തമിഴ് ജയിലറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാരണം തങ്ങളുടെ സിനിമക്ക് ഗുണമാണ് ഉണ്ടായതെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വിവാദം മൂലം ജയിലര്‍ എന്ന തങ്ങളുടെ സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിയെന്നും അത് പോസിറ്റീവ് സെന്‍സിലാണ് കാണുന്നതെന്നും ധ്യാന്‍ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പേരിനെ സംബന്ധിച്ച് ഒരു വിവാദം ഉണ്ടായി. അവര്‍ നമുക്ക് നോട്ടീസ് അയക്കുകയും പേര് മാറ്റാന്‍ പറയുകയും ചെയ്തപ്പോള്‍ ഒരു ബുദ്ധിമുട്ടുണ്ടായി. അത് മീഡിയയില്‍ അഡ്രസ് ചെയ്യേണ്ട ഒരു വിഷയമായി സംവിധായകന് തോന്നി. നിയമപരമായി നീങ്ങാന്‍ മാത്രമേ നമുക്ക് പറ്റുകയുള്ളൂ. കാരണം നമ്മളാണ് ഈ പേര് ആദ്യമായി രജിസ്റ്റര്‍ ചെയ്തത്. അഡ്വാന്റേജ് ഉള്ളത് ഞങ്ങള്‍ക്കാണ്.
പക്ഷേ വിവാദം കൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ. സിനിമ 100 പേര് കൂടുതല്‍ അറിഞ്ഞു. അതുകൊണ്ട് പോസിറ്റീവ് സെന്‍സിലാണ് അതിനെ കാണുന്നത്. സിനിമയെ പറ്റി അറിഞ്ഞതുകൊണ്ടാണല്ലോ കമന്റുകള്‍ വരുന്നതും ചര്‍ച്ച ചെയ്യുന്നതും. ആ രീതിയില്‍ പ്രൊമോഷനില്ലാതെ തന്നെ ജയിലര്‍ എന്ന സിനിമ എല്ലാവര്‍ക്കും അറിയാം,’ ധ്യാന്‍ പറഞ്ഞു.
ജയിലറിലെ കഥാപാത്രത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും സംതൃപ്തിയോടുകൂടിയാണ് സെറ്റില്‍ നിന്നും മടങ്ങിയതെന്നും ധ്യാന്‍ പറഞ്ഞു.
‘ഇന്ന കഥാപാത്രങ്ങള്‍ എന്നെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നമ്മള്‍ ആഗ്രഹിക്കുമല്ലോ. അതുപോലത്തെ ഒരു കഥാപാത്രമാണ് ജയിലറിലേത്. എനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന സംശയത്തോട് കൂടിയാണ് ഈ സിനിമ കമ്മിറ്റ് ചെയ്യുന്നത്. പക്ഷേ ഞാന്‍ ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന ആകാംക്ഷയോടും കൗതുകത്തോടും കൂടിയാണ് സെറ്റിലേക്ക് പോകുന്നത്. ആ സിനിമ കഴിഞ്ഞ് വളരെ സംതൃപ്തിയോട് കൂടിയാണ് മടങ്ങിയത്.
ആക്ടര്‍ എന്ന നിലയില്‍ ഒരു ലേണിങ് ഉണ്ടല്ലോ. സിനിമ ഓടുമോ ഇല്ലയോ എന്നുള്ളത് സെക്കന്‍ഡറിയാണ്. ആക്ടര്‍ എന്ന നിലയില്‍ ഇവോള്‍വ് ആവുന്ന പ്രോസസിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും എനിക്ക് എന്നെ തന്നെ ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട് ഈ സിനിമയില്‍. അത് എല്ലാ സിനിമയിലും കിട്ടണമെന്നില്ല. അത്തരത്തില്‍ വ്യത്യസ്തമായ അപ്രോച്ചുള്ള സിനിമ ആയിരുന്നു ജയിലര്‍,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Actor Dhyan Srinivasan says that his film has benefited from the controversies related to the Tamil Jailer