| Friday, 28th April 2023, 9:33 am

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാന്‍ എനിക്ക് സാധിച്ചു: ഡിനോ മോറിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് വര്‍ഷത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

നടന്‍ ഡിനോ മോറിയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ അവസരത്തില്‍ മമ്മൂട്ടിയെ കുറിച്ച് ഡിനോ മോറിയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തിന്റെ കൂടെ ഒരുപാട് നേരം ചെലവഴിക്കാന്‍ സമയം ലഭിച്ചെന്നും ഡിനോ പറഞ്ഞു.

‘ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി, അതിനാല്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു.

ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു, ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിക്കുമ്പോഴൊക്കെയും എന്റെ അഭിനയം മെച്ചപ്പെടുത്താനും സാധിച്ചു’, എന്നാണ് ഡിനോ പറഞ്ഞത്.

‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ഡിനോ മോറിയോ ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ ചെറിയൊരു ഭാഗം മാത്രമായിരുന്നു നടന്‍ കൈകാര്യം ചെയ്തത്. 18-20 വര്‍ഷങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നതെന്നും ഡിനോ മോറിയ കൂട്ടിച്ചേര്‍ത്തു.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഏജന്റ്. മേജര്‍ മഹാദേവന്‍ എന്ന സുപ്രധാന കഥാപാത്രത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിനായി തെലുങ്കില്‍ ഡ്ബ്ബ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

‘ഡെവിള്‍’ എന്ന ടൈറ്റിലില്‍ ദയയില്ലാത്ത രക്ഷകനായാണ് മേജര്‍ മഹാദേവന്റെ ആദ്യ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. സാക്ഷി വൈദ്യയാണ് ഫീമെയ്ല്‍ ലീഡ് റോള്‍ അവതരിപ്പിക്കുന്നത്.

content highlight: actor dino moriya about mammootty

We use cookies to give you the best possible experience. Learn more