ബാഹുബലിയെ കട്ടപ്പ ബാക്കില്‍ വന്ന് കുത്തിയതുപോലെയാണ് തന്റെ അച്ഛന്‍ മോഹന്‍ലാലിനോട് ചെയ്തതെന്ന് ധ്യാന്‍ ശ്രീനിവാസന്‍.
മറ്റുള്ളവരെ വിഷമിപ്പിച്ചു കൊണ്ട് തമാശ പറയാന്‍ പാടില്ലായിരുന്നെന്നും ഇന്നസെന്റ് മരണപ്പെട്ട വിഷമത്തിലിരിക്കുമ്പോഴാണ് മോഹന്‍ലാലിന് ഏറ്റവും അടുത്ത സുഹൃത്തില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നതെന്നും ധ്യാന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”വേറെ ആളുകളെ കളിയാക്കി കൊണ്ട് ഞാന്‍ തമാശ പറഞ്ഞിട്ടുണ്ട്. എനിക്ക് അത്രയും അടുപ്പമുള്ള ആളുകളെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഒക്കെ ഞാന്‍ തമാശ പറയുമ്പോള്‍ നല്ല അടുപ്പമുള്ളതുകൊണ്ട് ഞാന്‍ പറയുന്നത് അവര്‍ മനസിലാക്കുമെന്ന വിശ്വാസം എനിക്കുണ്ട്.
അതുകൊണ്ട് മാത്രമാണ് ഞാന്‍ അവരെ കളിയാക്കി കൊണ്ട് തമാശ പറയുന്നത്. ഞാന്‍ മാത്രം തമാശ ആസ്വദിച്ചാല്‍ പോരാല്ലോ. ഞാന്‍ ആരെക്കുറിച്ചാണോ പറയുന്നത് അവരും ആ സെന്‍സില്‍ അതിനെ എടുക്കണം. ഇല്ലെങ്കില്‍ അന്ന് നിര്‍ത്തിക്കോളണം തമാശ.
അച്ഛന്റെ കേസിലാണെങ്കില്‍ പോലും അച്ഛന്‍ ചിരിക്കുന്നു അത് ഓക്കെ, പക്ഷെ മറ്റുള്ളവരെ വിഷമിപ്പിച്ചിട്ടുള്ളതായിരിക്കരുത്. ഞാന്‍ യാത്രയിലായിരുന്ന സമയത്താണ് ഇന്നസെന്റ് അങ്കിള്‍ മരണപ്പെട്ടത് അറിയുന്നത്. പെട്ടെന്ന് കേട്ടപ്പോള്‍ അതിന്റെ ഒരു നടുക്കം രണ്ട് ദിവസത്തോളം എന്റെ ഉള്ളിലുണ്ടായിരുന്നു.
എല്ലാ മലയാളികള്‍ക്കും അതുണ്ടാകും. പിന്നെ ആ യാത്രയിലാണ് അച്ഛന്‍ ലാല്‍ സാറിനെക്കുറിച്ച് ആവശ്യമില്ലാത്ത സ്റ്റേറ്റ്‌മെന്റ് നടത്തുന്നത്. ലാല്‍ സാറിന് ഇത് രണ്ടും നല്ല രീതിയില്‍ ബാധിക്കും.
ഇന്നസെന്റ് ഏട്ടന്റെ മരണം ഒരു വഴിക്ക് നടക്കുമ്പോഴാണ് ഏറ്റവും അടുത്ത സുഹൃത്ത് ബാഹുബലിയില്‍ കട്ടപ്പ ബാക്കില്‍ വന്ന് കുത്തിയതുപോലെ ലാല്‍ സാറിനോട് ചെയ്തത്. പുള്ളിയുടെ ഇമോഷന്‍ എന്തായിരിക്കും അപ്പോള്‍.
പ്രിയപ്പെട്ട ഒരാളുടെ മരണം, അതിന്റെ അടുത്ത ദിവസം ഏറ്റവും പ്രിയസുഹൃത്ത് തന്നെക്കുറിച്ച് പറയുന്ന കാര്യം, ഇതൊക്കെ കേള്‍ക്കുമ്പോള്‍ ലാല്‍ സാറിന് ഉണ്ടായിട്ടുള്ള വിഷമത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
പുള്ളി അതിനെ എങ്ങനെയാണ് എടുക്കുന്നതെന്ന് അറിയാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. വളരെ പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ അദ്ദേഹം ഇതിനെയെല്ലാം വളരെ മനോഹരമായിട്ടാണ് ഒഴിവാക്കി വിടുന്നതാണ്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
content highlight: actor dhyan sreenivasan about mohanlal and sreenivasan