Entertainment news
ഞാന്‍ സ്‌കൂള്‍ വിട്ട് വരുമ്പോഴാണ് കൂത്തുപറമ്പ് വെടിവെപ്പ് നടക്കുന്നത്: ധ്യാന്‍ ശ്രീനിവാസന്‍
കമ്മ്യൂണിസ്റ്റ് സ്വാധീനം തന്നില്‍ ചെറുപ്പം മുതല്‍ തന്നെയുണ്ടെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ നാടായ പാട്യം പാര്‍ട്ടി ഗ്രാമമാണെന്നും താന്‍ കണ്ടുവളര്‍ന്നവരും കൂടെയുള്ളവരുമെല്ലാം കമ്മ്യൂണിസ്റ്റുകാരാണെന്നും ധ്യാന്‍ പറഞ്ഞു. താന്‍ സ്‌കൂള്‍ വിട്ട് വരുമ്പോഴാണ് കൂത്തുപറമ്പ് വെടിവെപ്പ് നടക്കുന്നതെന്നും 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.
‘നമ്മുടെ നാട്ടില്‍ ജനിച്ചുവളര്‍ന്ന എല്ലാവരും കമ്മ്യൂണിസ്റ്റുകാരാണ്, അതായത് കണ്ണൂരിലെ പാട്യത്ത് ആണ് എന്റെ നാട്, പാര്‍ട്ടിഗ്രാമമാണ്. ഞാന്‍ കണ്ടുവളര്‍ന്നവരും കൂടെയുള്ളവരുമെല്ലാം കമ്മ്യൂണിസ്റ്റുകാരാണ്. ആ സ്വാധീനം ചെറുപ്പം മുതലേയുണ്ട്. ഞാന്‍ നാട്ടില്‍ നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ.
കൂത്തുപറമ്പ് കലാപമൊക്കെ ലൈവായി കണ്ടിട്ടുണ്ട്. സ്‌കൂള്‍ വിട്ട് ഞാന്‍ വരുമ്പോഴാണ് കൂത്തുപറമ്പ് വെടിവെപ്പ് നടക്കുന്നത്. ജയകൃഷ്ണന്‍ മാഷിനെ ക്ലാസില്‍ വെച്ച് വെട്ടിയ സംഭവമൊക്കെ ചെറിയ പ്രായത്തില്‍ തന്നെ കേട്ടറിയുകയും കണ്ടറിയുകയും ചെയ്തതാണ്.
അന്ന് തന്നെ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് അറിയാം. അതില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഇന്നും വന്നിട്ടില്ല. ഇന്നും അടിപിടികള്‍ നടക്കുന്നുണ്ട്. അവിടുത്തെ സാഹചര്യം ഇന്ന് അതിനെക്കാള്‍ നന്നായി എന്നൊന്നും പറയാന്‍ പറ്റില്ല,’ ധ്യാന്‍ പറഞ്ഞു.
പങ്കാളിയായ അര്‍പ്പിതയെ പറ്റിയും ധ്യാന്‍ സംസാരിച്ചു. ‘ഞാന്‍ പ്രണയിച്ച് കല്യാണം കഴിച്ചയാളാണ്. ആദ്യം ഞങ്ങള്‍ തമ്മില്‍ സൗഹൃദമായിരുന്നു. പിന്നീടത് പ്രണയത്തിലേക്ക് പോയി. കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്ക് കുഞ്ഞായി. സൗഹൃദത്തില്‍ നിന്നുമുണ്ടാകുന്ന പ്രണയം നീണ്ടുനില്‍ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കല്യാണം കഴിഞ്ഞിട്ടെങ്കിലും അങ്ങനെയൊരു ഫ്രണ്ട്ഷിപ്പ് ഡെവലപ്പ് ചെയ്യാന്‍ പറ്റണം. ഭാര്യ-ഭര്‍ത്താവ് സങ്കല്‍പ്പത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, സൗഹൃദമുണ്ടാവണം. അള്‍ട്ടിമേറ്റ്‌ലി എല്ലാ ബന്ധത്തിന്റെയും അടിസ്ഥാനം സൗഹൃദമാണ്. അത് ജോലി സ്ഥലത്തുള്ളതുമാകട്ടെ. സൗഹൃദമില്ലെങ്കില്‍ ആ ബന്ധം ലാസ്റ്റ് ചെയ്യില്ല,’ ധ്യാന്‍ പറഞ്ഞു.
നദികളില്‍ സുന്ദരി യമുനയാണ് പുതുതായി റിലീസ് ചെയ്ത ധ്യാനിന്റെ ചിത്രം. വിജേഷ് പാണത്തൂര്‍, ഉണ്ണി വെല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍, വിദ്യാധരന്‍, കലാഭവന്‍ ഷാജോണ്‍, സുധീഷ്, സോഹന്‍ സീനുലാല്‍, നിര്‍മല്‍ പാലാഴി, അനീഷ് ഗോപാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Actor Dhyan Srinivasan says that communist influence has been in him since childhood