Advertisement
Film News
എന്റെ ലൈഫ് ,പഠനം ,പ്രണയം എല്ലാം തുലച്ചത് സിന്തെറ്റിക്കാണ്: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 11, 08:29 am
Monday, 11th September 2023, 1:59 pm

സിന്തെറ്റിക്കാണ് തന്റെ ജീവിതവും പഠനവും പ്രണയമെല്ലാം തുലച്ചതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ.
തന്റെ വിവാഹ ശേഷമാണ് മദ്യപാനം കുറച്ച് തുടങ്ങിയതെന്നും മകൾ ജനിച്ചതോടു കൂടി പൂർണ്ണമായി നിർത്തിയെന്നും ധ്യാൻ പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഇത് പറയാമോ എന്നെനിക്കറിയില്ല. എന്തുകൊണ്ട് ഞാൻ ഇത്രയും സിനിമ ചെയ്യുന്നു എന്നുള്ളതിനുള്ള ഏറ്റവും വലിയ കാരണം എന്റെ റീഹാബാണ്. കാരണം റീഹാബിൽ പോയിട്ട് നിൽക്കാൻ എനിക്ക് പറ്റില്ല. അപ്പോൾ ഞാൻ ഒരു തീരുമാനം എടുത്തു. 2020 തൊട്ടിട്ട് ഒരു മൂന്നു വർഷം ഞാൻ നിർത്താതെ പണിയെടുക്കും. ആ തീരുമാനമാണ് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ ഒരു ദിവസം പോലും മദ്യപിക്കാറില്ല. ഒരു ദിവസം പോലും ഞാൻ പണിയെടുക്കാതിരിക്കുന്നില്ല,’ധ്യാൻ പറഞ്ഞു.

കൊവിഡ് കാലത്ത് മദ്യം കിട്ടാതെ വന്നപ്പോൾ മദ്യപാനം കുറക്കാൻ എന്നെ ഒരുപാട് സഹായിച്ചെന്നും താരം പറഞ്ഞു.
‘ഞാൻ ഭീകരമായി സിന്തെറ്റിക് ഉപയോഗിച്ച ഒരാളായിരുന്നു. മദ്യവും സിന്തെറ്റിക്കും ഒരുമിച്ച് ഉപയോഗിച്ചപ്പോഴാണ് എനിക്ക് അച്ഛനുമായിട്ടുള്ള പ്രശ്നമൊക്കെ വരുന്നത്. സിന്തെറ്റിക്കിന്റെ ഇൻഫ്ലുവെൻസ് എനിക്കുണ്ടായിരുന്നു. ഞാൻ ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് തന്നെ ഒരു പിടിത്തവുമില്ലായിരുന്നു. ഇന്ന് അതിന്റെ ഒരുശതമാനം പോലുമില്ല. സിന്തെറ്റിക് ശരീരത്തിൽ നിന്നും ഇറങ്ങി പോയിട്ടില്ലെങ്കിൽ ഇത് രക്തത്തിലങ്ങനെ കിടക്കും. ഇത് ശരീരത്തിലുള്ളപ്പോൾ നമ്മൾ ഭയങ്കര സംഭവമാണെന്ന തോന്നൽ വരും.

എന്റെ ലൈഫ് തുലച്ചത്, എന്റെ പഠനം ഇല്ലാതാക്കിയത്, എന്റെ പ്രണയം എല്ലാം തുലച്ചത് സിന്തെറ്റിക്കാണ്. അച്ഛനുമായുള്ള ഫ്രിക്ഷനൊക്കെ ആ കാലഘട്ടത്തിലാണ്. അവസാനം ഞാൻ കരഞ്ഞത് ആ സമയത്താണ്. നശിച്ച കാലമായിട്ടാണ് ആ കാലം ഞാൻ കണക്കാക്കുന്നത്. നമ്മളെ ഒന്നും അല്ലാതാക്കി കളയും. നമ്മുടെ ശരീരം ഇല്ലാതാക്കി കളയും.ആരോഗ്യമുണ്ടെങ്കിലല്ലേ വേറെ എന്ത് ഉണ്ടെങ്കിലും കാര്യമുള്ളൂ.

ഞാൻ ഏകദേശം മൂന്നു വർഷം തുടച്ചയായി എന്നും ഉപയോഗിച്ചിരുന്നു. എന്റെ കൂടെയുള്ളവർക്കൊക്കെ അസുഖങ്ങൾ വന്നു തുടങ്ങി, ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ വന്നു തുടങ്ങി. എല്ലാ ബന്ധങ്ങളും ഇല്ലാതായി. അവരൊക്കെ എവിടെയാണെന്ന് പോലും എനിക്കറിയില്ല. എല്ലാം നഷ്ടമായി. പിന്നെ എവിടുന്ന് തുടങ്ങണമെന്നറിയില്ലായിരുന്നു,’ ധ്യാൻ പറഞ്ഞു.
അടുത്തിടെ താൻ ഫ്രാൻ‌സിൽ പോയപ്പോൾ ലഹരി ഉപയോഗിക്കാനുള്ള എല്ലാ സാഹചര്യമുണ്ടായിട്ടും തനിക്ക് അതിന് താല്പര്യം തോന്നിയിരുന്നില്ലയെന്നും താരം പറഞ്ഞു.
‘നിന്റെ പ്രായത്തിൽ നീ ഇതൊക്കെ ചെയ്തിട്ട് ഞങ്ങളെ ഉപദേശിക്കാൻ പാടുണ്ടോ എന്ന് പലരും ചോദിക്കാൻ ചാൻസുണ്ട്. എന്റെ പ്രായത്തിൽ ഞാൻ ഇതൊക്കെ ഉപയോഗിച്ച് നശിച്ചു പോയതുകൊണ്ടാണ് ഞാനിത് പറയുന്നത്. കാരണം നിങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് നിങ്ങൾക്ക് ഒന്നും കിട്ടാൻ പോകുന്നില്ല,’ധ്യാൻ പറഞ്ഞു.
ചില ഭീകര സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും തന്റെ ഉറ്റ സുഹൃത്തിന്റെ മരണം പോലും നേരിട്ട് കണ്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്റെ ജീവിതം സിനിമയിലൂടെ കാണിക്കാൻ ആഗ്രഹിക്കുണ്ടെന്നും താരം പറഞ്ഞു.

Actor Dhyan Srinivasan says that his life, studies and love all ruined by his  bad habit