| Friday, 29th September 2023, 9:02 am

അടുത്ത പടത്തിന്റെ പേര് 'ആറ്റം ബോംബ്' , ഒരു പടക്കം ഇട്ടുകൊണ്ട് ഞാൻ ഇറങ്ങും: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിസംബറിൽ തന്റെ പുതിയ ചിത്രം വരുന്നുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. പടത്തിന്റെ പേര് ആറ്റം ബോംബ് ആണെന്നും അതിന്റെ സ്ക്രിപ്റ്റ് എഴുതുന്നത് താനാണെന്നും ധ്യാൻ പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഒരു സാധനം ഞാൻ ഇറക്കുന്നുണ്ട് കണ്ടോ. പേര് തന്നെ ആറ്റം ബോംബ് എന്നായിരിക്കും. ഞാൻ ഒരു പടക്കം ഇട്ടിട്ട് ഇങ്ങോട്ട് ഇറങ്ങും. അത് ഞാൻ തന്നെയാണ് എഴുതുന്നത്,’ ധ്യാൻ പറഞ്ഞു.

അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാം ഭാഗം അടുത്ത വർഷം ഉണ്ടാകുമെന്നും തന്റെ ചേട്ടന്റെ പടത്തിന് വേണ്ടി മെലിയുന്നുണ്ടെന്നും ധ്യാൻ പറഞ്ഞു.

‘അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗം എന്തായാലും അടുത്ത വർഷം കാണും. ഞാൻ ഇപ്പോൾ ചേട്ടന്റെ പടത്തിന് വേണ്ടി ചെറുതായിട്ട് മെലിയുന്നുണ്ട്, അത് കഴിഞ്ഞ് അതിനെ ഫോളോ ചെയ്ത് അടുത്ത വർഷം പകുതി ആവുമ്പോഴേക്കും അടി കപ്യാരെ ഉണ്ടാകും. അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്,’ ധ്യാൻ പറഞ്ഞു.

നീണ്ട പരാജയങ്ങൾക്ക് ശേഷം ധ്യാനിന്റെ വിജയ ചിത്രമായിരുന്നു നദികളിൽ സുന്ദരി യമുന. സെപ്റ്റംബർ 15ന് റിലീസ് ചെയ്ത സിനിമയിൽ അജു വർഗീസും പ്രധാന കഥാപാത്രത്തിൽ എത്തിയിട്ടുണ്ട്. പ്രഗ്യ നഗ്രയാണ് ചിത്രത്തിൽ നായിക യമുനയായി എത്തിയത്. വിലാസ് കുമാർ, സിമി മുരിക്കഞ്ചേരി എന്നിവർ ചേർന്ന് നിർമിച്ച ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കു ശേഷം സിനിമയിൽ ധ്യാൻ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ, നിവിൻ പൊളി, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീത പിള്ള, നീരജ് മാധവ്‌, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയ ഒരു യുവ നിര തന്നെ അണിനിരക്കുന്നുണ്ട്.

Content Highlight: Actor Dhyan Srinivasan says his new film is coming in December

We use cookies to give you the best possible experience. Learn more