|

ഞാന്‍ ശ്രീനിവാസന്റെ മകനാണെന്നോ പണക്കാരനാണെന്നോ അറിയാതെയാണ് അവള്‍ പ്രേമിച്ചത്; ഒരു ചുക്കുമില്ലാത്ത ദരിദ്രവാസിയെ പെണ്‍കുട്ടികള്‍ പ്രേമിക്കരുത്: ധ്യാന്‍ ശ്രിനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാശുണ്ടെന്ന് കണ്ടതുകൊണ്ട് മാത്രം തന്നെ പ്രേമിച്ച പെണ്‍കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞ സ്‌റ്റേറ്റ്‌മെന്റില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. എന്നാല്‍ അതില്‍ തന്നെ രണ്ടു തരം ആളുകള്‍ ഉണ്ടെന്നും തന്റെ പാര്‍ട്ണരായ അര്‍പ്പിതക്ക് പക്ഷെ അച്ഛനെ അറിയില്ലായിരുന്നെന്നും ധ്യാന്‍ പറഞ്ഞു.

താന്‍ ഉഴപ്പി നടന്നപ്പോഴാണ് അര്‍പ്പിത പ്രേമിച്ചതെന്നും ഇഷ്ടത്തിലായതിന് ശേഷമാണ് ശ്രീനിവാസന്റെ മകനാണെന്ന് അറിയുന്നതന്നും ധ്യാന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കാശുണ്ടെന്ന് കണ്ടതുകൊണ്ട് മാത്രം എന്നെ പ്രേമിച്ച പെണ്‍കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞ സ്‌റ്റേറ്റ്‌മെന്റില്‍ ഇപ്പോഴും ഞാന്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. പക്ഷെ അതില്‍ തന്നെ നല്ലതും ചീത്തയുമുണ്ട്.

എന്റെ ഭാര്യ അര്‍പ്പിത എന്റെ കയ്യില്‍ കാശ് ഉണ്ടെന്ന് കരുതിയല്ല എന്നെ പ്രേമിച്ചത്. എന്റെ അച്ഛന്‍ ആരാണെന്ന് പോലും ആ സമയത്ത് അവള്‍ക്ക് അറിയില്ലായിരുന്നു. കാരണം അവള്‍ മലയാള സിനിമയൊന്നും കാണാറില്ലായിരുന്നു. ഞങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് കണ്ടു പരിചയപ്പെട്ടു. അവള്‍ക്ക് ശ്രീനിവാസന്‍ എന്ന് പറഞ്ഞ ആളെ പോലും അറിയില്ലായിരുന്നു.

പക്ഷെ എന്റെ കോമഡിയൊക്കെ ഇഷ്ടപ്പെട്ടത് കൊണ്ടാകും താല്‍പര്യം തോന്നിയത്. പിന്നീടാണ് ഞാന്‍ പണക്കാരനാണെന്ന് അവള്‍ അറിയുന്നത് പോലും. അപ്പോഴായിരിക്കാം കല്യാണം കഴിക്കാമെന്ന് തിരുമാനിച്ചത്. എന്നാല്‍ പോലും അപ്പോഴും ഇന്നത്തെ പെണ്‍ക്കുട്ടികളോട് എനിക്ക് പറയാനുള്ളത് ഒരു ചുക്കുമില്ലാത്ത ദരിദ്രവാസിയെ പ്രേമിക്കരുതെന്നാണ്. കാരണം ഇന്നത്തെ കാലത്ത് ജീവിക്കണ്ടേ.

അവര്‍ക്ക് ജോലിയുണ്ടെങ്കില്‍ പോലും മറ്റേയാള്‍ക്കും കൂടി ജോലി വേണം. പ്രേമമൊക്കെ നമ്മളറിയാതെ സംഭവിച്ച് പോകുന്നതല്ലേ. ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിലെ അത്യാവശ്യം പെണ്‍കുട്ടികളെല്ലാം പ്രൊഫൈല്‍ നോക്കിയാണ് പ്രേമിക്കുന്നത്. പ്രണയിക്കുമ്പോള്‍ ചിലപ്പോള്‍ ഇതൊന്നും നോക്കിയില്ലെങ്കിലും വിവാഹം കഴിക്കുന്ന സമയത്തും ജോലിയും കൂലിയും ഇല്ലാതെ നടക്കുകയാണെങ്കില്‍ അവര്‍ തീര്‍ച്ചയായും പറയില്ലേ.

ഞാന്‍ അന്ന് ചെന്നെയില്‍ പഠിക്കാനായി പോയപ്പോള്‍ അവിടത്തെ പെണ്‍കുട്ടികളില്‍ ഞാന്‍ കണ്ടവരെല്ലാം പ്രൊഫൈല്‍ നോക്കുന്നവരായിരുന്നു. പക്ഷെ എന്റെ ഭാര്യ അതില്‍ നിന്നും നേരെ ഓപ്പോസിറ്റാണ്. ഞാന്‍ ലോക കൂതറയായിരുന്നപ്പോഴാണ് എന്നെ അവള്‍ പ്രേമിച്ചത്. ഇഷ്്ടത്തിലായതിന് ശേഷമാണ് ഞാന്‍ ശ്രീനിവാസന്റെ മകനാണെന്ന് അവള്‍ അറിയുന്നത്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about his wife