| Monday, 6th February 2023, 8:27 am

എല്ലാം അറിഞ്ഞ സുരേഷ് ഗോപി എന്നെയൊന്ന് നോക്കി, സിനിമ ഇട്ടിട്ട് പോയാലോ എന്നൊക്കെ ആലോചിച്ചു: ദിനേശ് പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ എന്‍.ആര്‍ സഞ്ജീവ് സംവിധാനം ചെയ്ത സിനിമയായിരുന്നു ‘ജനകന്‍’. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തിയത് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരായിരുന്നു. സിനിമയിലെ ഇട്ടിയേച്ചന്‍ എന്ന കഥാപാത്രം അഭിനയിച്ചപ്പോഴും അതിനുശേഷവുമുണ്ടായ ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് ദിനേശ് പണിക്കര്‍.

തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു എന്നും ഷൂട്ടിന് വന്നപ്പോഴാണ് അറിയുന്നതെന്നും ദിനേശ് പറഞ്ഞു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് സിനിമ ഇട്ടിട്ട് പോയാലോ എന്നുവരെ കരുതിയെന്നും അദ്ദേഹം പറഞ്ഞു. ദിനേശ് പണിക്കര്‍ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ജനകന്‍ സിനിമയില്‍ അഭിനയിച്ചതിന് ശേഷം പലരും എന്നെ വെറുത്തു. എപ്പോഴും സംസാരിച്ചിരുന്ന ഒരു അമ്മച്ചിയൊക്കെ എന്നെ കണ്ടതും മുഖം തിരിച്ച് നടന്നുപോകുക വരെ ചെയ്തിട്ടുണ്ട്. കാണുമ്പോഴെല്ലാം എന്നോട് വളരെ സ്‌നേഹത്തോടെ സംസാരിച്ചിരുന്ന ആളായിരുന്നു. ജനകന്‍ കണ്ടോയെന്ന ഞാന്‍ അവരോട് ചോദിച്ചു. കണ്ടു, ദിനേശിനെ അങ്ങനെ കാണാന്‍ താല്‍പര്യമില്ലെന്നും അവര്‍ പറഞ്ഞു.

ഞാന്‍ നന്നായി അഭിനയിച്ചത് കൊണ്ടാണല്ലോ ഇങ്ങനെയൊരു മാര്‍ക്കിങ് എന്നോര്‍ത്ത് സമാധാനിച്ചു. നിങ്ങളുടെ അഭിനയം നല്ലതായത് കൊണ്ടാണ് എല്ലാരും ഇങ്ങനെ പറയുന്നതെന്ന് പലരും എന്നോട് പറഞ്ഞു. ജനകനിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു ചിത്രത്തിലേക്ക് ആദ്യം എന്നെ വിളിക്കുന്നത്. എന്നിട്ടാണ് സംവിധായകന്‍ സജി പറവൂര്‍ എന്നോട് സംസാരിച്ചത്. കഥാപാത്രത്തെ കുറിച്ചൊന്നും ഞാന്‍ ചോദിച്ചില്ലായിരുന്നു.

മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കുന്ന ഒരു സീനായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. അടുത്ത ദിവസത്തെ ഷൂട്ടും ഇതുപോലെയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അടുത്ത ദിവസത്തെ സീന്‍ എന്താണെന്ന് പോലും ഞാന്‍ ചോദിച്ചില്ല. എന്നാല്‍ സീന്‍ മുഴുവനും വായിച്ച സുരേഷ് ഗോപിയൊക്കെ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെയാണ് സീന്‍ വായിച്ചതും സത്യാവസ്ഥ മനസിലാക്കുന്നതും.

സിനിമയില്‍ സുരേഷ് ഗോപിയുടെ മകളെ ഉപദ്രവിക്കുന്ന സീനായിരുന്നു അടുത്തത് ഷൂട്ട് ചെയ്യാന്‍ പോകുന്നത്. അത് വായിച്ച് കുറച്ച് നേരം ഞാന്‍ അന്തംവിട്ട് ഇരുന്നുപോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത വില്ലന്‍ അതായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ഇട്ടിട്ട് പോയാലോ എന്നൊക്ക ഞാന്‍ ആലോചിച്ചിരുന്നു.

വില്ലന്റെ വേഷം എനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാനാണ് ശരിക്കും ആ സിനിമ ചെയ്തത്. ഇന്നും എവിടെ എങ്കിലുമൊക്കെ സംസാരിക്കുമ്പോള്‍ ജനകനിലെ ഇട്ടിയേച്ചനെ കുറിച്ച് പറയാറുണ്ട്. ആ കഥാപാത്രത്തിന്റെ പേര് ഇപ്പോഴും ആളുകളുടെ മനസില്‍ തങ്ങി നില്‍ക്കുന്നുണ്ട്. ജനകന് ശേഷം നിരവധി അവസരങ്ങള്‍ എന്നെ തേടി വന്നിരുന്നു,’ ദിനേശ് പണിക്കര്‍

content highlight: actor dinesh panicker says about janakan movie

Latest Stories

We use cookies to give you the best possible experience. Learn more