| Monday, 3rd October 2022, 9:47 am

'എന്നോട് എന്ത് ചോദിച്ചാലും ഞാന്‍ ഉത്തരം പറയും'; ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ച് ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചട്ടമ്പി സിനിമയുടെ പ്രൊമോഷനിടെ അവതാരകയോട് നടന്‍ ശ്രീനാഥ് ഭാസി മോശമായി പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ശ്രീനാഥ് ഭാസിക്കെതിരെ ഓണ്‍ലൈന്‍ ചാനല്‍ അവതാരക പരാതി നല്‍കിയിരുന്നു. എന്നാല്‍ നടന്‍ ക്ഷമ ചോദിച്ചതിനെ തുടര്‍ന്ന് പരാതി പിന്‍വലിക്കുകയാണെന്ന് അവതാരക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇപ്പോള്‍ ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനാഥ് ഭാസിയും അവതാരകയും തന്റെ സുഹൃത്തുക്കളാണെന്നും അങ്ങനെയൊരു ചോദ്യം ചോദിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും ധ്യാന്‍ പറഞ്ഞു. തന്നോട് എന്ത് ചോദിച്ചാലും മറുപടി പറയുമെന്നും ധ്യാന്‍ കൗമുദി മൂവീസിനോട് പ്രതികരിച്ചു.

”കേസൊക്കെയായി നില്‍ക്കുന്ന വിഷയമല്ലേ… അവര്‍ രണ്ടുപേരും നമ്മളുടെ സുഹൃത്തുക്കളാണ്. എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. അതില്‍ ഞാന്‍ അഭിപ്രായം പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

അങ്ങനെയൊരു ചോദ്യം ചോദിക്കുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല. ഞാന്‍ അതിനെയൊരു ഫണ്‍ രീതിയിലാണ് കാണുക. എന്നോട് എന്ത് ചോദിച്ചാലും ഞാന്‍ ഉത്തരം പറയും. അങ്ങനെയൊരു പ്രശ്‌നവുമില്ലാത്ത വ്യക്തിയാണ് ഞാന്‍.

ഓരോ ആള്‍ക്കാരും ഓരോ രീതിയിലാണ്. അവര്‍ സംസാരിക്കുന്ന രീതി അതുപോലെയായിരിക്കും. അവന്‍ അങ്ങനെയായിരിക്കും. ഞാന്‍ എങ്ങനെയാണോ ഉള്ളത് ആ രീതിയില്‍ പോകട്ടെ,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിന്‍വലിക്കാനായി അവതാരക കഴിഞ്ഞ ദിവസമാണ് അഭിഭാഷകരെ ചുമതലപ്പെടുത്തിയത്. ശ്രീനാഥ് നേരില്‍ കണ്ട് സംസാരിച്ചെന്നും തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ ഹരജി നല്‍കിയിരിക്കുന്നത്.

‘ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന്‍ സമ്മതിച്ചു. ഒരു കലാകാരന്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്.

ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം,’ പരാതിക്കാരി പ്രതികരിച്ചു.

അതേസമയം അവതാരകയെ അപമാനിച്ച കേസിന് പിന്നാലെ ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്കിയിരുന്നു. താരത്തിനെതിരെയുള്ള കേസില്‍ സംഘടന ഇടപെടില്ലെന്നും വ്യക്തമാക്കി. താരത്തിന്റെ പുതിയ സിനിമകള്‍ ഒന്നും ചെയ്യില്ല.

ഇത് ശിക്ഷാ നടപടിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ രീതികള്‍ മാറ്റാനാണ്. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയതായും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: Actor Dhyan Sreenivasan reacts on Sreenath Bhasi issue

We use cookies to give you the best possible experience. Learn more