നയന്‍താര എന്ന് കേട്ടതും അച്ഛന്‍ ഓക്കേ പറഞ്ഞു, പുള്ളിക്ക് പിന്നെ കഥ കേള്‍ക്കണമെന്നില്ലായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
നയന്‍താര എന്ന് കേട്ടതും അച്ഛന്‍ ഓക്കേ പറഞ്ഞു, പുള്ളിക്ക് പിന്നെ കഥ കേള്‍ക്കണമെന്നില്ലായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd January 2023, 4:37 pm

നയന്‍താര-നിവിന്‍ പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തിലേക്ക് തന്റെ അച്ഛനെ തന്നെ കാസ്റ്റ് ചെയ്തപ്പോഴുള്ള അനുഭവം പറയുകയാണ് ധ്യാന്‍.

ചിത്രത്തിന്റെ കഥ പറയാതെ തന്നെ തന്റെ റോള്‍ പറഞ്ഞപ്പോഴേക്കും ശ്രീനിവാസന്‍ അഭിനയിക്കാന്‍ തയ്യാറായി എന്നാണ് ധ്യാന്‍ പറഞ്ഞത്. ആദ്യം താന്‍ കരുതിയത് തന്റെ അച്ഛനായത് കൊണ്ടുള്ള സ്‌നേഹം കൊണ്ടാണെന്നായിരുന്നുവെന്നും എന്നാല്‍ കഥ പറയുമ്പോള്‍ നയന്‍താരയുടെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടതെന്ന് പറഞ്ഞിരുന്നുവെന്നും താരം പറഞ്ഞു.

നയന്‍താര എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന് പിന്നെ കഥപോലും കേള്‍ക്കണമെന്നില്ലായിരുന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍മാജിക്കില്‍ വെച്ചാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ പറ്റിയ മേഖലയാണ് സിനിമ എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്.

ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ കാണുന്നത് അവിടത്തെ ഹീറോ നായകനാണ്. കാരണം അയാള്‍ക്ക് ഒമ്പത് മണിക്ക് വരാം. കാരവാന്‍, പരിചാരകര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. അപ്പോള്‍ ഞാന്‍ കരുതി നായകനാകാമെന്ന്. കാരണം പ്രത്യേകിച്ച് ആഗ്രഹമില്ലാത്ത ഒരാള്‍ക്ക് എന്ത് വേണമെങ്കിലും ആകാമല്ലോ. അങ്ങനെ ഞാന്‍ നായകനാകാമെന്ന് കരുതി.

എന്നാല്‍ രണ്ടാമത്തെ ദിവസം ചെന്നപ്പോള്‍ ഡയറക്ടര്‍ക്കാണ് പവര്‍ എന്നെനിക്ക് തോന്നി. അങ്ങനെ ഡയറക്ടറാകാമെന്ന് വിചാരിച്ചു. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി പ്രൊഡ്യൂസര്‍ക്കാണ് വിലയെന്ന്. കാരണം പൈസ ഇറക്കുന്നത് പ്രൊഡ്യൂസറാണ്. അങ്ങനെ പ്രൊഡ്യൂസറാകമെന്ന് ഞാന്‍ തീരുമാനിച്ചു.

 

ഞാന്‍ ആദ്യമായിട്ട് സംവിധായകനായ സിനിമയില്‍ ഞാന്‍ പ്രൊഡ്യൂസറായി, ഡിസ്ട്രിബ്യൂട്ടറായി, അതില്‍ ചെറിയ വേഷവും ചെയ്തു. ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത് നമ്മള്‍ക്ക് പണി അറിയില്ലെങ്കിലും പണി അറിയാവുന്നവരെ നിര്‍ത്തിയാല്‍ ആ പണി നന്നായിട്ട് പോകുമെന്നാണ്.

ലവ് ആക്ഷന്‍ ഡ്രാമ ചെയ്യുന്ന സമയത്ത് അതില്‍ അഭിനയിക്കാനായി ഞാന്‍ അച്ഛനോട് കഥ പറഞ്ഞു. കഥ പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു. കഥ പറഞ്ഞപ്പോള്‍ നയന്‍താരയുടെ അച്ഛനാണെന്ന് മാത്രമെ ഞാന്‍ പറഞ്ഞിരുന്നുള്ളു. അപ്പോഴേക്ക് അദ്ദേഹം ഓക്കെ എന്ന് പറഞ്ഞു.

ഞാന്‍ പെട്ടെന്ന് ഷോക്കായി. ഇത് എന്റെ അച്ഛനായത് കൊണ്ടാണോ അതോ നയന്‍താരയുടെ അച്ഛനാണെന്ന് കേട്ടത് കൊണ്ടാണോയെന്ന് സംശയം വന്നു. അച്ഛാ ബാക്കി കഥ കൂടി പറയട്ടെയെന്ന് ഞാന്‍ ചോദിച്ചു. വേണ്ട ഇത് ഓക്കെയാണെന്ന് പറഞ്ഞു. നയന്‍ താര എന്ന് കേട്ടതും പുള്ളിക്ക് പിന്നെ കഥ കേള്‍ക്കണമെന്നില്ലായിരുന്നു,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about love action drama