിന്റെ വിവാഹചടങ്ങിലും ശ്രീനിവാസന്‍ പങ്കെടുത്തിരുന്നു. ശ്രീനിവാസന് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന് കരുതിയിരുന്ന ആരാധകര്‍ക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവ് വലിയ സന്തോഷം നല്‍കിയിരുന്നു.

അച്ഛന്‍ വളരെ ഗുരുതരമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുള്ള ഒരേയൊരാളേ ഉണ്ടായിരുന്നുള്ളൂവെന്നും അത് തന്റെ അമ്മയാണെന്നും പറയുകയാണ് വിനീത്.

അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് അച്ഛന്‍ ചുറ്റുമുണ്ടാവുക എന്നതാണെന്നും വിനീത് പറഞ്ഞു. അയാം വിത്ത് ധന്യമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനീത്. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്തുള്ള അമ്മയുടെ ചില കോമഡികളെ കുറിച്ചും വിനീത് പറയുന്നുണ്ട്.

‘ അച്ഛന്‍ ബൈപ്പാസ് കഴിഞ്ഞുനില്‍ക്കുന്ന സമയമാണ്. ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് പോലും എനിക്ക് അച്ഛന്റെ അടുത്ത് നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വയനാട്ടില്‍ ഷൂട്ട് നടക്കുന്ന സമയമായിരുന്നു. എല്ലാ സീനിലും ഞാനുണ്ട്. അപ്പോള്‍ ഇടക്കിടെ കിട്ടുന്ന ഒഴിവിലാണ് ഞാന്‍ ആശുപത്രിയില്‍ വരുന്നത്.

ഞാന്‍ ചെല്ലുമ്പോള്‍ ഡ്യൂട്ടി ഡോക്ടേഴ്‌സ് നമുക്കിങ്ങനെ ബ്രീഫിങ് തരുമല്ലോ. അങ്ങനെ ഒരു ഡോക്ടര്‍ എന്റെയടുത്ത് കാര്യങ്ങള്‍ പറയുകയാണ്. ഈ സിറ്റുവേഷന്റെ ഗ്രാവിറ്റി നമ്മളെ പറഞ്ഞുമനസിലാക്കുകയാണ്. അപ്പോള്‍ അമ്മ അടുത്തുണ്ട്. ടെക്‌നിക്കലായ ചില കാര്യങ്ങളൊക്കെ ഡോക്ടേഴ്‌സ് ഇങ്ങനെ മെന്‍ഷന്‍ ചെയ്യുമല്ലോ. അതൊക്കെ പറഞ്ഞുകഴിഞ്ഞ ശേഷം അമ്മയെന്നോട് എന്താണ് അവര്‍ പറഞ്ഞതെന്ന് ചോദിച്ചു.

കാര്യമായി ശ്രദ്ധിക്കണമെന്നും പ്രശ്‌നങ്ങളെ കുറിച്ചുമാക്കെ ഞാന്‍ അമ്മയ്ക്ക് പറഞ്ഞുകൊടുത്തു. ഉടനെ അമ്മയുടെ മറുപടി, ആ പുള്ളിക്ക് ഒന്നുമറിയില്ല. ശ്രീനിയേട്ടന് ഒന്നും പറ്റില്ല എന്നായിരുന്നു. മെഡിക്കല്‍ സയന്‍സോ ഒന്നും അവിടെ വിഷയമല്ല (ചിരി). ഭയങ്കര വിശ്വാസമാണ് അച്ഛന് ഒന്നും പറ്റില്ലെന്ന്.

അമ്മ ചിലപ്പോള്‍ നഴ്‌സുമാരേയും കൂട്ടിയിട്ട് അമ്പലത്തില്‍ പോവും. ഏത് ഹോസ്പിറ്റലില്‍ ചെന്നാലും നഴ്‌സുമാരുമായിട്ട് ഭയങ്കര കമ്പനിയായിരിക്കും. കുറച്ച് കഴിയുമ്പോള്‍ അവരുടെ പേരൊക്കെ വിളിക്കുന്നത് കേള്‍ക്കാം. അവള്‍ നിന്റെ കൂടെ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നൊക്കെ എന്നോട് പറയും. എന്നിട്ട് ഇവരേയും കൂട്ടിയിട്ട് വരും.

അമ്മയെ പറഞ്ഞ് കളിയാക്കുന്ന കോമഡിയുണ്ട്. അമ്മ വീട്ടില്‍ നിന്ന് ഏതെങ്കിലും ഒരു അമ്പലത്തിലേക്ക് തൊഴാന്‍ വേണ്ടി പോകുകയാണെങ്കില്‍ വഴിയില്‍ വേറെ ഏതെങ്കിലും ക്ഷേത്രം കണ്ടാല്‍ അവിടേയും ഇറങ്ങി പ്രാര്‍ത്ഥിക്കും. ഇത് ശരിക്കും നടക്കുന്ന കാര്യമാണ്. പിന്നെ അച്ഛന്‍ ആരുടേയും വിശ്വാസത്തെ എതിര്‍ക്കില്ല. അച്ഛന് ചിലപ്പോള്‍ യോജിപ്പുണ്ടാവില്ല, പക്ഷേ എതിര്‍ക്കില്ല, വിനീത് പറഞ്ഞു.

പണ്ടൊക്കെ ചെന്നൈയില്‍ നിന്നും വര്‍ക്കിനായി എറണാകുളത്ത് എത്തിയാല്‍ പോലും തിരക്ക് കാരണം വീട്ടില്‍ കയറാതെ തിരിച്ചുപോകുന്ന ആളായിരുന്നു താനെന്നും എന്നാല്‍ ഇന്ന് തിരുവനന്തപുരത്തേക്ക് ഒരു ആവശ്യത്തിന് വന്നാല്‍ പോലും വീട്ടില്‍ കയറാതെ താന്‍ ചെന്നൈയ്ക്ക് പോകില്ലെന്നും വിനീത് അഭിമുഖത്തില്‍ പറയുന്നുണ്ട്.

Content Highlight: Actor Director Vineeth  Sreenivasan about his Mother