മൂന്നര വയസായ തന്റെ മകളെ എല്ലാ സിനിമകളും കാണിക്കാറുണ്ടെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ചെറുപ്പത്തിലൊന്നും പലരും കുട്ടികളെ ഹൊറര്‍, ത്രില്ലര്‍ ഴോണറിലുള്ള സിനിമകള്‍ കാണിക്കാറില്ലെന്നും പിന്നെ കണ്ട് പേടിക്കേണ്ടെന്ന് ഓര്‍ത്ത് താന്‍ ഇപ്പോള്‍ തന്നെ കാണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമയാണെന്നും റിയാലിറ്റിയല്ലെന്നൊക്കെ ഇപ്പോള്‍ മകള്‍ക്ക് വ്യക്തമായി അറിയാമെന്നും തന്നേക്കാള്‍ ഓര്‍മശക്തിയുണ്ടെന്നും ധ്യാന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സിനിമ കാണുമ്പോള്‍ ഞാന്‍ എല്ലാ സിനിമയും അവളെയും കാണിക്കാറുണ്ട്. ഹൊറര്‍ സിനിമ, ത്രില്ലര്‍ തുടങ്ങി എല്ലാം കാണിക്കും. പിന്നെ എപ്പോഴെങ്കിലും കണ്ടിട്ട് പേടിക്കേണ്ടല്ലോ. ചിലരൊന്നും കുട്ടികളെ ആദ്യമൊന്നും ഇത്തരം സിനിമകള്‍ കാണിക്കില്ല. ഞാന്‍ നേരെ തിരിച്ചാണ് ആലോചിക്കുന്നത്.
ഇത് സിനിമയാണ് റിയാലിറ്റിയല്ലെന്നൊക്കെ പറഞ്ഞാല്‍ അവള്‍ക്കിപ്പോള്‍ അറിയാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ അവളെ ഒരു സിനിമ കാണിച്ചു. മര്‍ഡര്‍ ഹിസ്റ്ററിയാണ്. പൊലീസ് വരും അയാള്‍ മരിച്ചു എന്നൊക്കെ അവള്‍ക്ക് ഞാന്‍ പറഞ്ഞ് കൊടുക്കുകയാണ്. എനിക്ക് എല്ലാം മനസിലാകുന്നുണ്ടെന്ന് അവള്‍ പറഞ്ഞു.
പൊലീസ് വന്നാല്‍ അന്വേഷണം നടത്തും കൊലപാതകം നടത്തിയ ആളെ കോടതിയില്‍ കൊണ്ടുപോയി ശിക്ഷിക്കുമെന്നൊക്കെ അവള്‍ക്ക് ഇപ്പോള്‍ അറിയാം. പെട്ടെന്ന് എന്നോട് പറഞ്ഞു, കൊലപാതകി ഒരു മണ്ടനാണെന്ന്. അതെന്താണെന്ന് ഞാന്‍ ചോദിച്ചു.
പൊലീസ് ഫിംഗര്‍ പ്രിന്റ് ചെക്ക് ചെയ്യുന്നതൊക്കെ അവള്‍ക്ക് അറിയാം. ഞാന്‍ തന്നെ പറഞ്ഞു കൊടുത്തതാണ്. എപ്പോഴോ പറഞ്ഞു കൊടുത്ത കാര്യം എനിക്ക് ഓര്‍മ ഇല്ലായിരുന്നു.
ഫിംഗര്‍ പ്രിന്റ്‌സിന്റെ കാര്യം എന്താണെന്ന് ഞാന്‍ അവളോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി എന്നെ അതിശയിപ്പിച്ചു. പപ്പാ… കൊലപാതകം നടത്തുന്നതിന് മുമ്പേ ഗ്ലൗസ് ധരിച്ചാല്‍ ഫിംഗര്‍ പ്രിന്റ് കിട്ടില്ലെന്ന് അവള്‍ പറഞ്ഞു.
ഇവള്‍ എന്നെ കൊന്നാലോയെന്ന് വരെ ഞാന്‍ പെട്ടെന്ന് ആലോചിച്ചു. മൂന്നര വയസ് ആയിട്ടേ ഉള്ളൂ, ഗ്ലൗസ് ഇട്ട് കഴിഞ്ഞാന്‍ ഫിംഗര്‍ പ്രിന്റ്‌സ് വരില്ലെന്ന് അവള്‍ക്ക് അറിയാം. പെട്ടെന്ന് തന്നെ ഞാന്‍ ആ സിനിമ ഓഫാക്കി,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
content highlight: actor dhyan sreenivasan about his daughter