| Thursday, 25th May 2023, 1:57 pm

അച്ഛാ കുഴപ്പമില്ല, തള്ളിക്കോ എന്ന് ഞാന്‍ പറഞ്ഞു; ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷേട്ടന്റെ എക്‌സ്പ്രഷനായിരുന്നു അപ്പോള്‍ അച്ഛന്റെ മുഖത്ത് : ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മകളെ കുറിച്ചും മകള്‍ക്ക് തന്റെ അച്ഛനോടുള്ള അടുപ്പത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വയ്യാതിരിക്കുന്ന അവസ്ഥയിലും മകള്‍ക്ക് സൈക്കിള്‍ ഉന്തിക്കൊടുക്കുന്ന അച്ഛനെ കുറിച്ചുള്ള രസകരമായ കഥയാണ് ധ്യാന്‍ പങ്കുവെക്കുന്നത്.

അച്ഛനും താനും ചേട്ടനുമെല്ലാം സിനിമയില്‍ അഭിനയിക്കുന്നവരാണെന്ന കാര്യമൊക്കെ മകള്‍ക്ക് അറിയാമെങ്കിലും വലിയ വിലയൊന്നും തങ്ങള്‍ക്ക് അവള്‍ തരാറില്ലെന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മകളെ സിനിമയില്‍ കൊണ്ടുവരുമോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

‘മോള്‍ക്ക് സിനിമയില്‍ താത്പര്യം തോന്നാന്‍ ഉള്ള പ്രായം ഒന്നും ആയിട്ടില്ല. ഞാന്‍ അനുഭവിച്ച അതേ അവസ്ഥകളൊക്കെ ആണ് ഇത്. നാലു വയസുള്ളപ്പോള്‍ എന്നോട് ചോദിച്ചിട്ടുണ്ട് അച്ഛനെപ്പേലെ എഴുതുമോ എന്നൊക്കെ. ഞാനും അച്ഛനും സിനിമയിലാണെന്നൊക്കെ അവള്‍ക്ക് അറിയാം.

അച്ഛനുമായിട്ട് ഭയങ്കര അടുപ്പമാണ് അവള്‍ക്ക്. അച്ഛനെ അവളും അച്ഛാ എന്ന് തന്നെയാണ് വിളിക്കുന്നത്. അച്ഛന് ഭയങ്കര കാര്യമാണ് അവളെ. അവളുടെ വല്ല്യച്ഛന്‍, അതായത് ചേട്ടന്‍, ഞങ്ങള്‍ എല്ലാവരും സിനിമയിലാണെന്ന് അവള്‍ക്കറിയാം. അറിഞ്ഞിട്ടും ഞങ്ങളെ ഒരു വിലയുമില്ല (ചിരി).

അച്ഛനെകൊണ്ട് ചില ദിവസങ്ങളില്‍ അവളുടെ സൈക്കിള്‍ ഉന്തിക്കാറുണ്ട്. അച്ഛന്‍ സിനിമയിലാണ്, സിനിമക്കാരനാണ്, ഫേമസ് ആണ്, ആളുകള്‍ അച്ഛനെ കാണുമ്പോള്‍ തിരിച്ചറിയും എന്നൊക്കെയറിയാം. അപ്പോള്‍ അവളുടെ ചിന്ത എന്ന് പറയുന്നത് അങ്ങനെയുള്ള ആളുകളെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുക എന്നതാണ് (ചിരി).

സൈക്കിള്‍ ഉന്തിപ്പിച്ചുകൊണ്ട്, പുഷ് അച്ഛാ വാട്ട് ആര്‍ യൂ ഡൂയിങ് എന്നൊക്കെയാണ് ചോദിക്കുക. ഒരു ദിവസം ഞാന്‍ കാണുന്നത് എന്തെന്നുവെച്ചാല്‍ അച്ഛന്‍ ഇവളുടെ സൈക്കിള്‍ ഉന്തിക്കൊടുക്കുകയാണ്. അച്ഛന് അല്ലെങ്കിലേ നടക്കാന്‍ വയ്യ. അസുഖമായിട്ടിരിക്കുന്ന അച്ഛനെക്കൊണ്ട് അവള്‍ സൈക്കിള്‍ ഉന്തിപ്പിച്ച് അവള്‍ ഇങ്ങനെ അതും ഓടിച്ചുകൊണ്ട് വരുകയാണ്.

അപ്പോള്‍ ഞാന്‍ ഇറങ്ങി വരുന്നത് അച്ഛന്‍ കണ്ടു. അച്ഛന്‍ ലെജന്‍ഡും, ജീനിയസുമൊക്കെ ആണല്ലോ, ജീനിയസ് ഈ സൈക്കിളും ഉന്തിക്കൊണ്ട് പോകുകയാണ്. എന്നെ കണ്ടപ്പോള്‍ പെട്ടെന്ന് അച്ഛന്‍ ആകെ പകച്ചു. എന്നിട്ട് പറഞ്ഞു, അത് പിന്നെ അവള്‍ പറഞ്ഞപ്പോള്‍ ഞാനത്… സൈക്കിള്‍ ഉന്താന്‍ പറഞ്ഞത് കൊണ്ട് ചെയ്തതാ എന്ന്. ജഗദ്ദീഷ് ഇന്‍ ഹരിഹര്‍ നഗറില്‍ ചെയ്ത പോലത്തെ എക്സ്പ്രഷന്‍ ആയിരുന്നു അപ്പോള്‍ അച്ഛന്റെ മുഖത്ത്.

അപ്പാള്‍ ഞാന്‍, അച്ഛാ കുഴപ്പമില്ല തള്ളിക്കോ എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഒരു നില്‍പ്പുനിന്നു. ‘ഇത് ഞാന്‍ ചെയ്തത് മോശമായിപ്പോയി അല്ലെങ്കില്‍ ഇത് ഞാന്‍ ചെയ്യേണ്ടിരുന്നില്ല, അവള്‍ പറഞ്ഞത് കൊണ്ട് ഞാന്‍ ചെയ്തതാണ്’ എന്ന രീതിയിലുള്ള പല ഭാവങ്ങള്‍ ഉണ്ടായിരുന്നു അച്ഛന്റെ മുഖത്ത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

നദികളില്‍ സുന്ദരി യമുന, ആപ് കേസെ ഹോ തുടങ്ങിയവയാണ് ധ്യാനിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Content Highlight: Actor Dhyan Sreenivasan about his Daughter attchment with Sreenivasan

Latest Stories

We use cookies to give you the best possible experience. Learn more