|

എ പടം എന്ന് പറഞ്ഞ് ചതുരത്തിന് ഭ്രഷ്ട് കല്‍പ്പിച്ചു, തലയ്ക്കടിച്ചു കൊല്ലുന്ന, എ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന പടം ഇവര്‍ക്ക് ഓക്കെയാണ്: സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകരെന്ന നിലയില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നതാണ് ഇവിടെ കൂടുതല്‍ പേരും ഇപ്പോള്‍ എന്‍ജോയ് ചെയ്യുന്നതെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍.

താന്‍ സംവിധാനം ചെയ്ത ചതുരം അഡള്‍ട്ട് കണ്ടന്റായിരുന്നെന്നും അതിനെ എ പടം എന്ന് പറഞ്ഞ് ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയെന്നും എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന, ആളുകളെ തലയ്ക്കടിച്ചു കൊല്ലുന്ന സിനിമയൊക്കെ ഇവര്‍ക്ക് ഓക്കെയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

‘ചതുരം ഒരു അള്‍ട്ട് കണ്ടന്റാണ്. കുറച്ച് ഇറോട്ടിസം ഉണ്ടെന്നേയുള്ളൂ. ഈ അഡള്‍ട്ട്‌സ് കണ്ടതുകൊണ്ട് ഒരു തെറ്റുമില്ല. ആണിനും പെണ്ണിനും കാണാം.

ഇവിടെ കൂടുതല്‍ എ വരുന്നത് ഇറോട്ടിക് കണ്ടന്റിന് അല്ല വയലന്‍സിനും ബ്ലഡ് ചീറ്റുന്നതിനും ആണ്. എന്നിട്ട് ഇതിനെ എ പടം എന്ന് പറഞ്ഞ് ഭ്രഷ്ട് കല്‍പ്പിച്ച് മാറി നില്‍ക്കുന്നു.

എന്നാല്‍ തലയ്ക്കടിച്ചു കൊല്ലുന്നതൊക്കെ ഇവര്‍ക്ക് ഓക്കെയാണ്. ഇതാണ് പ്രശ്‌നം. ലവ് പീപ്പിള്‍. സൊസൈറ്റിയില്‍ കലിപ്പ് ഉണ്ടെന്നുള്ളതില്‍ ഒരു സംശയവും ഇല്ല.

നെറ്റ്ഫ്‌ളിക്‌സിലെ സീരീസ് ആയാലും സിനിമയായാലും മനുഷ്യനെ കൊന്ന് തുണ്ടം തുണ്ടമായി വെട്ടി പല സ്ഥലത്ത് കൊണ്ടിട്ട് പൊലീസിന് കണ്ടു പിടിക്കാന്‍ പറ്റാത്ത രീതിയിലുള്ള സാധനമാണ് ആള്‍ക്കാര്‍ക്ക് കാണാന്‍ ഇഷ്ടം.

അതൊരു ഡേഞ്ചറസ് ട്രെന്‍ഡ് ആണ്. ലവ് കോമഡി ഫിലിംസ് വരണം റോം കോം മൂവീസൊക്കെ വരണം. പക്ഷേ ആളുകള്‍ക്ക് അതിലൊന്നും താത്പര്യമില്ല.

കോവിഡിന്റെ സമയം വരെ നമ്മുടെ പ്രേക്ഷകര്‍ക്ക് വലിയ മാറ്റമാണ് ഉണ്ടായത് ആ ഗ്യാപ്പിലാണ് ഈ പറഞ്ഞ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ വരവ്. കളര്‍ ടോണ്‍ വരെ അവരെ സ്വാധീനിച്ചു. ഇല്ലെന്ന് പറയാന്‍ പറ്റില്ല.

അതിന്റെ ഭാഗമായിട്ട് സീരിയല്‍ കില്ലിങ്ങും കില്ലറും എല്ലാം ഇവിടെ വന്നു. എനിക്ക് അതില്‍ വലിയ താത്പര്യമൊന്നും ഇല്ല. വളരെ ലൈറ്റ് ആയിട്ടുള്ള സിനിമകളോടാണ് എനിക്ക് താത്പര്യം. പണ്ടത്തെ സിനിമകള്‍ അതേപോലെ വരണമെന്നല്ല. അത് ഡിസ്‌കസ് ചെയ്യുന്ന റിയല്‍ സിറ്റുവേഷന്‍സും കാര്യങ്ങളുമൊക്കെയുണ്ട്.

അടുത്ത കാലത്തായി ഞാന്‍ തന്നെ കുറേ കഥകള്‍ കേട്ടു. ഏഴെട്ട് പേരെ കൊന്നിട്ടുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍. എന്തിന്? എനിക്ക് ആരേയും കൊല്ലാന്‍ താത്പര്യമില്ല. ആള്‍ക്കാരെ സ്‌നേഹിച്ച് ജീവിച്ചാല്‍ മതി. ക്രൈം എങ്ങനെ മറയ്ക്കാം എന്നതിലാണ് ആളുകള്‍ക്ക് കൂടുതലും താത്പര്യമുള്ളത്.

ഒരു സിനിമയില്‍ ഞാന്‍ ഒരു റേപ്പ് സീന്‍ ചെയ്യുകയാണ് എന്ന് കരുതുക. അത് എടുക്കുന്ന സമയത്ത് ഞാന്‍ ഒരു മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ ആ മുറിയിലിരുന്ന് ഒരു കൊച്ച് കരയുന്നതായി കാണിച്ചാലും ഐഡിയ കണ്‍വേ ചെയ്യുന്നുണ്ട്. അയാള്‍ ആ പെണ്‍കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നു.

ഇതല്ലാതെ ഉന്തിയിട്ട് പിടിച്ചുവലിച്ച് പഴയ ബാലന്‍ കെ. നായര്‍ സെറ്റപ്പ് കാണിച്ചാലും ഐഡിയ കണ്‍വേ ആണ്. ഇത് എന്റെ അടുത്ത് വരുമ്പോള്‍ ഞാന്‍ ഓപ്റ്റ് ചെയ്യുക ആദ്യത്തേത് ആയിരിക്കും.

അത് ഒരു നടനെന്ന നിലയില്‍ എനിക്ക് പറയാന്‍ പറ്റും. പക്ഷേ മറ്റേത് വേണമെന്ന് ഡയരക്ടര്‍ വാശിപിടിച്ചാല്‍ വേറെ ആരെയെങ്കിലും നോക്കാമെന്ന് എനിക്ക് പറയാം. ഞാന്‍ അതില്‍ അണ്‍ കംഫര്‍ട്ടബിള്‍ ആണെന്ന് പറയാം. അപ്പോള്‍ ചിലപ്പോള്‍ പുള്ളി എന്റെ വിഷനൊപ്പം നില്‍ക്കാം. അത് നമ്മള്‍ പറയുന്നതുപോലെയിരിക്കും,’ സിദ്ധാര്‍ത്ഥ് പറയുന്നു.

Content Highlight: Actor Director Sidharth Bharathan about A Certification and Chathuram Movie

Video Stories