ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് 2024ൽ തുടങ്ങുമെന്ന് നടനും സംവിധായകനും നിർമാതാവുമായ അനൂപ് മേനോൻ. അനൂപ് മേനോൻ, ജയസൂര്യ, ഭാവന, ഹണി റോസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായ ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. ഇതിന്റെ രണ്ടാം ഭാഗം വരുമെന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ അനൂപ് മേനോൻ കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘ട്രിവാൻഡ്രം ലോഡ്ജ് 2024ൽ ഷൂട്ട് ഉണ്ട്. ടൈം ആഡ്‌സ് അവർ തന്നെയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. ഞങ്ങൾ ഈ വർഷം അവസാനം തുടങ്ങാനിരുന്നതാണ്. പക്ഷെ അതിൽ പ്രധാന കഥാപാത്രമായിട്ട് വരേണ്ട ആൾക്ക് 2024ലെ ഡേറ്റ് ഉള്ളു എന്നതുകൊണ്ട് മാറ്റി വെച്ചു.
പഴയ കുറേ പേരുണ്ട് കുറേ പേരില്ല. ബാലേട്ടനൊന്നും ഇല്ലല്ലോ, അദ്ദേഹമൊക്കെ ട്രിവാൻഡ്രം ലോഡ്‌ജിലെ മറക്കാൻ പറ്റാത്ത കഥാപാത്രമല്ലേ. നിവർത്തില്ലായിമകളുണ്ട് , ബാക്കി പലരുമുണ്ട്,’അനൂപ് പറഞ്ഞു.
ട്രിവാൻഡ്രം തന്നെയാണ് കഥ നടക്കുന്നതെന്നും പക്ഷെ മറ്റൊരു ലോഡ്ജിലാണെന്നുമാണ് വ്യത്യാസമെന്ന് അനൂപ് പറഞ്ഞു. ചിത്രത്തിന്റെ എത്ര ഭാഗം വേണമെങ്കിലും ചെയ്യാമെന്നും അതിൽ കഥാപാത്രങ്ങൾ മാറിയാൽ മതിയെന്നും താരം പറഞ്ഞു.
‘ട്രിവാൻഡ്രം തന്നെയാണ് ഷൂട്ട്, പക്ഷെ മറ്റൊരു ലോഡ്ജാണ്. ലോഡ്ജിൽ ക്യാരക്ടേഴ്‌സ് എപ്പോഴും മാറുമല്ലോ, അതിലൊരു പന്ത്രണ്ട് മുറികളിലുള്ള മറ്റ് പന്ത്രണ്ട് ക്യാരക്ടേഴ്‌സാണ്.
ഈ സിനിമയ്‌ക്കൊരു പോസ്സിബിലിറ്റി ഉള്ളതുകൊണ്ടാണ് ചെയ്യുന്നത്. തിരക്കഥ എന്ന സിനിമയ്ക്ക് ഒരു സെക്കന്റ് പാർട്ട് ഇല്ല. അത് അതേപോലെ വേണമെങ്കിൽ റീമെയ്ക്ക് ചെയ്യാം. പക്ഷെ ഇത് അങ്ങനെയല്ല. ട്രിവാൻഡ്രം ലോഡ്ജിന് എത്ര ഭാഗം വേണമെങ്കിലും ഉണ്ടാകാം. പ്രേക്ഷകർ അത് സ്വീകരിക്കുകയാണെങ്കിൽ മാത്രം. കാരണം ആ ലോഡ്ജ് അതിന്റെ സെറ്റ് ആണ്. ആ പന്ത്രണ്ട് ക്യാരക്ടേഴ്‌സ് അല്ലെങ്കിൽ പത്ത് ക്യാരക്ടേഴ്‌സ് മാറി വന്നാൽ മതി,’ അനൂപ് മേനോൻ പറഞ്ഞു.
Content Highlight: Actor-director-producer Anoop Menon says the shooting of the second part of Trivandrum Lodge will begin in 2024