പത്മ സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ തങ്ങി നിൽക്കാൻ പാകത്തിലുള്ള കഥാപാത്രമാണ് ദിനേശ് പ്രഭാകർ ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരൊറ്റ സീനിൽ മാത്രമാണ് കടന്നു വരുന്നതെങ്കിലും മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത്.
2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ദിനേശ് പ്രഭാകർ സിനിമാ ജീവിതം തുടങ്ങുന്നത്. അതിനു ശേഷം പ്രേക്ഷകർ ഓർത്തിരിക്കുന്ന പല ക്യാരക്ടറുകളും അദ്ദേഹം കൈകാര്യം ചെയ്തു. രാപ്പകലിലെ ഗോവിന്ദനും സ്വപ്നക്കൂടിലെ അൻപഴകനും പട്ടാളത്തിലെ സതീശനുമൊക്കെ അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളായിരുന്നു.
പത്മയിൽ വളരെ ഇമോഷണലായ ഒരു രംഗമാണ് ദിനേശ് പ്രഭാകർ കൈകാര്യം ചെയ്തത്. അഭിനയത്തിൽ എന്തെങ്കിലും ചെറിയൊരു പാളിച്ച സംഭവിച്ചാൽ പോലും ബോറാവാനും പ്രേക്ഷകരെ മടുപ്പിക്കാനും സാധ്യതയുള്ള ഒരു കഥാപാത്രമായിരുന്നു അത്. എന്നാൽ ആ റോൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
തന്റെ ഭാര്യയും സുഹൃത്തും തന്നെ ചതിക്കുന്ന കാര്യം സൈക്കോളജിസ്റ്റ് ആയ അനൂപ് മേനോന്റെ അടുത്ത് പറയുന്നതാണ് രംഗം. തീർത്തും ഇമോഷണലായ ഈ സീൻ അദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തു. സങ്കടവും നിസ്സഹായതയും കൃത്യമായ രീതിയിൽ കഥാപാത്രത്തിന് നൽകി. ചതിക്കപ്പെട്ട മനുഷ്യന്റെ വേദന ദിനേശിന്റെ അഭിനയത്തിലൂടെ പ്രേക്ഷകർക്ക് കമ്മ്യൂണിക്കേറ്റ് ആയിരുന്നു.
2015ലിറങ്ങിയ ലുക്കാ ചുപ്പി ദിനേശ് പ്രഭാകറിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്താവുന്നതാണ്. കോളേജിൽ പഠിച്ച സുഹൃത്തുക്കൾ ഒന്നിച്ചു ചേരുമ്പോൾ ജീവിതത്തിൽ ഒന്നും നേടാനാവാത്തതിലെ അപകർഷത മൂലം മാറി നിൽക്കേണ്ടി വരുന്ന ഒരാളാണ് ചത്രത്തിൽ ദിനേശ്.
ആ കഥാപാത്രം അനുഭവിക്കുന്ന ദുഖവും നിരാശയും കൃത്യമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
പാവാട, ഊഴം, 1983, ആമി, ബ്രോ ഡാഡി എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു സിനിമകൾ.