മമ്മൂക്കയെ ഞാന്‍ തിരിച്ചറിഞ്ഞത് അന്നാണ്; അദ്ദേഹത്തിന്റെ സൗണ്ടിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് എനിക്ക് മനസിലായി: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
മമ്മൂക്കയെ ഞാന്‍ തിരിച്ചറിഞ്ഞത് അന്നാണ്; അദ്ദേഹത്തിന്റെ സൗണ്ടിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് എനിക്ക് മനസിലായി: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd January 2023, 11:40 am

ശ്രീനിവാസന്റെ തിരക്കഥയില്‍ എം.മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിവാസനും മീനയുമായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. അച്ഛന്റെ സിനിമ തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

വീട്ടില്‍ ഇരുന്ന് ആ സിനിമ കണ്ടപ്പോള്‍ തനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ലായിരുന്നുവെന്നും എന്നാല്‍ തിയേറ്ററില്‍ മമ്മൂട്ടിയുടെ ക്ലൈമാക്‌സ് സീന്‍ കണ്ട് തന്റെ കണ്ണ് നിറഞ്ഞു പോയെന്നുമാണ് ധ്യാന്‍ പറഞ്ഞത്.

മമ്മൂട്ടി എത്തുന്ന ക്ലൈമാക്‌സ് സീനാണ് ആ സിനിമയില്‍ തന്നെ പിടിച്ചു നിര്‍ത്തിയ ഘടകമെന്നും അന്നാണ് മമ്മൂട്ടിയുടെ ശബ്ദം മികച്ചതാണെന്ന് താന്‍ മനസിലാക്കിയതെന്നും ഡബ്ബില്‍ മമ്മൂട്ടി മാന്ത്രികനാണെന്നും ധ്യാന്‍ പറഞ്ഞു.

”ആ വര്‍ഷത്തെ ക്രിസ്മസിന് ഈ കഥപറയുമ്പോള്‍ റിലീസായി. ഞാനും കൂട്ടുകാരും തിയേറ്ററില്‍ പോയി കണ്ടു. രണ്ട് പ്രാവശ്യം വീട്ടിലിരുന്ന് കണ്ട ഞാന്‍, തിയേറ്ററില്‍ സിനിമയുടെ അവസാനമായപ്പോള്‍ കരഞ്ഞു. തിയേറ്ററിലിരുന്ന എല്ലാവരും കരയുന്നത് ഞാന്‍ കണ്ടു.

വീട്ടിലെത്തി ഉച്ചക്ക് അച്ഛന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇരുന്നു. സിനിമ കണ്ടോ ധ്യാന്‍ എന്ന് അച്ഛന്‍ ചോദിച്ചു. കണ്ടെന്ന് ഞാന്‍ പറഞ്ഞു. ഓടുമോ എന്ന് ചോദിച്ചപ്പോള്‍ ഓടുമെന്ന് പറഞ്ഞു. ഈ സിനിമയില്‍ ഒരു സീന്‍ മാത്രമേ ഞാന്‍ മര്യാദക്ക് എഴുതിയിട്ടുള്ളൂ എന്ന് അച്ഛന്‍ പറഞ്ഞു. അത് അവസാനത്തെ സീനാണ്. അതിന്റെ പുറകിലേക്ക് എന്ത് എഴുതിയാലും ഒരു കുഴപ്പവുമില്ല.

ആ സിനിമ നിന്നെ ഫസ്റ്റ് ഹാഫ് ബോറടിപ്പിച്ചോ എന്ന് അച്ഛന്‍ ചോദിച്ചു. ബോറടിപ്പിച്ചു എന്ന് ഞാന്‍ പറഞ്ഞു. ലാഗ് ചെയ്തോ എന്ന് ചോദിച്ചു. ചെയ്തുവെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവസാനത്തെ അഞ്ച് മിനിട്ട് നിന്നെ പിടിച്ച് നിര്‍ത്തിയോ എന്ന് ചോദിച്ചു. നിര്‍ത്തിയെന്ന് പറഞ്ഞു.

അയാളുടെ വിഷന്‍ എന്ന് പറഞ്ഞൊരു സംഭവമുണ്ട്. കാരണം ഒരൊറ്റ സീന്‍ കൊണ്ടാണ് ആ സിനിമ നില്‍ക്കുന്നത്. അതുവരെ എന്തുനടന്നാലും ആ സിനിമയെ ബാധിക്കില്ല.

ഒറ്റ സീനില്‍ മമ്മൂക്ക വന്ന് ആ ഒരു ഡയലോഗ് പറഞ്ഞതോടുകൂടി ആ സിനിമയുടെ ഗ്രാഫ് തന്നെ അങ്ങ് മാറി. സൗണ്ടിന് എന്തുമാത്രം പ്രസക്തിയുണ്ട്. ഡബ്ബില്‍ മമ്മൂക്ക എന്ന് പറയുന്ന മജീഷ്യനെ ഞാന്‍ തിരിച്ചറിഞ്ഞു,’ ധ്യാന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about mammootty