| Wednesday, 17th July 2024, 2:41 pm

ആസിഫിനെ അദ്ദേഹം അവഗണിച്ചു, ന്യായീകരിക്കാന്‍ ഒരു പച്ചക്കള്ളവും പറഞ്ഞു, മാപ്പില്‍ ആത്മാര്‍ത്ഥ തോന്നിയില്ല: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: എം.ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന മനോരഥങ്ങള്‍ ആന്തോളജി സീരിസിന്റെ ട്രെയ്ലര്‍ ലോഞ്ച് വേദിയില്‍ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അപമാനിച്ച സംഭവത്തില്‍ ആസിഫ് അലിക്ക് പിന്തുണയുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

രമേശ് നാരായണന്‍ ആദ്യം സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചെന്നും ആസിഫിന് കൈ കൊടുത്തിരുന്നു എന്നൊക്കെ പറഞ്ഞത് തെറ്റാണെന്നും ധ്യാന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ ക്ഷമയില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് തോന്നിയില്ലെന്നും ധ്യാന്‍ പ്രതികരിച്ചു.

എല്ലാവരും ഇത് കാണുകയല്ലേ. ആസിഫിനെ പോലുള്ള ഒരാളെ ഇദ്ദേഹം അവഗണിക്കുകയാണ്. ആസിഫിന്റെ തോളില്‍ തട്ടിയെന്ന് ആദ്യം പറഞ്ഞു. അത് പച്ചക്കള്ളമല്ലേ. രാത്രിയായപ്പോഴേക്ക് പണി പാളിയെന്ന് മനസിലായപ്പോള്‍ സോറി പറഞ്ഞു. ഒരു കാര്യം ചെയ്ത് പിന്നീട് സോറി പറഞ്ഞിട്ടൊന്നും കാര്യമില്ല. ചെയ്തത് തെറ്റ് തന്നെയാണ്. ആസിഫ് ഒരു ചെറിയ ചിരിയോടെ അത് അവസാനിപ്പിച്ചു. പുള്ളി പിന്നീട് സോറിയൊക്കെ പറഞ്ഞു. ആ സോറിയൊന്നും മനസില്‍ നിന്ന് പറഞ്ഞതായി തോന്നിയില്ല,’ ധ്യാന്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ രമേശ് നാരായണനോട് വിശദീകരണം തേടിയെന്ന് ഫെഫ്ക്ക പറഞ്ഞു. വിവേകത്തോടെയും പക്വതയോടെയും അദ്ദേഹം പെരുമാറണമായിരുന്നെന്നും പ്രായത്തില്‍ കവിഞ്ഞ പക്വത ആസിഫ് കാണിച്ചെന്നും ആസിഫിനെ ചേര്‍ത്ത് നിര്‍ത്തുന്നുവെന്നായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

ആസിഫില്‍ നിന്നും മൊമെന്റോ വാങ്ങിയ രമേശ് നാരായണന്‍ അതില്‍ നീരസം പ്രകടിപ്പിക്കുകയും ശേഷം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയുമായിരുന്നു.

‘ആ സിനിമയുടെ സംവിധായകനായ ജയരാജില്‍ നിന്ന് ആ പുരസ്‌കാരം സ്വീകരിക്കണം എന്നൊരു ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാമായിരുന്നു.

അല്ലെങ്കില്‍ നിങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് എനിക്ക് ആ പുരസ്‌കാരം തരൂ എന്ന് ആസിഫിനോട് തന്നെ പറയാമായിരുന്നു. ഒരുപക്ഷേ അപ്പോഴുള്ള മാനസികാവസ്ഥയുടെ ബുദ്ധിമുട്ട് കാരണമായിരിക്കാം അദ്ദേഹത്തിന് അതിന് സാധിക്കാതെ പോയത്.

ആ പ്രവൃത്തി ആസിഫിനെ പോലെ ഒരു കലാകാരന് തീര്‍ച്ചയായും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു സംഗതിയാണ്. പൊതുസമൂഹത്തിനും വ്യക്തിപരമായി ആസിഫിനും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

ഇത് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നതാണ് ഞങ്ങളുടെ അഭിപ്രായം. രമേശ് നാരായണനെ പോലെ ഒരു കലാകാരന്‍ അവിടെ പക്വത കാണിക്കണമായിരുന്നു.’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: Actor Dhyan Sreenivasan Support Asif Ali

We use cookies to give you the best possible experience. Learn more