| Sunday, 7th May 2023, 1:07 pm

മകന് ബോധമുണ്ടെങ്കില്‍ ഉപയോഗിക്കില്ല; ലഹരി ആരും വായ്ക്കകത്ത് കുത്തിക്കയറ്റി തരില്ല; ടിനി ടോമിന്റെ പ്രസ്താവനയില്‍ ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാള സിനിമയില്‍ വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്ന് വെച്ചെന്നുമുള്ള നടന്‍ ടിനി ടോമിന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

ലഹരി ആരും ആരുടേയും വായ്ക്കകത്ത് കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ലെന്നുമായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്.

‘ഒരുത്തന്‍ നശിക്കണമെന്ന് തീരുമാനിച്ചാല്‍ അവന്‍ നശിക്കും. മകന് ഒരു തീരുമാനവും ബോധവും ഉണ്ടെങ്കില്‍ അവന്‍ അത് ഉപയോഗിക്കില്ലല്ലോ. ഇത് ഞാന്‍ ഉപയോഗിക്കില്ല, ഇത് മോശം സാധനമാണെന്ന് അവന് ആലോചിക്കാമല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ലല്ലോ. ബോധവും കഥയും ഉള്ള ഒരുത്തനാണെങ്കില്‍ അവന്‍ അത് ഉപയോഗിക്കില്ല, അത്രേ ഉള്ളൂ’, ധ്യാന്‍ പറഞ്ഞു.

കേരള സര്‍വകലാശാല യുവജനോത്സവ ഉദ്ഘാടന വേദിയിലായിരുന്നു മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ടിനി ടോം സംസാരിച്ചത്.

തന്റെ മകന് മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകനായിട്ട് അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വെച്ചെന്നായിരുന്നു ടിനി ടോം പറഞ്ഞത്.

”സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു”, ടിനി ടോം പറഞ്ഞു.

ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല് , അടുത്തത് എല്ല് പൊടിയും. അതുകൊണ്ടു കലയാകണം നമുക്ക് ലഹരി, ടിനി ടോം പറഞ്ഞു.

ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവല്‍ക്കരണ പരിപാടിയുടെ അംബാസിഡര്‍ കൂടിയാണ് ടിനി ടോം.

Content Highlight: Actor Dhyan Sreenivasan about Tiny Tom Statements on Drugs

We use cookies to give you the best possible experience. Learn more