കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ് ആയതിനാല്‍ ഹാജരായില്ല.
ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസ്.
അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങള്‍ എന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹരജിയില്‍ ദിലീപ് ആരോപിച്ചു.
അതേസമയം, ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. കേസിലെ ഓഡിയോ റെക്കോര്‍ഡുകളാണ് കൈമാറിയത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയത്.
തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. തന്നെ പൊലീസ് ഇറക്കിയതാണെന്ന് ദിലീപ് പറയുന്നുണ്ടെന്നും പറ്റുമെങ്കില്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ മുഴുവന്‍ തെളിവുകള്‍ കൈമാറിയതായും ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകമായ സംഭാഷണവും കൈമാറിയതായും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.
ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും കോടതിയില്‍ നല്‍കും.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്.
20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും.
അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.
കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Actor Dileep’s anticipatory bail hearing postponed in case of attempt to harass investigators