കയ്യിലുള്ള ഏറ്റവും മോശം കഥകളാണിതെല്ലാം; അച്ഛന്റെ കഥയില്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമൊന്നും എനിക്കില്ല: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
കയ്യിലുള്ള ഏറ്റവും മോശം കഥകളാണിതെല്ലാം; അച്ഛന്റെ കഥയില്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമൊന്നും എനിക്കില്ല: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 1:54 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. ഒരു നടനെന്നതില്‍ ഉപരി നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥ എഴുതിയും സംവിധാനം ചെയ്തും മലയാള സിനിമക്ക് ഒരുപാട് സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

മക്കളായ ധ്യാന്‍ ശ്രീനിവാസനും വിനീതും അച്ഛനെ പോലെ അഭിനയവും സംവിധാനവും ഒരുമിച്ച് കൊണ്ടുപോകുകയാണ് ഇപ്പോള്‍. അച്ഛന്റെ കഥയില്‍ സിനിമ ചെയ്യണമെന്ന ആഗ്രഹം തനിക്കുണ്ടെന്ന് വിനീത് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

അച്ഛന്റെ കഥയില്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ധ്യാന്‍ ശ്രീനിവാസനിപ്പോള്‍. അച്ഛന്റെ കഥയില്‍ സിനിമ ചെയ്യണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അങ്ങനെ ഒരു ആഗ്രഹം ഇതുവരെ ഉണ്ടായിട്ടില്ലെന്നും തന്റെ കയ്യില്‍ തന്നെ ഒരുപാട് കഥകളുണ്ടെന്നും ധ്യാന്‍ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അച്ഛന്റെ കഥയില്‍ ഒരു സിനിമ ചെയ്യാന്‍ എനിക്ക് കഴിയില്ല. അത് നടക്കുകയുമില്ല, പിന്നെ എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നിയിട്ടും ഇല്ല. നടക്കാത്തത് കൊണ്ടല്ല, എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല.

കാരണം എന്റെ കയ്യില്‍ ഒരുപാട് കഥകളുണ്ട്. ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് പോലും അഞ്ചു വര്‍ഷം കഴിഞ്ഞിട്ടുള്ള സിനിമകളാണ്. എന്റെ കയ്യിലുള്ള ഏറ്റവും മോശം കഥകളാണ് ഞാന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

ഞാന്‍ എഴുതി പഠിച്ച സിനിമകളാണ് ലവ് ആക്ഷന്‍ ഡ്രാമയൊക്കെ. ഞാന്‍ അഞ്ച് വരെയേ മലയാളം പഠിച്ചിട്ടുള്ളു. എനിക്ക് അതിന്റെതായ ലിമിറ്റേഷന്‍ ഉണ്ട്.

പരീക്ഷിക്കുമ്പോഴും വേറെ ആളിന്റെ പൈസയില്‍ ചെയ്യരുത്. അതുകൊണ്ടാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ ഞാന്‍ തന്നെ പ്രൊഡക്ഷന്‍ ചെയ്യുന്നത്. ഞാന്‍ പറഞ്ഞ് വരുന്നത് അച്ഛന്റെ കഥയില്‍ സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നാണ്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about sreenivasan