വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അഭിനയ രംഗത്തെത്തുന്നത്. ശോഭനയായിരുന്നു തിരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ശോഭനയ്‌ക്കൊപ്പം ഒരു മുഴുനീള വേഷത്തിലായിരുന്നു ധ്യാനും എത്തിയത്.
തിരയില്‍ ശോഭനയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ശോഭനയ്‌ക്കൊപ്പമുള്ള ആദ്യ ടേക്കിനെ കുറിച്ചും സിനിമാ പ്രേക്ഷകരില്‍ നിന്നും തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയെ കുറിച്ചുമൊക്കെയാണ് ധ്യാന്‍ സംസാരിക്കുന്നത്.
പണ്ട് തന്നെ കാണുമ്പോള്‍ ശ്രീനിവാസന്റെ മകന്‍, വിനീത് ശ്രീനിവാസന്റെ അനിയന്‍ എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാല്‍ ഇന്ന് ആളുകള്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നല്ല ധ്യാനേ എന്നാണ് വിളിക്കുന്നതെന്നും അത് പ്രേക്ഷകരുടെ ഇടയില്‍ നിന്നും തനിക്ക് കിട്ടി വരുന്ന സ്നേഹത്തിന്റെ ഫലമാണെന്നും കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.
‘എന്റെ ആദ്യ സിനിമയായ തിരയില്‍ എന്റെ ആദ്യ സീന്‍ ശോഭന ചേച്ചിയ്‌ക്കൊപ്പമാണ്. ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആണ്. അത് അങ്ങനെയൊന്നും ഒരാള്‍ക്ക് ഒക്കെ ആക്കാന്‍ കഴിയില്ല. അതിന് ഒരൊറ്റ കാരണമേയുള്ളൂ. തോറ്റിരിക്കുന്നവന് എന്ത് സിനിമ എന്ന തോന്നല്‍ (ചിരിക്കുന്നു).
ഞാന്‍ ആഗ്രഹിച്ചതും ചിന്തിച്ചതുമായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നോട് ഏട്ടന്‍ ചോദിച്ചിട്ടുണ്ട് നിനക്ക് മര്യാദക്ക് നിന്ന് ഒരു നല്ല സിനിമ ചെയ്ത് സ്റ്റാര്‍ ആയിക്കൂടെ എന്ന്.
നിനക്ക് ഇപ്പോള്‍ ആളുകളുടെ ഇടയില്‍ നിന്ന് കിട്ടുന്ന ഇഷ്ടമുണ്ടല്ലോ അത് കിട്ടാന്‍ നല്ല ബുദ്ധിമുട്ടാണെന്ന് ഏട്ടന്‍ പറഞ്ഞിട്ടുണ്ട്. കാരണം ഇന്നും പലര്‍ക്കും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്മാരുടെ പേരറിയില്ല. പണ്ട് എന്ന കാണുമ്പോള്‍ ശ്രീനിവാസന്റെ മോന്‍, വിനീത് ശ്രീനിവാസന്റെ അനിയന്‍ എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. ഇന്നെന്നെ കാണുമ്പോള്‍ ആളുകള്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നല്ല ധ്യാനേ എന്നാണ് വിളിക്കുന്നത്. അതെനിക്ക് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കിട്ടികൊണ്ടിരിക്കുന്ന ഒരിഷ്ടമാണ്.
അല്ലെങ്കില്‍ അതിനു മുന്‍പേ കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്ന സിനിമകളോടുള്ള ഒരിഷ്ടം ഉണ്ട്. അങ്ങനെ വരുന്നതാണ്. ഇപ്പോഴെനിക്ക് വീടിന്റെ അടുക്കളയിലാണ് സ്ഥാനം. ഞാന്‍ വീടിന്റെ ഫ്രണ്ട് വഴി കയറേണ്ട. ബാക്ക് വഴി കയറി അടുക്കളയില്‍ പോയി എന്തെല്ലാമുണ്ട് എന്ന് എനിക്ക് ചോദിക്കാം. അതെനിക്ക് ആ ഇഷ്ടം കിട്ടിയത് കൊണ്ടാണ്.
ഒറ്റ സിനിമ നന്നായി കഴിഞ്ഞാല്‍ ഒരു ആക്ടറിന്റെ തലവിധി തന്നെ മാറും. കാരണം ഇന്ന് സ്റ്റാര്‍ഡം എന്ന പരിപാടിയൊക്കെ കഴിഞ്ഞു. നല്ല രീതിയില്‍ നമ്മുടെ കരിയര്‍ കൊണ്ടുപോവുക എന്നത് മാത്രമല്ല. നല്ല കൂട്ടായ്മയില്‍ വരുന്ന സിനിമകള്‍ ഓടും. ആര്‍ക്കും സൂപ്പര്‍ സ്റ്റാര്‍ ആകാം. പക്ഷേ അവന്റെ അടുത്ത പടം മോശമായാല്‍ എല്ലാവരും കുറ്റം പറയുകയും ചെയ്യും. സിനിമ എന്നത് മാത്രമേ അവിടെ ഉള്ളൂ. ഒരാളുടേയും കുത്തകയല്ല അത്’, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Actor Dhyan Sreenivasan about Shobhana and Thira Movie First Shot