Advertisement
Mollywood
അഭിനയം തലയ്ക്കുപിടിച്ച സിനിമാമോഹി; നായാട്ടിലെ 'ബിജു' വിലൂടെ കൈയ്യടി നേടിയ നടന്‍ ഇതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 11, 08:08 am
Tuesday, 11th May 2021, 1:38 pm

കൊച്ചി: മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് നായാട്ട്. തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കൈയ്യടിച്ചത് നായാട്ടിലെ നെഗറ്റീവ് വേഷമായ ബിജു എന്ന കഥാപാത്രത്തിനു വേണ്ടിയാണ്.

വെള്ളിത്തിരയില്‍ കാര്യമായ അഭിനയ അനുഭവമില്ലാത്തയാളായിട്ടും മുന്‍നിര താരങ്ങളോട് കിട പിടിക്കുന്ന രീതിയിലായിരുന്നു ബിജു എന്ന കഥാപാത്രത്തിന്റെ പ്രകടനം.

ചിത്രം കണ്ടതിനു ശേഷം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചതും ഈ നടനെപ്പറ്റിയായിരുന്നു. ആലപ്പുഴ സ്വദേശിയായ ദിനീഷാണ് നായാട്ടിലെ ബിജുവിന്റെ റോളില്‍ തകര്‍ത്തഭിനയിച്ചത്.

അഭിനയമോഹം തലയ്ക്ക് പിടിച്ച് ഏറെ നാളുകളായി അലഞ്ഞ ഒരു സിനിമ മോഹിയാണ് ദിനീഷ്. ഓഡിഷനിലൂടെയാണ് അദ്ദേഹം നായാട്ടിലെത്തിയത്. കഥാപാത്രത്തിനായി ശരീരഭാരം കുറച്ച ദിനീഷ് സിനിമയ്ക്കായി ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

പൊലീസിന്റെ ദൈനംദിന പ്രവൃത്തികളും വ്യക്തി ജീവിതവും മുതല്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലികള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദവും രാഷ്ട്രീയക്കാരുടെ വെറും കളിപ്പാവകളായി മാറേണ്ടി വരുന്ന അവസ്ഥയുമെല്ലാം പറയുന്ന ചിത്രം കൂടിയാണ് നായാട്ട്. അതുപോലെ തന്നെ പൊലീസ് നടത്തുന്ന നിയമവിരുദ്ധമായ അറസ്റ്റുകള്‍ മുതലുള്ള പ്രവൃത്തികളും ചിത്രത്തിലുണ്ട്.

നായാട്ട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Dinish’s Performance In Nayattu