| Wednesday, 20th January 2021, 4:06 pm

'മോഹന്‍ലാലിന് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ'; ആ ചോദ്യം കേട്ട സന്ദര്‍ഭങ്ങള്‍ പങ്കുവെച്ച് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളില്‍ ഏറ്റവുമധികം സ്റ്റേജ് ഷോകള്‍ ചെയ്യുന്ന ഒരാളാണ് ലാലേട്ടനെന്നും സധൈര്യം അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നും നടനും സംവിധായകനുമായ രമേഷ് പിഷാരടി.

‘ലാലേട്ടന് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ’ എന്ന ചോദ്യത്തിന്റെ ഉത്തരം തനിക്കറിയില്ലെന്നും എങ്കിലും ഇതേ ചോദ്യം പലരില്‍ നിന്നായി താന്‍ കേട്ടിട്ടുണ്ടെന്നും പിഷാരടി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ പംക്തിയില്‍ പങ്കുവെക്കുന്നുണ്ട്.

ലാലേട്ടന്റെ ഒരുപാട് ഷോകള്‍ അമേരിക്കയില്‍ സംഘടിപ്പിച്ച സ്‌പോണ്‍സറാണ് താര ആര്‍ട്‌സ് വിജയന്‍. അദ്ദേഹത്തിന്റെ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പതിനാറോളം കലാകാരന്‍മാര്‍ അമേരിക്കയിലെത്തി. യാത്രാക്ഷീണവും രാത്രിയും പകലും തമ്മിലുള്ള വ്യത്യാസവും എല്ലാം കണക്കാക്കി ഒരു ദിവസം വിശ്രമം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിക്ക് റിഹേഴ്‌സല്‍, ഇത്രയും പറഞ്ഞ് ഉറപ്പിച്ച് എല്ലാവരും പല നിലകളിലായുള്ള അവരവരുടെ മുറികളിലേക്ക് പോയി.

പിറ്റേദിവസം രാവിലെ റിഹേഴ്‌സലിന് ആര്‍ട്ടിസ്റ്റുകളെ കൊണ്ടുപോകാനുള്ള വണ്ടി വന്നു. 8.45 മുതല്‍ ഹോട്ടലിലെ ലോബിയില്‍ ലാലേട്ടന്‍ തയ്യാറായി ഇരിക്കുന്നു. ഒമ്പതുമണിയോടു കൂടി മൂന്നാലുപേര്‍ കൂടി തയ്യാറായി അവിടേക്ക് വന്നു. പന്ത്രണ്ടോളം പേര്‍ എത്തിയിട്ടില്ല. റിസപ്ഷനിലെ ഫോണില്‍ നിന്ന് എത്താതിരുന്നവരുടെ മുറിയിലേക്ക് വിളിക്കാനൊരുങ്ങി വിജയേട്ടന്‍ റൂം നമ്പരുകള്‍ എഴുതിയ കടലാസ് പോക്കറ്റില്‍ നിന്നെടുത്തു.

മറ്റുചിലര്‍ മാപ്പു പറയാന്‍ ഒരുങ്ങി. വാതിലില്‍ മുട്ട് കേട്ട് ഉറക്കമെഴുന്നേറ്റ് വന്ന സിനിമാറ്റിക് ഡാന്‍സ് കലാകാരനോട് ലാലേട്ടന്‍ ചിരിച്ച മുഖത്തോടെ പറഞ്ഞു’ മോനെ, എല്ലാ ദിവസവും ഞാന്‍ വന്ന് വിളിക്കണമെങ്കില്‍ വിളിക്കാം പക്ഷേ പറഞ്ഞ സമയത്ത് തന്നെ വന്നാല്‍ അത് എല്ലാവര്‍ക്കും നല്ലതല്ലേ’, പിന്നീട് ആ ഷോകള്‍ തീരുന്നതുവരെ ആരും വൈകിയില്ല. ആരോടും പരിഭവം പറയാതെ എല്ലാ മുറികളിലും പോയി വിളിച്ച ഈ സംഭവം വിവരിച്ചപ്പോള്‍ വിജയന്‍ ചേട്ടന്‍ ചോദിച്ചു, വേറെ ആര് ചെയ്യും ഇതുപോലെ, ലാലിന് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ.

ദൈര്‍ഘ്യമേറിയ സംസ്‌കൃത നാടകം കാണാപാഠം പഠിച്ച് അവതരിപ്പിച്ച് വിജയിപ്പിച്ചപ്പോഴും പലരും ഇതേ ചോദ്യം ചോദിച്ചുകേട്ടിട്ടുണ്ട്.

ഒരുതവണ പുലിമുരുകന്‍ എന്ന ചിത്രത്തിലെ സംഘട്ടന രംഗം ലൈവായി വേദിയില്‍ അവതരിപ്പിച്ചു. അതും സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ. കണക്കുകൂട്ടലുകള്‍ ഒന്നുപിഴച്ചാല്‍ അപകടം സംഭവിക്കാം. പീറ്റര്‍ ഹെയ്ന്‍ പോലും അത് വേദിയില്‍ ചെയ്യുന്നതിന്റെ അപകടത്തെ കുറിച്ച് ഓര്‍മിപ്പിച്ചു. ലാലേട്ടന്‍ പിന്മാറിയില്ല. ആ ഷോ ഫിലിം അവാര്‍ഡുകളിലെ ഒരു നാഴികക്കല്ലായിരുന്നു. അന്നും ഇതേ ചോദ്യം പലരും ചോദിച്ചു.

ലാലേട്ടന് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ, പണമുണ്ടാക്കാനോ പ്രശസ്തിയുണ്ടാക്കാനോ ഇനി ലാലേട്ടന് ഇതൊന്നും ചെയ്യേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തോന്നുന്നില്ല എന്നല്ല ആവശ്യമില്ല എന്നതുതന്നെയാണ് സത്യം.

ഇങ്ങനെയൊക്കെയാണ് ലാലേട്ടന്‍. ഈ ചോദ്യവും ഉത്തരവും നമ്മളുടേതാണ്. ലാലേട്ടന്റെ മുന്നില്‍ ഇത് രണ്ടും ഇല്ല. കലയാണ് കലാകാരനാണ്, യാത്ര മുന്നിലേക്കു തന്നെയാണ്’, പിഷാരടി കുറിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor, Director Ramesh Pisharody About Actor Mohanlal

We use cookies to give you the best possible experience. Learn more