Film News
ലഹരി എത്തിക്കുന്നവരെ തൊടാൻ പൊലീസിനോ സംവിധാനങ്ങൾക്കോ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ: ധ്യാൻ ശ്രീനിവാസൻ
ലഹരി ഉപയോഗിക്കുന്നവരുടെ അടുത്തേക്കല്ല മറിച്ച് അത് വിതരണം ചെയ്യുന്നവരുടെ അടുത്തേക്കാണ് അന്വേഷണം പോകേണ്ടതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ബോധവത്കരണം ചെയ്യണമെന്ന അർത്ഥത്തിലല്ല താൻ ഇന്റർവ്യൂ നൽകിയതെന്നും സിന്തെറ്റിക് ലഹരി ഒരിക്കലും ഉപയോഗിക്കുന്നതിനുള്ള ഒരു ലിവിങ് എക്സാമ്പിൾ ആണ് താനെന്നും താരം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.
‘ബോധവത്കരണം നൽകണമെന്ന് കരുതിയിട്ടല്ല ആ ഇന്റർവ്യൂ കൊടുത്തത്. എന്നോട് ചോദിച്ച ഒരു ചോദ്യത്തിന് മറുപടി കൊടുത്തു എന്നേയുള്ളു. ഞാൻ ചെയ്ത എന്റെ പാസ്റ്റിനെക്കുറിച്ചാണ് പറയുന്നത്. ഇതൊക്കെ നേരത്തെ പറയാമായിരുന്നില്ലേ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.
ഞാൻ സിന്തെറ്റിക് ഉപയോഗിച്ചത് കോളേജ് കാലഘട്ടത്തിലാണ്. അതിന് ശേഷം ഞാൻ ഉപയോഗിച്ച കാര്യങ്ങളൊക്കെ നിർത്തിയിട്ട് മൂന്നു നാല് വർഷങ്ങളെ ആവുന്നുളളു.
അവേർനെസ്സ് ഉണ്ടാക്കണം എന്ന അജണ്ടയോടെ ഞാൻ പോയി ഇരുന്ന ഇന്റർവ്യൂ അല്ല. ഒരുപാട് ആളുകൾ പറഞ്ഞ് തുടങ്ങിയപ്പോൾ എനിക്കും തോന്നി ഇത് ഇന്നത്തെ കാലത്ത് അഡ്രെസ്സ് ചെയ്യപ്പെടേണ്ട കാര്യമാണെന്ന്,’ ധ്യാൻ പറഞ്ഞു.
സിന്തെറ്റിക് ഉപയോഗത്തെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ തന്റെ സിനിമാ കരിയറിന് കോട്ടം തട്ടുമെന്ന് താൻ കരുതുന്നില്ലെന്നും ഇമേജ് കോൺഷ്യസ് ആയ ഒരാളല്ല താൻ എന്നും ധ്യാൻ പറഞ്ഞു.
‘ ഇമേജ് കോൺഷ്യസ് ആയിട്ടുള്ള ഒരാളല്ല ഞാൻ. നമ്മൾ ചെയ്ത കാര്യങ്ങൾ ഒളിച്ചു വെക്കേണ്ട കാര്യമില്ലല്ലോ.
എല്ലാ താരങ്ങളും ലഹരി ഉപയോഗിക്കുന്നില്ലലോ, ചുരുക്കം ചില താരങ്ങളല്ലേ ഉള്ളൂ. നമ്മൾക്ക് എല്ലാവരെയും അടിച്ച അങ്ങോട്ട് ആക്ഷേപിക്കാൻ പറ്റില്ലല്ലോ.
മീഡിയയിൽ ഉപയോഗിക്കുന്ന ആളുകളുണ്ട്. ഗവൺമെൻറ് ഒഫീഷ്യൽസ്, മറ്റു സെക്ടറുകളിലുമുള്ള പലരും ഉപയോഗിക്കുന്നുണ്ടാവും. അത് ഈ രാജ്യത്ത് മൊത്തം വ്യാപകമായിട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ട് സിനിമക്ക് ഉള്ളിൽ മാത്രം എന്ന് നമുക്ക് അടച്ചങ്ങ് പറയാൻ പറ്റില്ല.
നമ്മൾ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളു, എന്നാൽ ഇത് എവിടുന്നാണ് വരുന്നതെന്ന് അന്വേഷിക്കുന്നില്ലെന്നും ഈ സമയം അജു വർഗീസ് കൂട്ടി ചേർത്തു.
ഏറ്റവും കൂടുതൽ അന്വേഷണം പോകേണ്ടത് പെഡ്ഡ്‌ലേഴ്‌സിന്റെയും പുഷ് ചെയ്യുന്ന ആൾക്കാരുടെയും അടുത്താണ്. പലപ്പോഴും ഈ അന്വേഷണമൊന്നും മുകളിലോട്ട് പോകുന്നില്ല. മുകളിലേക്ക് എത്തി കഴിഞ്ഞാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അന്യ നാട്ടിൽ നിന്നും സ്റ്റേറ്റ് വിട്ടിട്ടൊക്കെയാണ് ഈ ഡ്രഗ്സ് ഇവിടേക്ക് എത്തുന്നത്. എനിക്കൊന്നും തോന്നുന്നില്ല അതിന്റെ ഒരു ഓവർ ഫ്ലോ ഒരു പരിധി വരെ നമ്മുടെ പൊലീസിനും സിസ്റ്റത്തിനും തടയാൻ സാധിച്ചിട്ടുണ്ടെന്ന്.
നമ്മൾ ഡെയിലി പത്രങ്ങളിൽ വായിക്കുകയാണ് ഇത്തരത്തിലുള്ള വാർത്തകൾ. കുറച്ച് മുന്നെ കഞ്ചാവ് വേട്ട എന്ന് കേട്ടതിന് ശേഷം ഇപ്പോൾ എം.ഡി.എം.എ, എൽ.എസ്.ടി വേട്ട എന്നാണ് കേൾക്കുന്നത്.
ഞാൻ 2019നു ശേഷം കാണുന്ന വാർത്തകൾ മൊത്തം അതാണ്. സിന്തെറ്റിക്കിനെ ഒരിക്കലും നമ്മൾ സപ്പോർട്ട് ചെയ്യാൻ പാടില്ല എന്നുള്ളതിന് ഞാൻ ഒരു ലിവിങ് എക്സാമ്പിൾ ആണ്. അതാണ് ഞാൻ അതിനെ അഡ്രെസ്സ് ചെയ്യണമെന്ന് തോന്നിയത്.
വലിക്കുന്നത് ഞാൻ ഒരിക്കലും പ്രൊമോട്ട് ചെയ്യുകയുമില്ല മോശം പറയുകയുമില്ല. കഴിഞ്ഞ രണ്ട് മാസം മുന്നെ ഞാൻ ആംസ്റ്റർഡാമിൽ പോയപ്പോൾ വലിച്ച ആളാണ്. ആംസ്റ്റർഡാം,തായ്‌ലൻഡ് തുടങ്ങി നാല്പതോളം രാജ്യങ്ങളിൽ അത് ലീഗലാണ്. ഈ രാജ്യത്ത് അത് ഇല്ലീഗൽ ആയതുകൊണ്ട് നമ്മൾ അത് യൂസ് ചെയ്യുന്നില്ല എന്ന് മാത്രം. പുറം രാജ്യങ്ങളിൽ പോയി നമുക്ക് യൂസ് ചെയ്യാം,’താരം പറഞ്ഞു.
Content Highlight: Actor Dhyan Srinivasan said that the investigation should not go to those who use drugs but to those who distribute them