| Wednesday, 7th December 2022, 9:35 am

വിവാഹ ശേഷം മദ്യപാനം നിര്‍ത്തി, ഭാര്യ മദ്യപിക്കും ഞാന്‍ അത് നോക്കിയിരിക്കും: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്യാണത്തിന് മുമ്പ് വരെ താന്‍ ഭയങ്കര മദ്യപാനിയായിരുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍. കല്യാണ ശേഷം വെള്ളമടിയും ചീട്ടുകളിയും നിര്‍ത്തിയതാണന്നും അതിന് മുമ്പ് തന്റെ വീട് ക്ലബ് പോലെയായിരുന്നുവെന്നും ധ്യാന്‍ പറഞ്ഞു. ജാങ്കോ സ്പേസിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

”കല്യാണം കഴിഞ്ഞതിന് ശേഷം നിന്നുപോയ ഹേബിറ്റ് എനിക്ക് ഉണ്ട്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മുലം നിര്‍ത്തേണ്ടി വന്നതാണ്. ഒന്ന് സൂഹൃത്തുക്കളാണ്. ഭാര്യ പറഞ്ഞത് കൊണ്ട് നിര്‍ത്തിയതല്ല. എന്റെ വീട് ഒരു ക്ലബ് പോലെയാണ് ഞാന്‍ കൊണ്ടുനടന്നത്. അവിടെ എല്ലാം നടക്കാറുണ്ടായിരുന്നു.

ബാത്‌റൂമില്‍ ഇരുന്നായിരുന്നു മദ്യപാനവും ചീട്ടുകളിയും നടന്നിരുന്നത്. കല്യാണം കഴിച്ചപ്പോള്‍ അതൊക്കെ നിര്‍ത്തേണ്ടി വന്നു. പണ്ട് ഞാന്‍ ഭയങ്കര ചീട്ടുകളിയായിരുന്നു. ഇപ്പോള്‍ ഭാര്യയുടെ കൂടെയാണ് ചീട്ട് കളിക്കാറുള്ളത്. ഇപ്പോള്‍ ഞാന്‍ മദ്യപാനം നിര്‍ത്തി. ഭാര്യ മദ്യപിക്കും, ഞാന്‍ അത് നോക്കിയിരിക്കാറാണ്.

എന്റെ വീടിന്റെ ബാത്‌റൂം വലുതാണ്. അവിടെ തന്നെയായിരുന്നു എന്റെ കിടത്തവും വെള്ളമടിയും. പണ്ടൊക്കെ ഞാന്‍ ഭയങ്കര മദ്യപാനമായിരുന്നു. ഇപ്പോള്‍ 6,7 വര്‍ഷമായിട്ട് ഉപയോഗിക്കാറില്ല. കല്യാണത്തിന്റെ തലേ ദിവസം വരെ ബാത്‌റൂമില്‍ ഇരുന്ന് മദ്യപിച്ചിരിക്കുകയായിരുന്നു ഞാന്‍.

ചീട്ട് കളിച്ച് സമയം പോയതറിഞ്ഞില്ല. ഭാര്യ വിളിച്ചിട്ട് നാളെ കല്യാണമാണ് വരുന്നില്ലെയെന്ന് വരെ ചോദിച്ചു. പുലര്‍ച്ചയാണ് ഞാന്‍ അവിടെ എത്തുന്നത്. ഭയങ്കര മഴയായിരുന്നു കല്യാണ ദിവസം.

സ്റ്റേജ് പൊട്ടി വീണ് ഫുള്‍ തടസങ്ങളായിരുന്നു. കല്യാണത്തിന് ശേഷം പിന്നെ അങ്ങനെ കമ്പനി കൂടി മദ്യപിച്ചിട്ടില്ല. ഭാര്യയുമായിട്ട് ഇപ്പോഴും ചീട്ട് കളിക്കാറുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

വീകമാണ് ധ്യാനിന്റെ പുതിയ ചിത്രം. സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് സാഗറാണ്. സിദ്ദിഖ്, ഡെയ്ന്‍, അജു വര്‍ഗീസ്, ഷീലു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഡിസംബര്‍ 9നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

content highlight: actor dhyan sreenivasan about his wife

We use cookies to give you the best possible experience. Learn more