ഓഫ് സ്‌ക്രീനിലും റിയല്‍ ആയിട്ടിരിക്കുന്ന വളരെ കുറച്ച് ആളുകളേ ഇന്‍ഡസ്ട്രിയിലുള്ളൂ: ധ്യാന്‍ ശ്രീനിവാസന്‍
സിനിമ ഇൻഡസ്ട്രയിൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഓഫ് സ്ക്രീനിലും റിയലായിട്ടിരിക്കാൻ ശ്രമിക്കാറുള്ളൂ എന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. നല്ല സിനിമ ചെയ്തത് കൊണ്ട് ആരും നല്ല മനുഷ്യനാവില്ലെന്നും മോശം സിനിമകൾ ചെയ്യുന്ന ആളുകൾ മോശം മനുഷ്യരെല്ലെന്നും താരം പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.
‘ഒരാൾ നല്ല സിനിമ ചെയ്തത് കൊണ്ട് അയാൾ നല്ല മനുഷ്യനാവുന്നില്ല. നമ്മുടെ സമൂഹത്തിൽ അങ്ങനെയൊരു ചിന്തയുണ്ട്, ഒരു മോശം സിനിമ ചെയ്താൽ അയാളൊരു മോശം വ്യക്തിയാണെന്ന്. ഞാൻ നല്ല മനുഷ്യനാണ്, മോശം സിനിമകൾ ചെയ്യുന്നെന്നേയുള്ളു. നല്ല സിനിമകൾ ചെയ്യുന്ന ആളുകൾ നല്ല ആളുകളായിട്ടും മോശം സിനിമകൾ ചെയ്യുന്ന ആളുകൾ മോശം ആളുകളായിട്ടും കാണുന്ന ഒരു പ്രവണത നമ്മുടെ നാട്ടിലുണ്ട്.
സിനിമയ്ക്ക് അകത്തുള്ള വില്ലനെ നമ്മൾ ജീവിതത്തിൽ കാണുന്നതും ഒരു വില്ലനായിട്ടാണ്. അയാൾ ഏതെങ്കിലും സ്ഥലത്തേക്ക് കയറി വരുമ്പോൾ തന്നെ നമ്മൾ അയാളെ ജഡ്ജമെന്റലായിട്ടാണ് കാണുക. അയാളൊരു പാവം മനുഷ്യനായിരിക്കും. അതേസമയം ഒരു നായകനാണെങ്കിൽ ചിലപ്പോൾ അയാളായിരിക്കും ലോകത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ.
ഓഫ് സ്ക്രീനിലും നമ്മൾ നമ്മളായിട്ടിരിക്കുക എന്നതാണ്. സ്ഥിരം ഒരു ഷെല്ലിനകത്ത് നിന്നിട്ട് സംസാരിക്കുന്ന നടന്മാരുണ്ട്. എന്റെ അഭിമുഖത്തിന് ശേഷം പലരും അത് മാറ്റിവരുന്നുണ്ട്,’ ധ്യാൻ പറഞ്ഞു.
സിനിമ ഇൻഡസ്ട്രയിൽ വളരെ കുറച്ച് ആളുകളേ ഓഫ് സ്ക്രീനിലും റിയാലായിട്ടിരിക്കാറുള്ളു എന്നും നടൻ രജിനികാന്തിനെയാണ് അത്തരത്തിലുള്ള ഒരാളായിട്ട് തനിക്ക് തോന്നിയതെന്നും നടൻ പറഞ്ഞു.
‘ഈ പ്രായത്തിലും രജിനി സാറിന്റെ ഈ ആവേശത്തിനും എനർജിക്കും കാരണം അവർക്ക് സിനിമയോടുള്ള പാഷനാണ്. ഈ എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹം തരുന്ന ആ മാസ്സ് പെർഫോമൻസിന് അദ്ദേഹം ഇടുന്ന എഫേർട് വലുതാണ്. പഴയ പോലെ പവറിൽ നമുക്ക് ഡയലോഗ്സ് കിട്ടണമെങ്കിൽ എന്ത് എഫേർട് ഇടുന്നുണ്ടാവുമെന്ന് നമ്മൾ ആലോചിക്കണം.
ഇപ്പോൾ എനിക്ക് കിട്ടുന്ന സ്വീകാര്യത ഞാൻ ഒരു നല്ല സിനിമ ചെയ്യുമ്പോൾ ഭയങ്കരമായി കിട്ടും. ഞാനൊരു നല്ല സിനിമ ചെയ്താൽ മാത്രമേ എനിക്കത് കിട്ടുകയുള്ളു. ഞാൻ പല സ്ഥലങ്ങളിലും ഷൂട്ടിന് പോകുമ്പോൾ എന്നെ നിർത്തി പലരും ചോദിച്ചിട്ടുണ്ട് നിനക്ക് ഒരു നല്ല സിനിമ ചെയ്തൂടെ മോനെ, എന്നാൽ ഞങ്ങൾ പോയി കാണില്ലേ എന്ന്,’ താരം പറഞ്ഞു.
സിനിമ പാഷനായി വന്ന ഒരാളല്ല താനെന്നും താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
Content Highlight: Actor Dhyan Srinivasan says that very few people in the film industry try to be real off-screen as well